എട്ടുനില... ക്വാർട്ടറിലെ വജ്രായുധങ്ങൾ

ദോഹ: അങ്കം മുറുകുകയാണ്. ആവനാഴിയിലെ സകല അസ്ത്രങ്ങളും പോരാളികൾ ഇനി പുറത്തെടുക്കും. അർധനിമിഷത്തിലെ ചെറുപിഴവ് മതി എല്ലാം അവസാനിക്കാൻ. ഇനി അവസാന എട്ടിലെ മരണപ്പോരാട്ടം. സുന്ദരമായ, വാശിയേറിയ മത്സരങ്ങൾക്ക് കാത്തിരിക്കാം. ക്വാർട്ടറിലെത്തിയ ടീമുകളിലെ ശ്രദ്ധേയതാരങ്ങളെയും പ്രകടനങ്ങളെയും പ്രതീക്ഷകളെയുംകുറിച്ച്...

ക്രൊയേഷ്യ 

മികച്ച താരം ലൂക മോഡ്രിച്


ബെൽജിയത്തിനും മൊറോക്കോക്കുമെതിരെ മാൻ ഓഫ് ദ മാച്ചായിരുന്നു ഈ സീനിയർ താരം. മാൻ ഓഫ് ദ മാച്ച് കളിയിലെ പ്രകടനം മാത്രം വിലയിരുത്തിയല്ല നൽകുന്നതെങ്കിലും മോഡ്രിച്ചാണ് ക്രൊയേഷ്യയുടെ ഇപ്പോഴത്തെയും സുപ്രധാന ആയുധം. 37ാം വയസ്സിലും മധ്യനിരയിൽ അത്ഭുതങ്ങൾ കാണിക്കുകയാണ് ഇദ്ദേഹം. ചില ഓൺടാർഗറ്റ് ഷോട്ടുകൾക്ക് പഴയ അതേ ചന്തവും കടുപ്പവുമായിരുന്നു ദോഹയിലും. ക്വാർട്ടർ ഫൈനലിൽ ബ്രസീലുകാർക്ക് ആശങ്കയുണ്ടാക്കാൻ മോഡ്രിച്ചിന് കഴിയും. 90 മിനിറ്റും ഈ താരം കളത്തിലുണ്ടാകണമെന്നാണ് ആരാധകരുടെ ആഗ്രഹവും പ്രാർഥനയും.

മികച്ച പ്രകടനം >>

4-1ന് കാനഡക്കെതിരായ വിജയമായിരുന്നു ഈ ലോകകപ്പിൽ ക്രോട്ടുകളുടെ ഏറ്റവും തകർപ്പൻ പ്രകടനം. ലക്ഷ്യംതെറ്റാത്ത ഗോൾ സ്കോററുടെ അഭാവം ടീമിനുണ്ടായിട്ടും ഗോളുകൾ നിരവധി പിറന്നുവെന്നതും ശ്രദ്ധേയമാണ്. 2018ൽ മാരിയോ മാൻസൂക്കിച് ഈ റോളിലുണ്ടായിരുന്നു. കാനഡക്കെതിരെ ആന്ദ്രെ ക്രമാറിച്ചിന്റെ മികവായിരുന്നു ക്രൊയേഷ്യയുടെ വൻജയത്തിൽ നിർണായകമായത്.

ആശങ്ക >>

കാനഡക്കെതിരെ ഗോളുകൾ നാലെണ്ണം പിറന്നെങ്കിലും മറ്റു മത്സരങ്ങളിൽ ഒഴുക്കോടെയുള്ള സ്കോറിങ് നടന്നില്ല. മൊറോക്കോയോടും ബെൽജിയത്തോടും ഗോൾരഹിത സമനിലയായിരുന്നു. പ്രീക്വാർട്ടറിലും ഒരു ഫീൽഡ് ഗോളാണ് കിട്ടിയത്. ബ്രസീലിനെതിരെ കളി കാര്യമാക്കിയില്ലെങ്കിൽ പുറത്തേക്ക് വഴി കാണും.

