ഹൃദയം കവർന്ന് ഹക്കീം സിയേഷ്; ലോകകപ്പിലെ പ്രതിഫലം മുഴുവൻ ദരിദ്രർക്ക് സമർപ്പിച്ച് മൊറോക്കൻ താരം

ഖത്തർ ലോകകപ്പിൽ അവിശ്വസനീയ കുതിപ്പിലൂടെയും കളി കഴിഞ്ഞുള്ള വ്യത്യസ്‍തമായ ആഘോഷങ്ങളിലൂടെയും കളിയാരാധകരുടെ ഹൃദയം കവർന്ന സംഘമാണ് മൊറോക്കോ. ബെൽജിയം, സ്‌പെയിൻ, പോർച്ചുഗൽ ഉൾപ്പെടെയുള്ള വമ്പന്മാരെ തകർത്ത് ലോകകപ്പിന്റെ സെമി ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ആഫ്രിക്കൻ സംഘമായി അവർ മാറിയിരുന്നു. സെമിയിൽ ഫ്രാൻസിന് മുമ്പിലാണ് മുട്ടുമടക്കിയത്.

മൊറോക്കൊയുടെ കുതിപ്പിൽ നിർണായക പങ്കുവഹിച്ച താരമാണ് മിഡ്ഫീൽഡറായും വിങ്ങറായും തിളങ്ങുന്ന ഹക്കീം സിയേഷ്. ബ്രസീലിന്റെ സൂപ്പർ താരമായിരുന്ന റോബർ​ട്ടോ കാർലോസ് 2022ലെ മികച്ച വിങ്ങറായി തെരഞ്ഞെടുത്തത് സിയേഷിനെയായിരുന്നു. താരത്തിന്റെ മുന്നേറ്റങ്ങൾ എതിർ ടീമുകൾക്കുണ്ടാക്കിയ അങ്കലാപ്പുകൾ ചെറുതായിരുന്നില്ല.

ഇത്തവണ ലോകകപ്പിൽനിന്ന് തനിക്ക് ലഭിച്ച പ്രതിഫലം പൂർണമായും സ്വന്തം നാട്ടിലെ ദരിദ്രർക്ക് നൽകി ലോകത്തിന്റെ ഹൃദയം കവരുകയാണ് താരം. സെമി വരെ എത്തിയ മൊറോക്കോ സംഘത്തിൽ 2,77,575 പൗണ്ട് (ഏകദേശം 2.63 കോടി രൂപ) ആയിരിക്കും സിയേഷിന് ലഭിക്കുക. ഈ തുകയാണ് ജീവകാരുണ്യ പ്രവർത്തനത്തിന് മാറ്റിവെക്കുക.

'എന്റെ ലോകകപ്പ് സമ്പാദ്യമെല്ലാം ആവശ്യക്കാരായ പാവങ്ങൾക്ക് നൽകും. പണത്തിന് വേണ്ടിയല്ല ഞാൻ മൊറോക്കോക്ക് വേണ്ടി കളിച്ചത്. ഹൃദയത്തിൽനിന്നെടുത്ത തീരുമാനമായിരുന്നു അത്.'- സിയേഷിന്റെ വാക്കുകളായി മാധ്യമപ്രവർത്തകൻ ഖാലിദ് ബെയ്ദൂനി ട്വീറ്റ് ചെയ്തു. മൊറോക്കോ ടീമിലെ മറ്റു താരങ്ങളും ലോകകപ്പ് പ്രതിഫലം രാജ്യത്തെ ദരിദ്രർക്ക് നൽകാൻ തീരുമാനിച്ചതായും ഖാലിദ് പറയുന്നു.

2015ൽ മൊറോക്കോ ടീമിലെത്തിയ ഹക്കീം സിയേഷ് ഇതുവരെ ശമ്പളം വാങ്ങിയിട്ടില്ലെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ടീമിന്റെ പരിശീലന സമയങ്ങളിലടക്കം ലഭിക്കുന്ന ബോണസ് തുക ജീവകാരുണ്യ പ്രവർത്തനത്തിനും മറ്റും നൽകാറാണ് പതിവെന്ന് മൊറോക്കോൻ മാധ്യമമായ 'അറബിക് പോസ്റ്റ്' റിപ്പോർട്ട് ചെയ്തിരുന്നു. കുട്ടികളുടെയും യുവാക്കളുടെയും ഉന്നമനത്തിന് വേണ്ടി 'സ്വീപ്' എന്ന പേരിൽ പ്രത്യേക പദ്ധതി തന്നെ സിയേഷിന്റെ നേതൃത്വത്തിൽ മൊറോക്കോയിൽ നടന്നുവരുന്നുണ്ട്. മൊറോക്കൻ ലീഗിലെ അൽ ദരിയൂഷ് ക്ലബിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ വൻതുക സംഭാവന ചെയ്ത് താരം പിന്തുണ നൽകിയതായും റിപ്പോർട്ടുണ്ടായിരുന്നു.

1993 മാർച്ച് 19ന് നെതർലൻഡ്സിലെ ഡ്രോണ്ടനിലാണ് സിയേഷ് ജനിച്ചത്. 2012ൽ ഡച്ച് ക്ലബായ ഹീരെൻവീനിലാണ് പ്രഫഷനൽ കരിയറിന് തുടക്കമിട്ടത്. 2016ൽ മുൻനിര ക്ലബായ അയാക്സ് അഞ്ചു വർഷത്തെ കരാറിൽ ഒപ്പുവെച്ചു. ഇവിടെ മികച്ച പ്രകടനം പുറത്തെടുത്തതോടെ 2020-21 സീസണിൽ പ്രീമിയർ ലീഗ് വമ്പന്മാരായ ചെൽസി 40 ദശലക്ഷം പൗണ്ട് മുടക്കി ടീമിലെത്തിച്ചു. അഞ്ചു വർഷത്തേക്കാണ് ചെൽസിയുടെ കരാർ. 28ാം വയസ്സിൽ അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും കോച്ച് വലീദ് റെഗ്രാഗിയുടെ അഭ്യർഥനയെ തുടർന്ന് ദേശീയ ടീമിൽ തിരിച്ചെത്തുകയായിരുന്നു. 

Tags:    
News Summary - Hakim Ziyech has dedicated the entire reward of the World Cup to the poor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.