ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ പ്രസിഡന്റ് ശൈഖ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫ
ദോഹ: കാൽപന്തു കളിയുടെ വിശ്വമേളയിലേക്ക് രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ ലോകമെങ്ങുമുള്ള ഫുട്ബാൾ ആരാധകരുടെ പിന്തുണ ഖത്തറിനായി അഭ്യർഥിച്ച് ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ പ്രസിഡന്റ് ശൈഖ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫ. ലോകമെങ്ങുമുള്ള ഫുട്ബാൾ കുടുംബങ്ങളും ആരാധകരും ലോകകപ്പിനായി ഖത്തറിനൊപ്പമുണ്ടാവണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. 'ഖത്തർ ഭരണകൂടം, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, ഖത്തർ ഫുട്ബാൾ അസോസിയേഷൻ, ഫിഫ എന്നിവരുടെ നേതൃത്വത്തിൽ മനോഹരമായ ലോകകപ്പിനാണ് രണ്ടാഴ്ചക്കപ്പുറം രാജ്യം വേദിയാവുന്നത്. എക്കാലവും ഓർമിക്കപ്പെടുന്ന കളിയുത്സവമാവും എന്നതിൽ തർക്കമില്ല.
'പൂർണഹൃദയത്തോടെ, ഖത്തറിന്റെയും പങ്കാളികളുടെയും ശ്രമങ്ങളെ അഭിനന്ദിക്കേണ്ട സമയമാണിത്. ഭൂമിയിലെ മനോഹരമായ ഈ ഗെയിമിലൂടെ സമാധാനവും ഐക്യവും കെട്ടിപ്പടുക്കാനും കഴിയും. പല ചിന്തകളും സംസ്കാരങ്ങളും ഭാഷകളുമുള്ള ലോകത്തെ സന്തോഷത്തിന്റെയും ആവേശത്തിന്റെയും ശുഭാപ്തിവിശ്വാസത്തിന്റെയും പോസിറ്റിവ് സ്പിരിറ്റിൽ ഒന്നിപ്പിക്കാൻ ഫുട്ബാളിന് മാത്രമേ കഴിയൂ. പ്രയാസകരമായ സാഹചര്യങ്ങളിൽ സമാധാനത്തിന്റെ ഉജ്ജ്വല സന്ദേശം നൽകാൻ ഫിഫ ലോകകപ്പിനോളം മികച്ചതില്ല -ശൈഖ് സൽമാൻ പറഞ്ഞു.
ലോകകപ്പിന്റെ വിജയകരമായ സംഘാടനത്തിൽ ഖത്തറിനെയും സഹനടത്തിപ്പുകാരെയും അഭിനന്ദിക്കുന്നതോടൊപ്പും ഏഷ്യൻ ഫുട്ബാൾ കുടുംബത്തിന്റെ പൂർണ പിന്തുണയുമുണ്ട്. ലോകമെങ്ങുമുള്ള ഫുട്ബാൾ സമൂഹവും ഈ ലോകകപ്പിനൊപ്പമുണ്ടാവണം -ഏഷ്യൻ ഫുട്ബാൾ അധ്യക്ഷൻ സന്ദേശത്തിൽ വ്യക്തമാക്കി.
നവംബർ 20ന് അൽ ബെയ്ത് സ്റ്റേഡിയത്തിലാണ് ലോകകപ്പിന്റെ കിക്കോഫ്. ഇത് രണ്ടാം തവണയാണ് ഏഷ്യൻ വൻകരയിൽ ലോകകപ്പ് വിരുന്നെത്തുന്നത്. കൂടുതൽ ഏഷ്യൻ ടീമുകളുടെ പങ്കാളിത്തമുള്ള ലോകകപ്പ് എന്ന പ്രത്യേകതയും ഇത്തവണത്തെ മേളക്കുണ്ട്. ആതിഥേയരായ ഖത്തർ, സൗദി അറേബ്യ, ഇറാൻ, ജപ്പാൻ, ദക്ഷിണ കൊറിയ, ആസ്ട്രേലിയ എന്നീ ആറു ടീമുകളാണ് എ.എഫ്.സിയിൽനിന്നും ലോകകപ്പ് കളിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.