ക്വാർട്ടറിലേക്കുള്ള വഴി >>

0-0 മൊറോക്കോക്കെതിരെ സമനില

4-1 കാനഡക്കെതിരെ ജയം

0-0 ബെൽജിയത്തിനെതിരെ സമനില

പ്രീക്വാർട്ടറിൽ ജപ്പാനെതിരെ 3-1 ഷൂട്ടൗട്ട് വിജയം

ബ്രസീൽ:

മികച്ച താരം റിച്ചാർലിസൺ


നെയ്മർ തന്നെയാണ് മഞ്ഞപ്പടയുടെ വലിയ താരം. ദേശീയ ഹീറോയും ബ്രസീലിയൻ ഫുട്ബാൾ സൗന്ദര്യവും നെയ്മർ തന്നെ. എന്നാൽ, ഈ ലോകകപ്പിനെ തന്റേതാക്കി മാറ്റിയത് റിച്ചാർലിസണാണ്. മികച്ച ഗോളുകളുടെ മത്സരത്തിൽ റിച്ചാർലിസണിന്റെ പോരാട്ടം തന്നോടുതന്നെയാണ്. ബ്രസീലിന്റെ അവിഭാജ്യഘടകം.

മികച്ച പ്രകടനം >>

ദക്ഷിണ കൊറിയക്കെതിരായ 4-1ന്റെ ജയമായിരുന്നു ബ്രസീലിന്റെ മികവാർന്ന അങ്കം. ഗോളടിക്കുന്നതിനു മുമ്പും ശേഷവും നൃത്തച്ചുവടുകൾ നടത്തിയ കാനറികൾ. ആദ്യ പകുതിയിൽതന്നെ അതിമാരക പ്രഹരം.

ആശങ്ക >>

നെയ്മറുടെ ഫിറ്റ്നസാണ് ടീമിനെ ചെറുതായി അലട്ടുക. ഈ താരം പൂർണമായും ഫിറ്റായാൽ എതിരാളികൾ വിയർക്കും.

ക്വാർട്ടറിലേക്കുള്ള വഴി >>

സെർബിയക്കെതിരെ 2-0 ജയം

സ്വിറ്റ്സർലൻഡിനെതിരെ 1-0 ജയം

കാമറൂണിനോട് 0-1 തോൽവി

പ്രീക്വാർട്ടറിൽ ദക്ഷിണ കൊറിയയെ 4-1ന് തോൽപിച്ചു

നെതർലൻഡ്സ്

മികച്ച താരം ഫ്രാങ്കി ഡി ജോങ്


ഈ ലോകകപ്പിൽ ഓറഞ്ചുപടയിൽ തിളങ്ങിയതിൽ പ്രധാനി ഫ്രാങ്കി ഡി ജോങ്ങാണ്. പന്തിൽ അപാരമായ നിയന്ത്രണമായിരുന്നു ഈ 25കാരൻ മിഡ്ഫീൽഡർക്ക്.

മികച്ച പ്രകടനം >>

യു.എസ്.എക്കെതിരെ 3-1 ജയം. ഡിപായി നേടിയ ഗോൾ 20 പാസുകൾക്കുശേഷമായിരുന്നു. ലൂയി വാൻഗാലെന്ന മനുഷ്യന്റെ പദ്ധതികൾ ടീം മൈതാനത്ത് കൃത്യമായി പ്രാവർത്തികമാക്കുന്നു. പ്രീക്വാർട്ടർ ഇത്തിരി കടുപ്പമായിരുന്നെങ്കിലും അർജന്റീനക്ക് നിസ്സാരക്കാരായ എതിരാളികളല്ല നെതർലൻഡ്സ്.

ആശങ്ക >>

മൂന്നു പേർ മാത്രം പ്രതിരോധത്തിൽ അണിനിരക്കുന്നത് അത്ര ശുഭകരമല്ല. വമ്പൻ ടീമുകളാണ് മുന്നോട്ടുള്ള പ്രയാണത്തിൽ എതിരിടാനുള്ളത്. പന്തിന്റെ പൊസഷനിലെ പോരായ്മകളും പ്രശ്നമാണ്. യു.എസ്.എക്കെതിരെ 41 ശതമാനമായിരുന്നു പൊസഷൻ.

ക്വാർട്ടറിലേക്കുള്ള വഴി >>

സെനഗാളിനെതിരെ 2-0 ജയം

എക്വഡോറിനെതിരെ 1-1 സമനില

ഖത്തറിനെതിരെ 2-0 ജയം

പ്രീക്വാർട്ടറിൽ 3-1ന് യു.എസ്.എക്കെതിരെ ജയം

അർജന്റീന

മികച്ച താരം ലയണൽ മെസ്സി


എൻസോ ഫെർണാണ്ടസിനെപ്പോലുള്ള കഴിവുറ്റ യുവതാരങ്ങൾ ഏറെയുണ്ടെങ്കിലും ലയണൽ മെസ്സി തന്നെയാണ് എതിരാളികൾക്ക് പ്രധാന ഭീഷണി. ആസ്ട്രേലിയക്കെതിരെ നേടിയതുപോലുള്ള ഗോളുകൾ ഇനിയും പ്രതീക്ഷിക്കാം.

