ആശാന്റെ ഇഷ്ടങ്ങൾ; കേരള ബ്ലാസ്റ്റേഴ്സിന്‍റെ അമരക്കാരനോട് അഞ്ച് ചോദ്യങ്ങൾ

ഇവാൻ വുകുമിനാവിചിന്‍റെ 'കേറിവാടാ മക്കളെ' എന്ന ഒറ്റ ഡയലോഗ് മതിയായിരുന്നു ഐ.എസ്.എൽ ഫൈനലിൽ കേരളമൊന്നടങ്കം ഗോവയിലേക്കൊഴുകാൻ. തോൽവിയുടെ കയത്തിൽ മുങ്ങിത്താന്നപ്പോഴാണ് ബ്ലാസ്റ്റേഴ്സിനെ കരക്കെത്തിക്കുന്ന കപ്പിത്താന്‍റെ റോളിൽ ഈ സെർബിയക്കാരൻ അവതരിച്ചത്. പിന്നീട് കണ്ടത് മഞ്ഞപ്പടയുടെ കുതിപ്പായിരുന്നു. ബ്ലാസ്റ്റേഴ്സിന്‍റെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോളും പൊയന്‍റും വിജയങ്ങളുമായി കേരളത്തെ മഞ്ഞക്കടലാക്കിയ കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകൻ ഇവാൻ വുകുമിനോവിച്ചിന് ഖത്തർ ലോകകപ്പിലുമുണ്ട് സ്വന്തമായ ഇഷ്ടങ്ങളും പ്രവചനങ്ങളും. കേരള ബ്ലാസ്റ്റേഴ്സിന്‍റെ അമരക്കാരനോട് അഞ്ച് ചോദ്യങ്ങൾ...

1. ഇഷ്ടപ്പെട്ട ടീം

ബെൽജിയം. അവരുടെ മത്സര ശൈലി വളരേയേറെ ഇഷ്ടമാണ്. അതിലുപരിയായി ഏറെ അടുപ്പമുള്ള നാടാണ് ബെൽജിയം. 2005 മുതൽ 17 വർഷത്തോളം അവിടെയാണ് ജീവിച്ചത്. വിദ്യാഭ്യാസ കാലവും ബെൽജിയമായിരുന്നു. പ്രത്യേക താളത്തോടെ ഒത്തൊരുമയോടെ കളിക്കുന്ന ബെൽജിയമാണ് ഈ ലോകകപ്പിൽ എന്‍റെ ഫേവ്റൈറ്റ് ടീം.

2. ഇഷ്ട താരം

അതും ഒരു ബെൽജിയം താരം തന്നെയാണ്. കെവിൻ ഡിബ്ര്യൂൺ. അവന്‍റെ കളി ഇഷ്ടമാണ്. ബുദ്ധിയുള്ള കളിക്കാരനാണ് ഡിബ്ര്യൂൺ. മികച്ച വ്യക്തിത്വത്തിന്‍റെ ഉടമയാണ്. നേരിട്ടുള്ള പരിചയത്തിന്‍റെ അടിസ്ഥാനത്തിലാണ് ഞാൻ ഇത് പറയുന്നത്. ഈ ലോകകപ്പിൽ തിളങ്ങാൻ സാധ്യതയുള്ള താരംകൂടിയാണത്.

3. ഇഷ്ടപ്പെട്ട ഇതിഹാസം

ഫ്രഞ്ച് താരം സിനദൈൻ സിദാൻ. അദ്ദേഹം റയൽമഡ്രിഡിലായിരുന്നപ്പോൾ പലതവണ എതിരെ കളിക്കാൻ സാധിച്ചിട്ടുണ്ട്. ഏറെ അഭിമാനത്തോടെയാണ് ഈ നേട്ടത്തെ കാണുന്നത്. എന്തൊരു കളിക്കാരനാണ് സിദാൻ. 1998 ലോകകപ്പിൽ ഫ്രാൻസിനെ കിരീടത്തിലെത്തിച്ചത് സിദാന്‍റെ കളിമികവാണ്. റയൽ മഡ്രിഡിലും അദ്ദേഹം അത് തുടർന്നു.

4. ഇഷ്ടപ്പെട്ട ലോകകപ്പ്

ഫ്രാൻസ് കിരീടം നേടിയ 1998 ലോകകപ്പ്. ഈ ടൂർണമെന്‍റ് ഇഷ്ടപ്പെടാനുള്ള പ്രധാന കാരണം സിനദൈൻ സിദാനായിരുന്നു. ഫൈനലിലെ ബ്രസീൽ-ഫ്രാൻസ് പോരാട്ടം ഉൾപെടെ മികവുറ്റ മത്സരങ്ങളാണ് ഈ ടൂർണമെന്‍റിൽ അരങ്ങേറിയത്.

5. ആരാകും പുതിയ ചാമ്പ്യൻ

കൃത്യമായ ഉത്തരം പറയൽ ബുദ്ധിമുട്ടാണ്. എല്ലാം ഒന്നിനൊന്ന് മികച്ച ടീമുകളാണ്. ഫ്രാൻസ്, ബ്രസീൽ, ജർമനി എന്നീ ടീമുകൾക്കാണ് സാധ്യത കൂടുതൽ. മറ്റ് ചെറിയ ടീമുകളെ പോലും എഴുതിത്തള്ളാൻ കഴിയില്ല. ഐ.എസ്.എൽ സീസണായതിനാൽ ലോകകപ്പ് നേരിൽ കാണാൻ പോകാൻ കഴിയില്ലെന്ന സങ്കടവുമുണ്ട്

Tags:    
News Summary - Five questions to Ivan Vukomanović

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.