നെയ്മറില്ലെങ്കിലും ഈ പ്രതിരോധനിരയാണ് ടിറ്റെയുടെ ബ്രസീലിന് കരുത്ത്

സാക്ഷാൽ പെലെയിൽ തുടങ്ങി റൊണാൾഡോ നൊസാരിയോയും റൊണാൾഡീഞ്ഞോയും വരെ നീളുന്ന പട്ടികക്കൊപ്പം ചേർത്തുനിർത്താൻ ടിറ്റെയുടെ ബ്രസീൽ സംഘത്തിലുള്ള വലിയ പേരാണ് നെയ്മർ. ബ്രസീൽ ജഴ്സിയിൽ ഏറ്റവും കൂടുതൽ ഗോളുകളെന്ന പെലെയുടെ റെക്കോഡിനൊപ്പമെത്താൻ രണ്ടെണ്ണം കൂടി മതി താരത്തിന്. പക്ഷേ, ഖത്തർ ലോകകപ്പിലെ ആദ്യ ഗ്രൂപ് മത്സരത്തിൽ കടുത്ത ടാക്ലിങ്ങിൽ വീണുപോയ നെയ്മർ ഇനി നോക്കൗട്ടിലേ ഇറങ്ങാനാകൂ എന്ന നിലയിലാണ്. രണ്ടു പതിറ്റാണ്ടിനു ശേഷം കിരീടം പിടിക്കാനിറങ്ങുന്ന കാനറികൾക്കു പക്ഷേ, അത് ചെറിയ ആധിയേ നൽകുന്നുള്ളൂ എന്ന് കഴിഞ്ഞ കളികൾ വ്യക്തമാക്കുന്നു.

രണ്ടു കളികളിലായി എതിർവലയിൽ ഗോ​ളുക​ളേറെ അടിച്ചുകയറ്റാൻ സാംബ സംഘത്തിനായിട്ടില്ലെങ്കിലും ഒരു ഗോൾ പോലും അവർ വഴങ്ങിയിട്ടില്ല. ഗോൾ ലക്ഷ്യമാക്കി ബ്രസീൽ പോസ്റ്റിലേക്ക് ഒരു ഷോട്ടു പോലും വന്നിട്ടുമില്ല. ഗോളുകളേറെ വേണ്ടെന്ന തരത്തിലായിരുന്നു സ്വിറ്റ്സർലൻഡിനെതിരെ ടീമിന്റെ പ്രകടനം. പലപ്പോഴും ഗോളിലേക്ക് നിറയൊഴിക്കാമായിരുന്ന നീക്കങ്ങൾ അവസാന നിമിഷം വേണ്ടെന്നുവെച്ച് കൂടുതൽ സുരക്ഷിതമായി കളിക്കാൻ കാത്തുനിൽക്കുംപോ​ലുള്ള അപൂർവ മനോഹരമായ ഗെയിം. ലോകകപ്പ് ഗ്രൂപ് മത്സരങ്ങളിൽ 17 കളികൾ തുടർച്ചയായി തോൽക്കാത്തവരെന്ന റെക്കോഡും ഇതോടെ ടീമിനു സ്വന്തം. അത്ര കരുത്തരുടെ ഗ്രൂപ്പല്ലാത്തതിനാൽ കളികൾ കാണാനിരി​ക്കുന്നേയുള്ളൂവെന്ന് പറയാമെങ്കിലും ഈ ടീമിൽ വിശ്വാസമർപ്പിക്കാമെന്ന് ടിറ്റെ ഉറപ്പുനൽകുന്നു.

ഗോൾവലക്കു മുന്നിൽ ലിവർപൂളിന്റെ വിശ്വസ്തനായ കാവൽക്കാരൻ അലിസൺ ബെക്കറിൽ തുടങ്ങുന്ന നിരയുടെ കരുത്തായി വെറ്ററൻ താരം തിയാഗോ സിൽവ, മാർക്വിഞ്ഞോസ് എന്നിവർ പിൻനിര കാക്കുമ്പോൾ സെൻട്രൽ ഡിഫെൻസ് കൂടി കാത്ത് കാസമീറോയുമുണ്ട്. മുന്നിലിറങ്ങി എതിർപെനാൽറ്റി ബോക്സ് വരെ അതിവേഗം പാഞ്ഞെത്തുന്ന കാസമിറോ പിൻനിര കൂടി കാത്തുനിൽക്കുന്ന കാഴ്ച കോച്ചിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.

ലോകം കപ്പുതേടിയെത്തുന്ന കായിക മാമാങ്കത്തിൽ മുൻനിരയെക്കാൾ കരുത്തുകാട്ടേണ്ടത് പ്രതിരോധമാണ്. കഴിഞ്ഞ തവണ ചാമ്പ്യന്മാരായ ഫ്രാൻസ് ആറു ഗോളുകൾ വാങ്ങിക്കൂട്ടിയിട്ടും അവസാന ചിരിയുമായി മടങ്ങിയത് വസ്തുതയാകാം. എന്നാൽ, 2010ൽ ജയിച്ച സ്​പെയിൻ ഏഴു കളികളിലായി രണ്ടു ഗോൾ മാത്രമാണ് വഴങ്ങിയത്. 2006ൽ ഇറ്റലിയും 1998ൽ ഫ്രാൻസും വാങ്ങിയതും അത്രതന്നെ. അതേ നേട്ടം ആവർത്തിക്കാൻ ഇത്തവണ ബ്രസീലിനാകുമെന്ന് ടിറ്റെ കണക്കുകൂട്ടുന്നു.

കഴിഞ്ഞ കളിയിൽ സ്വിസ് പൂട്ടു തകർത്ത് കണ്ണഞ്ചിക്കുന്ന ഗോൾ നേടിയ കാസമീറോ ലോകത്തെ ഏറ്റവും മികച്ച മിഡ്ഫീൽഡറാണെന്ന് മത്സര ശേഷം നെയ്മർ വിശേഷിപ്പിച്ചിരുന്നു. പി.എസ്.ജിയിൽ തുടർച്ചയായ ഏഴു വർഷം ഒന്നിച്ചുകളിച്ചവരാണ് ബ്രസീൽ പ്രതിരോധത്തിലെ സിൽവ- മാർക്വിഞ്ഞോസ് കൂട്ടുകെട്ട്. പ്രായം 38ലെത്തിയിട്ടും സിൽവയുടെ ബൂട്ടുകളിൽനിന്ന് ഇത്തവണ പിഴവൊന്നും വന്നില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയം. 2014ലെ ലോകകപ്പ് ഫൈനലിൽ ജർമൻ പട സെലിക്കാവോകൾക്കുമേൽ അശ്വമേധം നടത്തിയപ്പോൾ പിഴവേറെ വരുത്തി സിൽവയുമുണ്ടായിരുന്നു. വർഷങ്ങൾക്കിടെ എല്ലാം മാറ്റിയെഴുതിയ സിൽവ ഇന്ന് ടിറ്റെയുടെ പ്രതിരോധത്തിലെ തുരുപ്പുചീട്ടാണ്. 

Tags:    
News Summary - In spite of Neymar’s absence, Tite’s Brazil revolves around strong defence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.