ദോഹ: ആറു പതിറ്റാണ്ട് മുമ്പ് ബ്രസീൽ സ്വന്തമാക്കിയ ആ നേട്ടം ആവർത്തിക്കാൻ ഇത്തവണ ഫ്രാൻസിനാകുമോ? ലോകകപ്പ് നിലനിർത്തുകയെന്ന സ്വപ്നനേട്ടം കൊയ്യാൻ ഫ്രഞ്ച്പട ഖത്തർ മണ്ണിൽ കച്ചമുറുക്കുകയാണ്. 1962നുശേഷം, 1998ൽ ബ്രസീൽ തുടർച്ചയായ രണ്ടു ലോകകപ്പിന് അരികിലെത്തിയിരുന്നു. പക്ഷേ, അന്ന് ഫ്രാൻസിനു മുന്നിൽ മഞ്ഞപ്പട ഇടറി വീണു.
കിരീടം നിലനിർത്തുമെന്ന് പ്രതീക്ഷിച്ച 2002ൽ ഫ്രാൻസിന്റെ വമ്പൻ താരനിര വൻ പരാജയമായി. ആഴ്സനൽ സ്ട്രൈക്കർ തിയറി ഒന്റി, യുവന്റസിന്റെ ഡേവിഡ് ട്രസിഗ്വെ, ഉദിച്ചുയരുന്ന താരം ഡിബ്രിൽ സിസെ തുടങ്ങിയ യൂറോപ്യൻ ലീഗ് ഗോളടിവീരന്മാരുമായാണ് അന്ന് ഫ്രഞ്ച് സംഘമെത്തിയത്. സാക്ഷാൽ സിനദിൻ സിദാൻ പരിക്കിന്റെ പിടിയിലായതോടെ ഒരു കളിപോലും ജയിക്കാതെ ആദ്യ റൗണ്ടിൽതന്നെ ടീം പാരിസിലേക്ക് വണ്ടികയറുകയായിരുന്നു.
2002ൽ സെനഗാൾ, യുറുഗ്വായ്, ഡെന്മാർക് എന്നീ ടീമുകൾക്കൊപ്പമായിരുന്നു ഫ്രാൻസ് ഗ്രൂപ് ഘട്ടത്തിൽ കളിച്ചത്. മത്സരത്തിന്റെ അഞ്ചു ദിവസം മുമ്പ് സന്നാഹത്തിൽ ദക്ഷിണ കൊറിയക്കെതിരെ കളിക്കുന്നതിനിടെ സിദാന് പരിക്കേറ്റതാണ് അന്ന് ടീമിന് കൂടുതൽ വിനയായത്. സെനഗാളിനോടും ഡെന്മാർക്കിനോടും തോറ്റും ഉറുഗ്വായിയോട് സമനിലയിലും കുരുങ്ങിയുമാണ് ഫ്രാൻസ് അന്ന് മടങ്ങിയത്.
ഇത്തവണയും പറയാൻ മികച്ച താരങ്ങൾ ടീമിലുണ്ട്. ബാലൻ ഡിഓർ പുരസ്കാരം നേടിയ കരീം ബെൻസേമ, കഴിഞ്ഞ ലോകകപ്പിലെ താരം കിലിയൻ എംബാപ്പെ, ഒപ്പം അന്റോണിയോ ഗ്രീസ്മാനും ഒളിവർ ജിറൂഡും. വേഗവും അനിതരണ സാധാരണമായ കഴിവും ഒത്തുചേർന്ന താരങ്ങൾ. 2002ലെ ഫ്രഞ്ച് ടീം പോലെ മിഡ്ഫീൽഡിലാണ് പ്രശ്നം. കഴിഞ്ഞ തവണ ടീമിലുണ്ടായിരുന്ന പോൾ പോഗ്ബയും എൻഗോളോ കാന്റെയും പരിക്കു കാരണം പുറത്തായത് മധ്യനിരയെ ബാധിക്കും. സെൻട്രൽ ഡിഫൻഡറായ റാഫേൽ വരാനെ പരിക്കിൽനിന്ന് മോചിതനാകുന്നേയുള്ളൂവെന്നതും കോച്ച് ദിദിയർ ദെഷാംസിന് തലവേദന കൂട്ടും. ഒരു മാസം മുമ്പ് മാഞ്ചസ്റ്റർ യുനൈറ്റഡിനായി കളിക്കുമ്പോഴായിരുന്നു വരാനെക്ക് പേശിവലിവും അനുബന്ധ പ്രശ്നങ്ങളുമുണ്ടായത്.
അവസാനമായി ഫോർവേഡ് ക്രിസ്റ്റഫർ എൻകുങ്കുവിനാണ് പരിക്കേറ്റത്. റാൻഡൽ കോളോ മുവാനി പകരം ടീമിനൊപ്പം ചേർന്നു. ബെൻസേമയുടെ കാര്യത്തിൽ വരെ സംശയമുണ്ട്. ഈ സീസണിൽ റയൽ മഡ്രിഡിന്റെ നിരവധി മത്സരങ്ങളിൽ ബെൻസേമ പുറത്തിരിക്കുകയായിരുന്നു. ഈ മാസം 22ന് അൽ ജനൂബ് സ്റ്റേഡിയത്തിൽ ആസ്ട്രേലിയയുമായാണ് ഗ്രൂപ് ഡിയിൽ ഫ്രാൻസിന്റെ ആദ്യ മത്സരം. ഡെന്മാർക്കും തുനീഷ്യയുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.