ഇരുമ്പുപാലത്ത് സ്ഥാപിച്ച റൊണാൾഡോയുടെ കൂറ്റൻ കട്ടൗട്ട്, വഴിത്തലയിലെ ഫുട്ബാൾആരാധകർ മെസ്സിയുടെ കൂറ്റൻ കട്ടൗട്ട് സ്ഥാപിക്കാനുള്ള
ഒരുക്കത്തിൽ
ലോകകപ്പിന്റെ പന്ത് ഖത്തറിൽ ഉരുണ്ടുതുടങ്ങുമ്പോൾ
അണക്കെട്ടിന്റെ നാട്ടിലും ആവേശം അണപൊട്ടുകയാണ്.
മലനാടിന്റെ സിരകളിൽ ഇപ്പോൾ ഫുട്ബാൾ മാത്രമാണ്.
പ്രിയതാരങ്ങളുടെ കട്ടൗട്ടുകൾ ഉയർന്നും ഇഷ്ടടീമുകളുടെ കൊടികൾ പറന്നും എങ്ങും ആവേശമുഖരിതമാണ്.
ഫാൻപോരുകളും ചായക്കടകളിലെ ചർച്ചയും
ഫുട്ബാളിലേക്ക് വഴിമാറുന്നു. ഇഷ്ട ടീമുകളും
കളിക്കാരും കളിക്കളത്തിൽ പോരാട്ടത്തിനിറങ്ങുമ്പോൾ ഇടുക്കിയുടെ പ്രിയ നേതാക്കളും
ഫുട്ബാൾ താരങ്ങളും മനസ്സ് തുറക്കുന്നു
- തങ്ങളുടെ ഫുട്ബാൾ വിശേഷങ്ങളുമായി..
ബ്രസീലിനെയും അർജന്റീനയെയും ഒരുപോലിഷ്ടം
ബ്രസീലും അർജന്റീനയുമാണ് ഇഷ്ട ടീമുകൾ. ലാറ്റിനമേരിക്കൻ ഫുട്ബാളിന്റെ ആവേശവും സൗന്ദര്യവും ഒത്തുചേരുന്ന ഒരു ഫൈനലാണ് പ്രതീക്ഷിക്കുന്നത്. ലോകകപ്പ് ഫുട്ബാളിന്റെ ആവേശം പറഞ്ഞറിയിക്കാൻ കഴിയാത്തതാണെന്ന് ആരാധകരിൽ നിന്ന് ഇതിനകം തന്നെ ബോധ്യപ്പെട്ട് കഴിഞ്ഞു. ഇത്രത്തോളം മനുഷ്യനെ സ്വാധീനിച്ച മറ്റൊരു കളിയില്ല. ജയ പരാജയങ്ങൾ അനിവാര്യമാണ്. അതിലുപരി ഈ ടീമുകൾ നൽകുന്ന പോസിറ്റിവ് എനർജി കളിക്കാർക്കും ഫുട്ബാൾ പ്രേമികൾക്കും നൽകുന്ന ആവേശം അതിനും മേലെയാണ്. ഒത്തൊരുമയാണ് ഫുട്ബാളിൽ നിന്ന് ഉൾക്കൊള്ളേണ്ടത്. വോളിബാളാണ് കുട്ടിക്കാലത്ത് കൂടുതലായി കളിച്ചിരുന്നത്. ഇതിന്റെ ഇടവേളകളിലായിരുന്നു കാൽപന്ത് കളി. ലോകപ്പ് ഫുട്ബാൾ മത്സരങ്ങൾ കാണാൻ ചെറുപ്പത്തിൽ അയൽ വീടുകളിൽ പോയതും ഓർമവരുന്നു.
