വല കാക്കുന്ന കാവൽക്കാർ

നാലാണ്ടുകൾക്കിപ്പുറം ഭൂലോകം ഒരിക്കൽകൂടി ഒരു പന്തോളം ചുരുങ്ങിക്കഴിഞ്ഞു. മിടിക്കാൻ മറന്ന ഖൽബും ഇമവെട്ടാൻ മടിക്കുന്ന കണ്ണുമായി ലോകം കാൽപന്ത് മൈതാനത്തിന്റെ നാലതിരിൽ കറങ്ങുന്ന അൽ രിഹ്‍ലയുടെ കുതിപ്പിനോടൊപ്പം ഓടിത്തുടങ്ങിയിരിക്കുന്നു.

മൈതാനത്തെ പ്രകടനത്തിലെ വിസ്മയം കണ്ട് ആയിരങ്ങളുടെ കണ്ഠങ്ങളിൽനിന്നുയരുന്ന ആരവങ്ങളും ലോകത്തിന്റെ മിഴികളിൽ മനോഹാരിത തീർക്കും. കാലുകളിലെ ഊർജവും ഹൃദയങ്ങൾ തമ്മിലുള്ള ആശയവിനിമയം കൊണ്ടും തട്ടിക്കയറുന്ന പന്ത് വലതുളച്ച് കയറാതിരിക്കാൻ കാവൽപക്ഷികളായി കണ്ണുംനട്ടിരിക്കുന്ന ഗോൾകീപ്പർമാരുമുണ്ട്.

കൈകൾ കൊണ്ട് പിടിക്കാനും തടുക്കാനും കാലുകൾ കൊണ്ട് തട്ടാനും ഉരുട്ടാനുമുള്ള അവകാശത്തോടെ തന്റെ നാലുവര സാമ്രാജ്യത്തിലെ ഏകാധിപതിയാണവർ. പത്താളുകൾ പ്രതിരോധിച്ചിട്ടും തടുക്കാനാവാതെ പോരാളിക്കോട്ടയിൽ വിള്ളലുകൾ തീർത്ത് കുതിച്ചെത്തുന്ന എതിർ കാലുകളിൽ നിന്നുള്ള വെടിയുണ്ടയെ ചിലപ്പോൾ വിരൽത്തുമ്പു കൊണ്ടുപോലും തടുത്തിടുന്നയാൾ.ചെറിയൊരു നോട്ടപ്പിഴവിന് മുന്നിൽ, ചാട്ടമൊന്ന് പിഴച്ചതിന്, കണക്കുകൂട്ടൽ പിഴച്ചൊരു അർധസെക്കൻഡിന് പഴികേൾക്കേണ്ടിവരുന്നവർ. അൽ രിഹ്‍ലയെ തടഞ്ഞിട്ട് ആളി ഉയരാൻ വെമ്പുന്ന എതിർപാളയത്തിന്റെ വിജയാഹ്ലാദത്തിന് മേൽ മഞ്ഞുതീർത്ത് തകർക്കാൻ ഒരുങ്ങിനിൽക്കുന്ന ഒറ്റയാൾ.

കൂടെക്കളിക്കുന്നവന്റെ പിഴയാലോ കരസ്പർശനത്താലോ പിഴയെന്നോണം റഫറി വിധിച്ച വരകൾക്കപ്പുറത്തുനിന്ന് ചാട്ടുളിപോലെ വരുമെന്ന് ഉറപ്പുള്ള പെനാൽറ്റിയെ തടുത്തിടാൻ നെഞ്ചും കൈകളും കാലുകളും വിരിച്ച് ഒറ്റക്കുനിന്ന് വെല്ലുവിളിക്കുന്ന പോരാളി. ലോക കാൽപന്ത് മാമാങ്കത്തിന്റെ അങ്കത്തട്ടിൽ അരയും തലയും പാദുകനാടകളും മുറുക്കി പോരിനിറങ്ങുന്ന 32 പടയോട്ട സംഘങ്ങളിലെ വലകാക്കും ഭൂതങ്ങളിലെ ചില കൗതുകമറിയാം.

നാൽപതിന്റെ നിറവിലും മെക്സക്കോയുടെ ആൽഫ്രഡോ തലവേരാ ഡിയാസ് 2011 മുതൽ നാൽപത് തവണ ആരെയും വല തുളക്കാൻ സമ്മതിക്കാതെ ടീമിനെ കാത്ത 6.2 ഉയരക്കാരൻ ഖത്തറിലെത്തിയിട്ടുണ്ട്. ആദ്യ അങ്കത്തിൽ പോളിഷ് കൊടുങ്കാറ്റിനെ റാസ് അബൂ അബൂദ് കളിക്കളത്തിൽ അക്ഷോഭ്യനായി നേരിട്ട് നാൽപത്തിയൊന്നാം പോരാട്ടത്തിലും തലവേരാ തന്റെ ചോരാത്ത കൈയിന്റെ പെരുമ കാത്തു.