മികച്ച പ്രകടനം >>

2-0ത്തിന് പോളണ്ടിനെതിരായ ജയം. സൗദി അറേബ്യക്കെതിരെ തോറ്റ ടീമിന്റെ ഉയിർത്തെഴുന്നേൽപിന്റെ പൂർണതായിരുന്നു ഈ മത്സരം. മെക്സികോയെ തോൽപിച്ചതിനു പിന്നാലെയുള്ള ക്ലിനിക്കൽ പെർഫോർമൻസ്.

ആശങ്ക >>

മധ്യനിര ഇനിയും മെച്ചപ്പെടാനുണ്ട്. എൻസോ ഫെർണാണ്ടസിന്റെ നിലവാരത്തിലേക്ക് മറ്റു താരങ്ങളും ഉയരണം.

ക്വാർട്ടറിലേക്കുള്ള വഴി >>

സൗദി അറേബ്യയോട് 1-2 തോൽവി

മെക്സികോക്കെതിരെ 2-0 ജയം

പോളണ്ടിനെതിരെ 2-0 ജയം

പ്രീക്വാർട്ടറിൽ ആസ്ട്രേലിയയെ 2-1ന് തോൽപിച്ചു

ഇംഗ്ലണ്ട്

മികച്ച താരം ജൂഡ് ബെല്ലിങ്ഹാം


ജൂഡ് ബെല്ലിങ്ഹാം. 19കാരനായ ഈ താരമാണ് ഇംഗ്ലീഷ് നിരയിലെ അപകടകാരി. പന്ത് പിടിച്ചെടുക്കാനും കാലിൽവെക്കാനും ഗാപ്പുകൾ കണ്ടെത്താനും കൃത്യമായ പാസുകൾ നൽകാനും മിടുക്കൻ.

മികച്ച പ്രകടനം >>

ഈ ലോകകപ്പിൽ യു.എസ്.എക്കെതിരെ ഗോൾരഹിത സമനിലയിലായ മത്സരമൊഴികെ ഇംഗ്ലണ്ടിന്റെ പടയോട്ടമായിരുന്നു. ഇറാനും വെയ്ൽസും സെനഗാളുമെല്ലാം ഹാരി കെയ്ൻ ടീമിന്റെ മികവിന്റെ ചൂടറിഞ്ഞു.

ആശങ്ക >>

സെൻട്രൽ ഡിഫൻസ് എന്ന നെടുന്തൂൺ സ്ഥാനമാണ് ചെറിയ തലവേദന. ഫ്രാൻസിന്റെ കിലിയൻ എംബാപെയുടെ നേതൃത്വത്തിലുള്ള അറ്റാക്കർമാരോട് പിടിച്ചുനിൽക്കാൻ സെന്റർ ബാക്കായ ഹാരി മഗ്വയറിനും സഹ ഡിഫൻഡർമാർക്കും പതിവിലും തിളങ്ങിയാലേ രക്ഷയുള്ളൂ.

ക്വാർട്ടറിലേക്കുള്ള വഴി >>

ഇറാനെതിരെ 6-2 ജയം

യു.എസ്.എയുമായി 0-0 സമനില

വെയ്ൽസിനെതിരെ 3-0 ജയം

പ്രീക്വാർട്ടറിൽ സെനഗാളിനെ 3-0ത്തിന് തോൽപിച്ചു

ഫ്രാൻസ്

മികച്ച താരം കിലിയൻ എംബാപെ


മറ്റാരാണ് ഫ്രാൻസിന്റെ കുന്തമുനയും തുറുപ്പുശീട്ടും? കളത്തിൽ വേറെ ലെവലാണ് ഈ താരം. എതിരാളികളെ നിഷ്പ്രഭനാക്കുന്ന മിടുക്കൻ. ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും കളമൊഴിയുമ്പോൾ പിൻഗാമിയാകുന്നത് എംബാപെയാകും.

മികച്ച പ്രകടനം >>

പോളണ്ടിനെതിരായ 3-1ന്റെ ജയം. ഒളിവിയർ ജിറൂഡ് ഫ്രാൻസിന്റെ ഗോൾവേട്ടക്കാരൻകൂടിയായ മത്സരം. രണ്ടു ഗോളുകളുമായി എംബാപെയും തിളങ്ങി. നോക്കൗട്ടിൽ സമ്മർദമില്ലാതെ കളിക്കുന്നതിന്റെ ഉദാഹരണംകൂടിയായിരുന്നു ഈ മത്സരം.