റോഷി അഗസ്റ്റിൻ (ജലവിഭവ മന്ത്രി)
കപ്പടിക്കും അർജന്റീന
ഇത്തവണ അര്‍ജന്റീന കിരീടം നേടുമെന്നാണ് വിശ്വാസം. മറഡോണയുടെ കാലം മുതൽ അർജന്റീനക്കൊപ്പമാണ്. മികച്ച മത്സരങ്ങളാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. മന്ത്രിയായിരുന്നപ്പോൾ ലോകകപ്പ് മത്സരം നടക്കുന്ന സമയത്ത് ഒരു കാരണവശാലും വൈദ്യുതി മുടങ്ങരുതെന്ന് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിരുന്നു. അതിന് പിന്നിൽ ആരാധകരുടെ നിരന്തരമായ ആവശ്യമായിരുന്നു. ആശാനെ ഇന്ന് കളിയുള്ളതാണേ. കറന്റ് ഒന്ന് നോക്കിക്കോണേ എന്നും മറ്റും നിരവധി പേർ വിളിക്കുമായിരുന്നു. ആരാധകരുടെ നിർദേശത്തെ തുടർന്ന് കഴിഞ്ഞ തവണ പ്രത്യേക യോഗം തന്നെ വിളിച്ച് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിരുന്നു. ചിലയിടങ്ങളിൽ കറണ്ട് പോകുമ്പോൾ എന്റെ നമ്പറിൽ നേരിട്ട് വിളിച്ച് ആ സെക്ഷൻ ചാർജുള്ള ആളുടെ നമ്പർ ഒന്ന് തന്നേ എന്ന് ചോദിച്ച ഫുട്ബോൾ ആരാധകൻ വരെയുണ്ട്. ക്രിക്കറ്റിനോട് ഇഷ്ടമുണ്ടെങ്കിലും ഒരു പടി മുന്നിൽ ഫുട്ബാൾ തന്നെ. മനസ്സ് വെച്ചാൽ നമ്മുടെ നാട്ടിലും പുതിയ താരങ്ങളുണ്ടാകും.
എം.എം മണി ( ഉടുമ്പൻചോല എം.എൽ.എ)
ഇഷ്ട താരം റൊണാൾഡോ; കപ്പ് ജർമനിക്ക്
ഇഷ്ടതാരം റൊണാൾഡോയും ടീം പോർച്ചുഗലും ആണെങ്കിലും കപ്പ് അവർ അടിക്കാൻ സാധ്യത കുറവാണ് .ജർമനി ഇത്തവണ കിരീടം ചൂടുമെന്ന് കരുതുന്നു. ടീമിലെ ഏഴ് പേർ മികച്ചയാളുകളാണ്. ഇവർ ഒത്തൊരുമയോടെ മുന്നേറിയാൽ ഇത് ടീമിനെ വിജയത്തിലേക്ക് നയിക്കും. വൈദ്യുതി വകുപ്പിൽനിന്ന് റിട്ടയറായെങ്കിലും ഫുട്ബാൾ ആവേശത്തിന് ഒരിക്കലും പ്രായം തട്ടിയിട്ടില്ല. എന്നും രാവിലെ അറക്കുളത്ത് ഗ്രൗണ്ടിലെ ത്തി പന്ത് തട്ടും. വിദ്യാർഥികൾക്കും മുതിർന്നവർക്കും ഈ സമയം പരിശീലനവും നൽകുന്നു. സർവീസിലിരിക്കെ കെ.എസ്.ഇ.ബിയുടെ മികച്ച കളിക്കാരനാകാൻ ഭാഗ്യം ലഭിച്ചു. പഠന കാലത്ത് കേരള യൂനിവേഴ്സിറ്റിക്ക് വേണ്ടി എട്ട്ഗോളുകൾ അടിച്ചിട്ടുണ്ട്. കേരള സ്കൂൾ, യൂനിവേഴ്സിറ്റിക്ക് വേണ്ടി ശ്രീനഗറിൽ വെച്ച് നടന്ന മത്സരത്തിലും പങ്കെടുക്കാൻ സാധിച്ചു.
കെ. ഗണേഷ് (മുൻ കേരള യൂനിവേഴ്സിറ്റി താരം)
ഓരോ ഗ്രാമത്തിലും ആവേശം
പതിവിലും വർധിച്ച ആവേശമാണ് ഇടുക്കിയിലെ ഓരോ ഗ്രാമങ്ങളിലും. എങ്ങും മെസിയും റൊണോൾഡോയും തലയുയർത്തി നിൽക്കുന്നു. കായികപ്രേമികളുടെ ആവേശത്തിനൊപ്പം ജില്ലയിലും ഒട്ടേറെ പരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ട്.
