അ​ൽ ബെ​യ്​​ത്​ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മൊ​റോ​ക്കോ- ക്രൊ​യേ​ഷ്യ ​മ​ത്സ​രം ക​ണ്ട ശേ​ഷം അ​ബ്​​ദു​ൽ​റ​ഹ്​​മാ​ൻ ക്രൊ​യേ​ഷ്യ​ൻ ആ​രാ​ധ​ക​ർ​ക്കൊ​പ്പം

ഒടുവിൽ ലോകകപ്പ് ഗാലറിയിൽ റഹ്മാനെത്തി

ദോഹ: 'നവംബർ 22ന് രാത്രി കണ്ണൂരിൽ നിന്നും വിമാനം കയറി നാലര മണിക്കൂറിലേറെ പറന്ന ശേഷം ഖത്തറിൻെറ സ്വപ്ന ഭൂമിയിലേക്ക് ഞാൻ പറന്നിറങ്ങി. ലോകകപ്പ് ഫുട്ബാൾ നഗരിയിലെത്തുക, കളി കാണുക, കളിയാവേശം അനുഭവിക്കുക.. ഇതൊക്കെ അതിവിദൂരമായൊരു സ്വപ്നം മാത്രമായിരുന്നു. എന്നാൽ, ഇന്നത് അനുഭവിക്കുന്നതിൻെറ അവിശ്വസനീയതയിലാണ് ഞാൻ. എന്നെ തന്നെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നു. ഒരു പാട് പേരോട് നന്ദിയുണ്ട്.

വിമാന ടിക്കറ്റ് നൽകിയ ശ്രീകുമാര്‍ കോര്‍മത്ത്, മാച്ച് ടിക്കറ്റും ഹയാകാർഡും നൽകിയ ഖത്തറിലെ ഗോ മുസാഫർ ട്രാവൽ ആൻഡ് ടൂറിസത്തിൻെറ ഫിറോസ് നാട്ടു, ഖത്തറിൽ താമസവും ചിലവും വഹിക്കുന്ന ട്രൂത്ത് േഗ്ലാബൽ ഫിലിംസിൻെറ സമദ്, വിമാനത്താവളത്തിലെത്തി സ്വീകരിക്കുകയും സ്റ്റേഡിയങ്ങളിലെത്തിക്കുകയും ചെയ്ത റിയാസ്, മാധ്യമപ്രവർക്കനായ വിപുൽനാഥ്.. അങ്ങനെ ഒരുപാട് പേരുടെ പിന്തുണയും പ്രാർഥനയുമാണ് എന്നെ ലോകകപ്പിൻെറ ഇൗ വേദിയിലെത്തിച്ചത്' -സന്തോഷ് ട്രോഫിയും ഡ്യൂറണ്ട്കപ്പും ഐ.എസ്.എല്ലും കൊൽക്കത്ത ലീഗും ഉൾപ്പെടെ കേരളത്തിൻെറ കളികാഴ്ചകളിൽ നിത്യ സാന്നിധ്യമായിരുന്ന റഹ്മാനിക്ക എന്ന അബ്ദുൽ റഹ്മാൻ പറഞ്ഞു വെക്കുന്നത് ഇങ്ങനെയാണ്.

കേരളത്തിലെ ഫുട്ബാൾ താരങ്ങൾക്ക് ചിരപരിചിതനാണ് അബ്ദുൽ റഹ്മാൻ. കേരളത്തിൻെറ മുൻകാല താരങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരനും, കടുത്ത ഫുട്ബാൾ ആരാധകനും മുൻകളിക്കാരൻ കൂടിയായ റഹ്മാൻെറ ലോകകപ്പ് മോഹം മാധ്യമങ്ങളിലൂടെ അറിഞ്ഞ പ്രവാസികളാണ് ഇദ്ദേഹത്തിന് ലോകകപ്പ് മത്സരങ്ങൾ കാണാൻ അവസരം ഒരുക്കിയത്.

ചൊവ്വാഴ്ച രാത്രിയിൽ ദോഹയിലെത്തിയ റഹ്മാൻ സുഹൃത്തുക്കളും ഫുട്ബാൾ ആരാധകരും ഒരുക്കിയ താമസ സ്ഥലത്ത് വിശ്രമിച്ച ശേഷം, ആദ്യ മത്സരം കാണാനായി ബുധനാഴ്ച അൽ ബെയ്ത് സ്റ്റേഡിയത്തിലെത്തി. ഉച്ചക്ക് നടന്ന മൊറോക്കോ -ക്രൊയേഷ്യ മത്സരത്തിനായിരുന്നു ടിക്കറ്റ് ലഭിച്ചത്. ലൂകാ മോഡ്രിച്ചും ഇവാൻ പെരിസിചും അണിനിരന്ന െക്രായേഷ്യയും, ഹകിം സിയകും അഷ്റഫ് ഹകിമും അണിനിരന്ന മൊറോക്കോയും തമ്മിലെ മത്സരം ഏറെ ആസ്വദിച്ചതായി റഹ്മാൻ പറയുന്നു. എന്നാൽ, കളി ഉഷാറായിട്ട് കാര്യമില്ല. ഗോളടിച്ചാലേ ജയിക്കൂ. അവസരങ്ങൾ ഏറെ ലഭിച്ചിട്ടും ആരും ഗോളടിച്ചില്ലെന്നത് നിരാശപ്പെടുത്തി -റഹ്മാൻ പറഞ്ഞു.

