ലണ്ടൻ: ഇംഗ്ലണ്ട് ലെഫ്റ്റ് ബാക്ക് ബെൻ ചിൽവെൽ ഖത്തർ ലോകകപ്പിൽ പന്തുതട്ടാനുണ്ടാവില്ല. ഡൈനാമോ സഗ് രിബിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ തുടയിലെ പേശിക്ക് പരിക്കേറ്റ താരത്തിന് ലോകകപ്പ് നഷ്ടമാവുമെന്ന് ചെൽസി അധികൃതർ വ്യക്തമാക്കി.
ലോകകപ്പ് സ്വപ്നം നഷ്ടമാവുന്നത് വേദനജനകമാണെന്ന് ചിൽവെൽ പറഞ്ഞു. ഇംഗ്ലണ്ട് പ്രതിരോധത്തിലെ ഇടതുപാർശ്വത്തിലെ ഇടത്തിനായി മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ലൂക് ഷാക്കൊപ്പം മത്സരിക്കുകയായിരുന്നു ചിൽവെൽ. ചെൽസി താരം പുറത്തായതോടെ ന്യൂകാസിൽ യുനൈറ്റഡിന്റെ കീരൺ ട്രിപ്പിയർക്ക് സാധ്യതയേറി.
ലോകകപ്പ് അടുത്തുവരുന്നതോടെ പരിക്കിന്റെ രൂപത്തിൽ ഇംഗ്ലണ്ട് കോച്ച് ഗാരെത് സൗത്ത്ഗെയിറ്റിന്റെ നെഞ്ചിടിപ്പ് കൂടുകയാണ്. ചെൽസിയുടെ റൈറ്റ് ബാക്ക് റീസ് ജെയിംസ്, മാഞ്ചസ്റ്റർ സിറ്റി താരങ്ങളായ മിഡ്ഫീൽഡർ കാൽവിൻ ഫിലിപ്സ്, റൈറ്റ് ബാക്ക് കെയ്ൽ വാക്കർ തുടങ്ങിയവരൊക്കെ പരിക്കിന്റെ പിടിയിലാണ്. അന്തിമ ടീം പ്രഖ്യാപിക്കേണ്ട ഈ മാസം 13നകം ഇവരൊക്കെ പരിക്കിൽനിന്ന് മോചിതരാവുന്ന കാര്യം ഉറപ്പില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.