ആശങ്ക >>

ഗോളുകൾ വഴങ്ങുന്നതാണ് പ്രധാന ആശങ്ക. ഹ്യുഗോ ലോറിസ് ബാറിന് കീഴിൽ ഫുൾഫോമിലല്ല. കൗണ്ടർ അറ്റാക്കിങ്ങിൽ പ്രതിരോധം ഇടക്ക് വിറക്കുന്നു.

ക്വാർട്ടറിലേക്കുള്ള വഴി >>

ആസ്ട്രേലിയക്കെതിരെ 4-1 ജയം

ഡെന്മാർക്കിനെതിരെ 2-1 ജയം

തുനീഷ്യയോട് 0-1ന് തോറ്റു

പ്രീക്വാർട്ടറിൽ പോളണ്ടിനെതിരെ 3-1 ജയം

മൊറോക്കോ

മികച്ച താരം റൊമേയ്ൻ സെയ്സ്


മൊറോക്കോ താരങ്ങൾ ഒന്നിനൊന്ന് മെച്ചപ്പെടുന്നുണ്ടെങ്കിലും പ്രതിരോധ നായകൻ റൊമേയ്ൻ സെയ്സിനെ പ്രത്യേകം ശ്രദ്ധിക്കണം. പരിക്കുപോലും വകവെക്കാതെയാണ് സ്പെയിനിനെതിരെ ഈ താരം കളിച്ചത്. ഈ ലോകകപ്പിൽ ഒരു ഗോൾ മാത്രമാണ് ടീം വഴങ്ങിയത്. അതും സെൽഫ് ഗോൾ.

മികച്ച പ്രകടനം >>

ബെൽജിയത്തെ 2-0ത്തിന് അട്ടിമറിച്ച മത്സരത്തിലായിരുന്നു മൊറോക്കോ ആദ്യം ഞെട്ടിച്ചത്. എന്നാൽ, സ്പെയിനിനെതിരെ 120 മിനിറ്റും പിടിച്ചുനിന്ന് ഷൂട്ടൗട്ടിൽ തകർത്തതാണ് ടീമിെന്റ ഏറ്റവും ഗംഭീര കളി.

ആശങ്ക >>

ആദ്യം എതിർടീം ഗോളടിച്ചാൽ എന്തായിരിക്കും മറുതന്ത്രമെന്നതാണ് ചോദ്യം. ആശങ്കക്കപ്പുറം ആകാംക്ഷകൂടിയാണിത്.

ക്വാർട്ടറിലേക്കുള്ള വഴി >>

ക്രൊയേഷ്യയുമായി 0-0 സമനില

ബെൽജിയത്തിനെതിരെ 2-0 ജയം

കാനഡക്കെതിരെ 2-1 ജയം

പ്രീക്വാർട്ടറിൽ സ്പെയിനിനെ ഷൂട്ടൗട്ടിൽ 3-0ത്തിന് തോൽപിച്ചു

പോർചുഗൽ

മികച്ച താരം ബ്രൂണോ ഫെർണാണ്ടസ്


ബ്രൂണോ ഫെർണാണ്ടസ്. വലതു വിങ്ങിൽ സ്ഥിരതയാർന്ന പ്രകടനം. രണ്ടു ഗോളുകളടിച്ചു. മൂന്നെണ്ണത്തിന് സഹായമേകി. 1966ൽ സാക്ഷാൽ യുസേബിയോയും ജോസ് ടോറസുമാണ് ഇത്രയും നേട്ടമുണ്ടാക്കിയ പോർചുഗീസുകാർ.

മികച്ച പ്രകടനം >>

സ്വിറ്റ്സർലൻഡിനെ 6-1ന് തകർത്തതുതന്നെ. കടുപ്പമേറിയ മത്സരമാകുമെന്ന് തുടക്കത്തിൽ കരുതിയെങ്കിലും തുരുതുരാ ഗോളുകളെത്തി.

ആശങ്ക >>

ക്രിസ്റ്റ്യാനോ റൊണാൾഡോ കലിപ്പിലാണെന്ന മാധ്യമവാർത്തകൾ വിശ്വസിക്കാമെങ്കിൽ ടീമിന്റെ കെട്ടുറപ്പിനെ ബാധിക്കും.

ക്വാർട്ടറിലേക്കുള്ള വഴി >>

ഘാനക്കെതിരെ 3-2 ജയം

ഉറുഗ്വായിക്കെതിരെ 2-0 ജയം

ദക്ഷിണ കൊറിയയോട് 1-2 തോൽവി

പ്രീക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനെ 6-1ന് തോൽപിച്ചു

Tags:    
News Summary - he teams in the quarter and the best players

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.