മത്സര വേദിയായ അൽ ബെയ്ത് സ്റ്റേഡിയവും, െക്രായേഷ്യ-മൊറോക്കോ കാണികളെയും റഹ്മാന് ഏറെ ഇഷ്ടമായി. ഇനി ഇഷ്ട ടീമായ ബ്രസീലിൻെറ മത്സരം ഗാലറിയിരുന്ന് കാണണം. ഇതുവരെ ടിക്കറ്റ് ലഭിച്ചിട്ടില്ല. നവംബർ 30ന് നാട്ടിലേക്ക് മടങ്ങും മുേമ്പ ബ്രസീലിൻെറ കളി കൂടി കാണണമെന്ന് റഹ്മാൻ മോഹം പങ്കുവെക്കുന്നു.

വ്യാഴാഴ്ച രാത്രിയിൽ ലുസൈലിൽ നടന്ന ബ്രസീൽ-ഘാന മത്സരത്തിന് മുമ്പായി ലുസൈലിലെത്തി ആരാധക ആവേശത്തിലും പങ്കാളിയായി. നാട്ടിലേക്ക് മടങ്ങും മുമ്പ് എല്ലാ സ്റ്റേഡിയം പരിസരങ്ങളിലുമെത്തണമെന്നും റഹ്മാന് ആഗ്രഹമുണ്ട്.

കപ്പ് ആര് നേടും എന്ന ചോദ്യത്തിൽ രണ്ടഭിപ്രായമില്ല. 'യൂറോപ്യൻ ടീമും തെക്കനമേരിക്കൻ ടീമും തമ്മിലാവും ഫൈനൽ. ഇംഗ്ലണ്ട്, ഫ്രാൻസ്, സ്പെയിൻ നന്നായി കളിക്കുന്നുണ്ട്. അർജൻറീന സൗദിക്കെതിരെ തോറ്റത് നിരാശപ്പെടുത്തി. നല്ല ഫുട്ബാൾ കളിക്കുന്നവരാണ് അർജൻറീന. ഫൈനലിൽ ബ്രസീലും ഏതെങ്കിലുമൊരു യൂറോപ്യൻ ടീമുമായിരിക്കും മാറ്റുരക്കുന്നത്. ഇത്തവണ ഏഷ്യയിൽ ബ്രസീൽ തന്നെ ജയിക്കും' -റഹ്മാൻ പ്രവചിക്കുന്നു. 

'സത്യൻെറ റഹ്മാനിക്ക'

1990കളിൽ കേരളം രണ്ട് തവണ സന്തോഷ് ട്രോഫി നേടുമ്പോഴും എഫ്.സി കൊച്ചിന്‍ ഡ്യുറന്‍ഡ് കപ്പ് ഉയര്‍ത്തുമ്പോഴും ആ ടീമുകള്‍ക്കൊപ്പം ജീവനാഡിയായി അബ്ദുല്‍റഹ്മാന്‍ ഉണ്ടായിരുന്നു.

കളിക്കാരനാകണമെന്ന് ആഗ്രഹിച്ചു തുടങ്ങിയ കരിയറിനെ പരിക്കെടുത്തപ്പോള്‍, റഹ്മാന്‍ ടീം ഫിസിയോയുടെയും കിറ്റ്മാന്റെയും റോളില്‍ കേരള ടീമുകളുടെ ഭാഗമായി. ക്യാപ്റ്റന്‍ വി.പി. സത്യന്‍ നെഞ്ചോടു ചേര്‍ത്തുവെച്ച സഹപ്രവര്‍ത്തകനായിരുന്നു ഇദ്ദേഹം. ചങ്ങനാശേരി എസ്.എന്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ ക്ലബില്‍ കുരികേശ് മാത്യുവിനൊപ്പം കളിച്ച റഹ്മാന്‍, ആ ടീമിൻെറ ഗോള്‍ കീപ്പറായിരുന്നു.

അന്ന് കെ.ടി. ചാക്കോ രണ്ടാം ഗോളിയായിരുന്നു. ഇപ്പോൾ ജീവിക്കാനായ ആക്രിപെറുക്കാനിറങ്ങുേമ്പാഴും ഫുട്ബാൾ ജീവനാണ്. ഐ.എസ്.എല്ലിലും സന്തോഷ് ട്രോഫിയിലുമായി എല്ലായിടത്തുമുണ്ടാവും. ലോകകപ്പിന് മുമ്പായി കേരളത്തിൽ ലഹരിക്കെതിരെ സൈക്കിൾ പ്രചാരണവും നടത്തിയിരുന്നു.

Tags:    
News Summary - Finally, Rahman reached the World Cup gallery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.