ജില്ലയില്‍ 71 കേന്ദ്രങ്ങളില്‍ കുട്ടികള്‍ക്ക് 10 ദിവസത്തെ പരിശീലനം നല്കി വരുന്നുണ്ട്. ഇവിടങ്ങളിൽ ഫുട്ബാളും 3000 രൂപയും വെച്ച് നൽകി വരുന്നു. സ്കൂളുകൾ, കോളജുകൾ,ക്ലബകുൾ എന്നിവിടങ്ങളിലാണ് നൽകുന്നത്.
മത്സരം തുടങ്ങുന്നത് മുതല്‍ സ്പോര്‍ട്സ് കൗണ്‍സില്‍ നേതൃത്വത്തില്‍ ബിഗ് സ്ക്രീന്‍ പ്രദര്‍ശനവും ഒരുക്കാനുദ്ദേശിക്കുന്നുണ്ട്. കായിക വകുപ്പിന്റെ വൺ മില്യൺ ഗോൾ പരിപാടിക്കും ജില്ലയിൽ വലിയ ആവേശമാണ് ലഭിക്കുന്നത്. ഇടുക്കി, ചെറുതോണിയടക്കം മേഖലകളിൽ വലിയ ആവേശമാണ്. ലഹരിക്കെതിരായ ക്യാമ്പയനായി കൂടി ഈ പ്രചാരണം മാറുന്നതോടെ നാടെങ്ങും ഫുട്ബാൾ ലഹരിയായി മാറുകയാണ്. വ്യക്തിപരമായി അർജന്റീനക്കൊപ്പമാണ് മനസ്സ്. അവർ തന്നെ കപ്പടിക്കുമെന്നാണ് വിശ്വാസവും.
റോമിയോ സെബാസ്റ്റിൻ ( ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്)
ആരവത്തിലലിയാൻ മലയാളികളും
കളി ആരവത്തിലലിയാൻ കാണാൻ ആയിരക്കണക്കിന് മലയാളികളാണ് ഖത്തറിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. വിപുലമായ സജ്ജീകരണമാണ് ഖത്തർ ഭരണകൂടം ഒരുക്കിയിരിക്കുന്നത്. ലോകകപ്പ് മത്സരം നേരിട്ട് കാണണമെന്ന ഒറ്റ ആഗ്രഹം കൊണ്ട് ഈ മാസം ആദ്യം തന്നെ ഖത്തറിലെത്തിയത്. കളി നടക്കുന്ന എട്ട് സ്റ്റേഡിയങ്ങളിൽ അഞ്ചും സന്ദർശിച്ച് കഴിഞ്ഞു. കാലാവസ്ഥയും വളരെ അധികം അനുകൂലമാണ്. ഫൈനൽ മത്സരവും കണ്ടശേഷമേ കേരളത്തിലേക്ക് മടക്കമുള്ളു. എന്റെ ഇഷ്ട ടീം ബ്രസീലാണ്. എന്നാൽ ഇഷ്ടതാരം പോർച്ചുഗലിന്റെ റൊണാൾഡോയാണ്. ബ്രസീൽ, അർജന്റീന, ജർമനി ഇവരിൽ ആരെങ്കിലും കപ്പ് അടിക്കുമെന്നാണ് പ്രതീക്ഷ. ഇംഗ്ലണ്ടും മികച്ച പ്രകടനം കാഴ്ചവെക്കും.
ടോമി കുന്നേൽ (കേരള ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ്)
മെസ്സിയോടിഷ്ടം
അർജന്റീനയോടും മെസിയോടുമാണ് ഏറെ ഇഷ്ടം. ഫുട്ബാളായിരുന്നു. ചെറുപ്പ കാലത്തെ പ്രധാന വിനോദം. ഫുട്ബാൾ കളിയുടെ സ്വീകാര്യത അതിശയപ്പെടുത്തുന്നതാണ്. അതുപോലെ ആരാധകരുടെ ആവേശവും. കൂടി വരുന്നതല്ലാതെ അതിനൊരു കുറവും ഇതുവരെ വന്നിട്ടില്ല.