ഫ്രഞ്ച് പടയുടെ അണ്ടർ 19ന് കാവൽനിന്നതിന്റെ പരിചയസമ്പത്ത് കൂടുതലായി കൈവശമുള്ള സൈമണിന്റെ കൈകളും കാവലും ഭേദിച്ച് വല തുരക്കാൻ എതിരാളികൾ അൽപം വിയർക്കേണ്ടി വരും. ആദ്യ അങ്കത്തിൽ ഒരു ഗോൾ സ്വന്തം വലയിലെത്തിയതിന്റെ കുണ്ഠിതമുണ്ടാവും സൈമണിന്.

അണ്ടർ 17ന്റെ ഇന്ത്യയിൽ അരങ്ങേറിയ ലോക കാൽപന്ത് മാമാങ്കത്തിൽ ഘാനയുടെ ഒന്നാമനായി വലക്കണ്ണി മുറുക്കി കാവൽ നിന്ന 5.11 ഉയരക്കാരൻ ഇബ്രാഹീം ഡാൻലാഡ്, അണ്ടർ 23ന്റെ പടയണിയിലും രാജ്യവലകാക്കാൻ അണിനിരന്ന കരുത്തുമായാണ് ഖത്തറിലെത്തിയിരിക്കുന്നത്.

അണ്ടർ 20ന്റെ പോരാട്ടക്കളത്തിൽ പോരടിച്ച് രണ്ടുതവണ സ്വർണകൈയുറ കൈപ്പിടിയിലാക്കിയ കാവൽ മികവിന്റെ അർഹതയുമായി യൗവനത്തിളക്കത്തിന്റെ ആഫ്രിക്കൻ കാവൽ സൗന്ദര്യം ഖത്തറിലെത്തിയിരിക്കുന്നത് രണ്ടാം അവസരക്കാരൻ ആയിട്ടാണെങ്കിലും പടയണി കുതിക്കുന്തോറും പ്രകടന സാധ്യതയേറുന്നതാണ്.

പറങ്കിപ്പടയുടെ കടന്നാക്രമണത്തിലും വീരോചിതം പോരാടി ടീം കീഴടങ്ങിയെങ്കിലും സ്വർണമുടിക്കാരായ ഏഷ്യൻ കരുത്തിന്റെ കൊറിയപ്പോരാട്ടവും ഉറുഗ്വായുടെ തേരോട്ടവും വല കാത്ത് പ്രതിരോധിക്കാൻ ഒന്നാമനായ ലോറൻസ് ആറ്റി സിഗിക്ക് പിന്തുണയുമായി കൗമാരക്കാരൻ ഇബ്രാഹിം ഉണ്ടാവും, പകരക്കാരൻ രണ്ടാമനായി.

മുപ്പത്തിയഞ്ച് - നാൽപതിന്റെ പരിചയ സമ്പത്തിൽ 18 കാവൽക്കാരും മുപ്പത് - മുപ്പത്തിയഞ്ചിന്റെ ചെറുപ്പത്തിൽ 37 പേരും വല കാക്കാൻ ഖത്തറിൽ പറന്നിറങ്ങിയിട്ടുണ്ട്.യൗവന തിളപ്പിൽ വല ചോരാതെ കാവലിനായി 33 പേരുണ്ട് പോരാളി സംഘങ്ങളിൽ.

മരുഭൂമിയുടെ മണൽപ്പരപ്പുകളെ ശൈത്യത്തിന്റെ വലക്കണ്ണികൾ വരിഞ്ഞുമുറുക്കുന്ന ദിനരാത്രങ്ങളിൽ കാൽപന്ത് പോരാട്ടത്തിന്റെ പെരും ചൂടിൽ ജ്വലിച്ചുയരുന്ന ലോക മാമാങ്കത്തിന് ഡിസംബറിന്റെ പതിനെട്ടാം നാൾ കലാശക്കൊട്ടാവുമ്പോൾ എട്ട് വാര വലുപ്പമുള്ള വലമൂടിയ ഗുഹക്ക് കാവലായി നിൽക്കുന്ന ഭൂതങ്ങളിൽ പുതിയ പല താരങ്ങളും ഉദയംകൊണ്ടേക്കാം.

ദിഗന്തം മുഴങ്ങുന്ന ആഹ്ലാദ അലർച്ചകൾക്കും പരാജയത്തിന്റെ വിങ്ങലിൽ പുൽനാമ്പുകളിലേക്ക് ഉറ്റുവീഴുന്ന കണ്ണീർച്ചൂടിനും ലോകം കാഴ്ചക്കാരായേക്കാം. പുൽനാമ്പുകളിൽ തീപടർത്തിയോടുന്ന അൽ രിഹ്‍ലയെ വിരൽത്തുമ്പുകൊണ്ട് പിടിച്ചുകെട്ടാനും കൈപ്പിടിയിലൊതുക്കി മെരുക്കാനുമായി കണ്ണിമ വെട്ടാതെ മെയ് വഴക്കത്തിന്റെ കാവൽ സൗന്ദര്യമായി അവരുണ്ട്. വല കാക്കുന്ന ഭൂതങ്ങളായി തൊണ്ണൂറ്റിയാറ് പേർ.

Tags:    
News Summary - Guards guarding the net

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.