സൗദി ടീമിന്റെ വിജയത്തിൽ ആഹ്ലാദം പങ്കുവെക്കുന്ന സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിന്‍ സല്‍മാന്‍

ചരിത്ര വിജയം; സൗദിയിലെങ്ങും ആഘോഷം

ജിദ്ദ: ആദ്യ കളിയിൽ തന്നെ സൗദി ഫുട്ബാൾ ടീം ചരിത്ര വിജയം നേടിയതിൽ മതിമറന്ന് ആഹ്ലാദിക്കുകയാണ് രാജ്യത്തെ സ്വദേശികളും ഒപ്പം വിദേശികളും. ഇത്തവണത്തെ ടൂർണമെന്റിൽ കപ്പടിക്കുമെന്ന് പ്രതീക്ഷിക്കുന്ന ടീമുകളിലൊന്നായ അർജന്റീനയെ തന്നെ കന്നി മത്സരത്തിൽ മലർത്തിയടിച്ച സൗദി ടീമിന്റെ തുടക്കം ഏറെ പ്രതീക്ഷയോടെയാണ് സൗദി ടീം ആരാധകർ കാണുന്നത്.


ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് നടക്കുന്ന സൗദി ടീമിന്റെ ആദ്യ മത്സരം വീക്ഷിക്കാൻ രാവിലെ മുതൽ തന്നെ രാജ്യത്തെ ഫുട്ബാൾ ആരാധകർ കാത്തിരിക്കുകയായിരുന്നു. ടീമിന്റെ മത്സരം തത്സമയം വീക്ഷിക്കുന്നതിനായി രാജ്യത്തെ സർക്കാർ ജീവനക്കാർക്ക് ഉച്ചക്ക് 12 മുതൽ സൗദി ഭരണാധികാരികൾ രാജകീയ ഉത്തരവിലൂടെ അവധി പ്രഖ്യാപിച്ചിരുന്നു. ചില സ്വകാര്യ സ്ഥാപനങ്ങളും ഉച്ചക്ക് ശേഷം അവധി നൽകി.

രാജ്യത്തെ മഹാഭൂരിപക്ഷം സ്ഥാപനങ്ങളിലും മത്സരം തത്സമയം കാണാൻ സൗകര്യങ്ങളൊരുക്കിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വലിയ സ്ക്രീനുകൾ ഒരുക്കി പൊതുജനങ്ങൾക്ക് മത്സരം കാണാൻ അവസരം ഒരുക്കിയിരുന്നു. തങ്ങളുടെ പ്രതീക്ഷകൾക്കപ്പുറമുള്ള സൗദി ടീമിന്റെ മികച്ച പ്രകടനം അത്യാഹ്ലാദത്തോടെയാണ് സൗദി ഫുട്ബാൾ ആരാധകർ സ്വീകരിച്ചത്. 2-1 സ്‌കോറിൽ ടീം വിജയിച്ചു നിൽക്കുമ്പോഴുള്ള റഫറിയുടെ അവസാന വിസിൽ മുഴുങ്ങുമ്പോൾ ആഹ്ലാദം വാനോളമുയർന്നു. പിന്നീട് പരസ്പരം ആശ്ലേഷിക്കലും സന്തോഷം പങ്കിടലുമായിരുന്നു.


ടീമിന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് വിവിധ വാണിജ്യസ്ഥാപനങ്ങൾ അവരുടെ ഉപഭോക്താക്കൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. റിയാദ് സീസണ്‍ ആഘോഷ പരിപാടികള്‍ നടക്കുന്ന ബൊളിവാർഡ് സിറ്റി, ബൊളിവാർഡ് വേള്‍ഡ്, വിന്റര്‍ ലാന്‍ഡ് എന്നിവിടങ്ങളിൽ പ്രവേശനം സൗജന്യമാക്കി. പ്രവാസികളും അന്നം തരുന്ന നാടിന്റെ വിജയാഹ്ലാദത്തിൽ പങ്കുചേർന്നു.

ജിദ്ദ ശറഫിയ്യയിൽ മലയാളികൾ സൗദി ടീമിന്റെ വിജയാഘോഷ ജാഥ നടത്തുകയും പായസം വിതരണം ചെയ്യുകയും ചെയ്തു. വിവിധ സംഘടനകൾ കേക്ക് മുറിച്ചും തങ്ങളുടെ ആഹ്ലാദം പങ്കിട്ടു. സൗദി ടീമിന്റെ ആറാമത്തെ ലോകകപ്പ് ടൂർണമെന്റാണിത്. അർജന്റീനയുടെ 18-ാമത് ടൂർണമെന്റും. 1978 ലും 1986 ലും ലോകകപ്പ് സ്വന്തമാക്കിയ ടീം കൂടിയാണ് അർജന്റീന. ഗ്രൂപ്പ് സി-യിലാണ് സൗദിയും അർജന്റീനയും മാറ്റുരക്കുന്നത്. പോളണ്ട്, മെക്സിക്കോ എന്നീ ടീമുകളാണ് ഗ്രൂപ്പ് സിയിലെ മറ്റു അംഗങ്ങൾ. ഈ മാസം 26-ന് സൗദി ടീം പോളണ്ടുമായും 30 ന് മെക്സിക്കോയുമായും ഏറ്റുമുട്ടും.

Tags:    
News Summary - Historic victory; Celebration everywhere in Saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.