കോളജ് പഠനകാലത്ത് നന്നായി ഫുട്ബാൾ കളിച്ചിരുന്നു. മുൻ ലോകപ്പുകളിലെ പ്രധാന ടീമുകളുടെ കളികൾ മുടങ്ങാതെ കണ്ടിരുന്നു. അതിനായി സമയം കണ്ടെത്തുകയും ചെയ്യും. ഇത്തവണയും കളി കാണാൻ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ട്.
പി.ജെ. ജോസഫ് (തൊടുപുഴ എം.എൽ.എ)
പെരുത്തിഷ്ടം ബ്രസീലിനോട്
ബ്രസീൽ ആരാധകനായതിനാൽ കപ്പടിക്കുന്നതും ബ്രസീലാകണമെന്നാണ് ആഗ്രഹം. പല ടീമുകളെയും ഇത്തവണ ഒഴിവാക്കാൻകഴിയില്ല. ജർമനി, ഹോളണ്ട് എന്നിവ ഉദാഹരണമാണ്. ഇവർക്കും ഇത്തവണ അവസരമുണ്ട്. ഹോളണ്ടിന്റെ തിരിച്ച് വരവ് കാണാൻ ആഗ്രഹമുണ്ട്. ഇംഗ്ലണ്ട് അത്ഭുതം കാണിക്കാൻ സാധ്യതയുണ്ട്. മലയാളികൾ ഒരുപക്ഷേ ഏറ്റവും കൂടുതൽ പേർ നേരിട്ട് കാണുന്ന ഒരു ലോകകപ്പ് കൂടിയാകും ഇത്. എന്റെ നാടായ ഇടുക്കിയിൽ അർജന്റീന, ബ്രസീൽ ആരാധകർ പ്രചാരണ പോരാട്ടം കടുപ്പിച്ചു കഴിഞ്ഞു. എന്റെ ഫുട്ബാൾ തുടക്കം തന്നെ മൂലമറ്റം സ്കൂൾ ഗ്രൗണ്ടിലായിരുന്നു. കെ.എസ്.ഇ.ബി കോളനിയിലെ വികാസ് ഫുട്ബാൾ ക്ലബിലൂടെ ബാലപാഠങ്ങൾ പഠിച്ചു. കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫി നേടി എത്തിയപ്പോഴും നാടിന്റെ ഫുട്ബാൾ ആവേശം നേരിട്ട് അനുഭവിച്ചതാണ്. അടിപൊളി ഫാൻ ഫൈറ്റാണ് ഇത്തവണയും നാട്ടിൽ നടക്കുന്നത്.
എൻ.പി. പ്രദീപ് (ഫുട്ബാൾ താരം)
ആരാധകരെ ശാന്തരാകുവിൻ 70 അടി ഉയരത്തിൽ മെസ്സിയുടെ കട്ടൗട്ട്
തൊടുപുഴ : വഴിത്തലയിലെ ഫുട്ബാൾ ആരാധകരുടെ ആവേശം അൽപം പൊക്കത്തിൽ തന്നെയാണ് . ഇതിഹാസ താരം ലയണല്‍ മെസ്സിയുടെ 70 അടി ഉയരത്തിലുള്ള കട്ടൗട്ടാണ് ഇവിടെ ആരാധകര്‍ സ്ഥാപിച്ചത്. പൂര്‍ണമായും കൈകൊണ്ടാണ് കട്ടൗട്ട് വരച്ചതെന്നതാണ് ഇതിന്റെ പ്രത്യേകത.
രണ്ടാഴ്ച നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇത്ര ഉരയത്തിലുള്ള കട്ടൗട്ട് പൂര്‍ത്തിയാക്കിയത്. പ്രതിഫലം വാങ്ങാതെ രാജി, രാജേഷ് എന്നീ സഹോദരന്മാരാണ് ഈ കട്ടൗട്ടില്‍ മെസ്സിയുടെ ചിത്രം വരച്ചത്.
