ബെർലിൻ: ലോകകപ്പിനുള്ള ജർമൻ ടീമിനെ കോച്ച് ഹാൻസി ഫ്ലിക്ക് പ്രഖ്യാപിച്ചു. പരിക്കേറ്റ മാർക്കോ റൂയിസ്, മാറ്റ് ഹമ്മൽസ് എന്നിവർ പുറത്തായപ്പോൾ മറ്റു പ്രമുഖരെല്ലാം ടീമിലുണ്ട്. നേരത്തെ സ്ട്രൈക്കർ തിമോ വെർണറും പരിക്ക് കാരണം പുറത്തായിരുന്നു. 2014ലെ ലോകകപ്പ് ഫൈനലിൽ അർജന്റീനക്കെതിരെ വിജയഗോൾ നേടിയ മാരിയോ ഗോട്സെയും ബൊറൂസിയ ഡോട്മുണ്ടിന്റെ വണ്ടർ കിഡ് 17കാരൻ യൂസുഫ മൗകോകൊയും 26 അംഗ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ബയേൺ മ്യൂണികിന്റെ ഏഴ് താരങ്ങളാണ് ലോകകപ്പിൽ ജർമനിക്കായി ബൂട്ടണിയുക.
ക്യാപ്റ്റനും ബയേൺ മ്യൂണിക്കിന്റെ വിശ്വസ്തനുമായ മാനുവൽ ന്യൂയർ തന്നെയാണ് വല കാക്കുക. ബാഴ്സലോണയുടെ ആന്ദ്രെ ടെർസ്റ്റീഗൻ, എയ്ട്രാഷ് ഫ്രാങ്ക്ഫർട്ടിന്റെ കെവിൻ ട്രാപ്പ് എന്നിവരും ഗോൾകീപ്പർമാരായി ഇടം പിടിച്ചു. സ്ട്രൈക്കർമാരായി ബയേൺ മ്യൂണിക് താരങ്ങളായ സെർജി നാബ്രി, ലിറോയ് സാനെ, ബൊറൂസിയ ഡോട്മുണ്ടിന്റെ കരീം അദേയേമി, യൂസുഫ മൗകോകൊ, വെർഡർ ബ്രമന്റെ നികളാസ് ഫുൾക്രഗ് എന്നിവരാണ് ഇടം നേടിയത്.
മധ്യനിരയിലും വൻ താരനിരയാണ് ജർമൻ ടീമിലുള്ളത്. ബയേൺ മ്യൂണിക് താരങ്ങളായ തോമസ് മുള്ളർ, ജോഷ്വ കിമ്മിച്ച്, ജമാൽ മ്യൂസിയാല, ലിയോൺ ഗോരട്സ്ക, മാഞ്ചസ്റ്റർ സിറ്റിയുടെ ഇൽകായ് ഗുണ്ടോഗൻ, ഡോട്മുണ്ടിന്റെ ജൂലിയൻ ബ്രാന്റ്, ബൊറൂസിയ മോൻഷൻഗ്ലാഡ്ബാഷിന്റെ ജോനാസ് ഹോഫ്മാൻ, എയ്ട്രാഷ് ഫ്രാങ്ക്ഫർട്ടിന്റെ മാരിയോ ഗോട്സെ, ചെൽസിയുടെ കായ് ഹാവെർട്സ് എന്നിവരാണ് മിഡ്ഫീൽഡർമാർ.
അന്റോണിയോ റൂഡ്രിഗർ (റയൽ മാഡ്രിഡ്), മാത്യാസ് ജിന്റർ (എസ്.സി ഫ്രെയ്ബർഗ്), തിലോ കെഹ്റർ (വെസ്റ്റ്ഹാം), നികൊളാസ് ഷൂൾ (ഡോട്മുണ്ട്), അർമേൽ ബെല്ല കൊച്ചാപ് (സതാംപ്ടൺ), നികൊ സ്ക്ലോട്ടർബർഗ് (ഡോട്മുണ്ട്), ലുകാസ് ക്ലോസ്റ്റർമാൻ, ഡേവിഡ് റൗം (ആർ.ബി ലെയ്പ്സിഷ്), ക്രിസ്റ്റ്യൻ ഗുണ്ടർ (എസ്.സി ഫ്രെയ്ബർഗ്) എന്നിവരാണ് പ്രതിരോധം കാക്കുക.
നവംബർ 23ന് ജപ്പാനുമായാണ് ജർമനിയുടെ ആദ്യ മത്സരം. സ്‍പെയിൻ, കോസ്റ്ററിക്ക എന്നിവയാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.