കട്ടൗട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഒന്നര ലക്ഷത്തോളം രൂപ ചെലവഴിച്ചു. റിക്കോ എനര്‍ജി ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ്, ലാലാ ലാന്‍ഡ് എന്നിവയുടെ സ്പോണ്സര് ഷിപ്പിലാണ് കട്ടൗട്ട് നിര്‍മിച്ച് സ്ഥാപിച്ചത്. കട്ടൗട്ട് സ്ഥാപിക്കാനായി വഴിത്തലയില്‍ നടത്തിയ ഘോഷയാത്രയില്‍ കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ നിരവധിയാളുകള്‍ പങ്കെടുത്തു. ദൃശ്യം സിനിമയിലെ ജോർജ്കുട്ടിയുടെ വീടിന്റെ ചിത്രീകരണം നടന്ന അതേ വീടിന് മുന്നില്‍ എല്ലാവരുടെയും ശ്രദ്ധ കിട്ടും വിധം റോഡരികിലാണ്സ്ഥാപിച്ചിരിക്കുന്നത്.
ആവേശത്തിൽ ഇരുമ്പുപാലവും പത്താംമൈലും
അടിമാലി : മെസ്സിയും നെയ്മറും അരങ്ങുവാണ നാട്ടിൽ ഇവരെ കടത്തിവെട്ടി റോണാൾഡോ. ഇരുമ്പുപാലത്തിന്റെ ഹൃദയഭാഗമായ കവലയിയിലാണ് റൊണാൾഡോയുടെ കൂറ്റൻ കട്ടൗട്ട് ഉയർന്നത്.
മെസിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകളെക്കാർ വലുപ്പത്തിൽ 30 അടിയിലേറെ ഉയരത്തിലാണ് ആരാധകർ കട്ടൗട്ട് സ്ഥാപിച്ചത്. ലോകകപ്പിന്റെ വലിയ ആവേശത്തിനാണ് പത്താം മൈലും ഇരുമ്പുപാലവും സാക്ഷ്യം വഹിക്കുന്നത്. മർച്ചന്റ് അസാസിയേഷന്റെ നേതൃത്വത്തിൽ റാലിയും പെനാൽറ്റി ഷൂട്ടൗട്ടും ഇതിനോടകം നടത്തിക്കഴിഞ്ഞു. ഞായറാഴ്ച പത്താം മൈലിൽ ബൈക്ക് റാലിയുൾപ്പെടെയുള്ള ആഘോഷങ്ങളും വിളംബര ജാഥയും വടം വലിയും നടത്തുന്നുണ്ട്.
റഫറിയായിട്ടുണ്ട്
ഇന്ന് കാണുന്നതിനേക്കാൾ ഒരു പക്ഷേ ആവേശം പണ്ട് ഉണ്ടായിരുന്നു തോട്ടം മേഖലകളിൽ. തോട്ടങ്ങളുടെ എല്ലാ ഡിവിഷനുകളിലും ലേബർ ക്ലബുകളും അവരുടെ കീഴിൽ വേളിബാൾ ടീമും ഫുട്ബാൾ ടീമും സജീവമായിരുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് ഫുട്ബാൾ മത്സരങ്ങൾക്ക് അവർ നല്ല പ്രോത്സാഹനം നൽകിയിരുന്നു. മത്സര വിജയികൾക്ക് സമ്മാനങ്ങൾ കൊടുക്കുന്നതിനൊപ്പം ടീം അംഗങ്ങൾക്ക് മറ്റിടങ്ങളിൽ പോയി കളിക്കാൻ വാഹനമടക്കം കൂടുതൽ സൗകര്യങ്ങളും ഇവർ ചെയ്തു നൽകിയിരുന്നു. ചില മത്സരങ്ങൾക്ക് റഫറിയായി പോയിട്ടുണ്ട്. ഗ്ലൻമേരി എസ്റ്റേറ്റിൽ റഫറിയായി പോയ സമയത്ത് ടീമുകൾ തമ്മിൽ കൈയാങ്കളിയായി. വിഷയത്തിൽ ഇടപെട്ട റഫറിയെ വലിച്ച് താഴെയിട്ട സംഭവം ഇന്നും ഓർക്കുമ്പോൾ ചിരിയാണ്. അർജന്റീനയാണ് ഇഷ്ട ടീം. ഇന്ന് എവിടെയിരുന്നും ലോകകപ്പ് കാണാമെന്നത് വലിയ കാര്യമാണ്.
വാഴൂർ സോമൻ (പീരുമേട് എം.എൽ.എ)
ആവേശക്കുളിരിൽ മൂന്നാർ
മുന്നാറിലെങ്ങും ഇപ്പോൾ ഫുട്ബാൾ ആവേശമാണ്. തെരുവോരങ്ങളിൽ നടന്നാൽ ലോകകപ്പിന് മുന്നോടിയായി ഒരുക്കിയിരിക്കുന്ന അലങ്കാരങ്ങളല്ലാതെ മറ്റൊന്നും കാണാനില്ല. ഞാൻ ഒരു അർജന്റീന ആരാധകനാണ്. സ്കൂളിൽ പഠിക്കുന്ന കാലം മുതലേ ഫുട്ബാൾ കളിയോട് വലിയ ഇഷ്ടമുണ്ട്. കളികളിലും പങ്കെടുക്കാറുണ്ടായിരുന്നു. എസ്റ്റേറ്റ് മേഖലയിലെ ലോകകപ്പ് എന്ന് വിളിക്കുന്ന ഒരുമാസം നീളുന്ന ഫിൻലേ കപ്പ് ഫുട്ബാൾ മത്സരങ്ങൾ പതിവായി കണ്ടിരുന്നു. തൊഴിലാളികൾക്ക് ഇതൊരു വികാരമാണ്. ഇത്തവണ ലോകകപ്പിനോടനുബന്ധിച്ച് മണ്ഡലത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. മൂന്നാറിൽ എല്ലാവർക്കും ഒരുമിച്ചിരുന്ന് കളികാണാൻ കഴിയുന്ന ഒരു സൗകര്യം ഏർപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്.
അഡ്വ. എ. രാജ (ദേവികുളം എം.എൽ.എ)
ഇഷ്ട ടീം അർജന്റീന
ഫുട്ബാൾ ആസ്വദിച്ച് തുടങ്ങിയ കാലം മുതൽ ഇഷ്ട ടീം അർജന്റീനയാണ്. ഇത്തവണ അർജന്റീന കപ്പുയർത്തുമെന്ന് തന്നെയാണ് വിശ്വാസം. അതിന് അനുകൂല സാഹചര്യമാണ് ഇപ്പോഴുള്ളത്. രാജ്യാന്തര മത്സരത്തിലെ മികച്ച പ്രകടനം ടീമിനെ ശക്തരാക്കിയിട്ടുണ്ട്. ജനപ്രതിനിധിയെന്ന നിലയിൽ ഇടുക്കിയിലേക്ക് ഫുട്ബാൾ ആവേശം എത്തിക്കാനുള്ള ശ്രമങ്ങളിൽ പങ്കാളിയാകുന്നുണ്ട്. മൂന്നാർ, രാജാക്കാട്, ഉദയഗിരി ഏലപ്പാറ, അടിമാലി എന്നിവിടങ്ങളിലെല്ലാം അവധിക്കാല ഫുട്ബോൾ കോച്ചിങ്ങ് ക്യാമ്പുകൾ ഇതിന്റെ ഭാഗമായി സംഘടപ്പിച്ചിരുന്നു. ടി.വിയിൽ കാണുന്നതിനെക്കാൾ ബിഗ് സ്ക്രീനിൽ കളി കാണുന്നതാണ് ഇഷ്ടം. തീപാറുന്ന പോരാട്ടങ്ങൾക്കായി കാത്തിരിക്കുകയാണ് .
ഡീൻ കുര്യാക്കോസ് (ഇടുക്കി എം.പി)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.