റിയാദ്: ഖത്തറിൽ ലോകകപ്പ് മത്സരങ്ങൾ വീക്ഷിക്കാൻ സൗദിയിൽനിന്നോ പുറത്തുനിന്നോ റോഡുമാർഗം പോകുന്നവരുടെ യാത്ര സുഗമമാക്കാൻ 55 ബസുകൾ ഒരുക്കി സൗദി അധികൃതർ.
സൽവയിൽനിന്ന് ഖത്തർ അതിർത്തിയായ അബൂ സംറയിലേക്കാണ് ബസുകളുടെ സൗജന്യ ഷട്ടിൽ സർവിസുകൾ ഏർപ്പെടുത്തിയത്. സ്മാർട്ട് ആപ്ലിക്കേഷൻ വഴിയുള്ള ടാക്സി സർവിസുകളും യാത്രക്കാർക്ക് ഉപയോഗപ്പെടുത്താം.
ഫിഫ ലോകകപ്പ് മത്സരങ്ങൾക്കു വിസിൽ മുഴങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഖത്തറിലേക്കുള്ള റോഡ് ഗതാഗത സംവിധാനങ്ങൾ വിലയിരുത്താൻ സൗദി ഗതാഗത ചരക്കുനീക്ക ഡെപ്യൂട്ടി മന്ത്രിയും പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി (പി.ടി.എ) ആക്ടിങ് പ്രസിഡന്റുമായ ഡോ. റുമൈഹ് അൽ റുമൈഹ് കഴിഞ്ഞദിവസം അൽ അഹ്സയിലെത്തിയിരുന്നു.
ലോകകപ്പ് ആരാധകരെ റോഡുമാർഗം സൽവ അതിർത്തി വഴി ഖത്തറിൽ എത്തിക്കുന്നതിനുള്ള സൗകര്യങ്ങളുടെയും സേവനങ്ങളുടെയും തയാറെടുപ്പ് മന്ത്രി പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്തു. ഖത്തർ യാത്രവേളയിൽ ഫുട്ബാൾ പ്രേമികൾക്കുവേണ്ടി ഏർപ്പെടുത്തിയ ഗതാഗത സേവനങ്ങൾ, സാങ്കേതിക സംവിധാനങ്ങൾ, വിശ്രമ കേന്ദ്രങ്ങൾ, നിർദിഷ്ട റൂട്ടുകൾ എന്നിവയെക്കുറിച്ച് ട്രാഫിക്, ജവാസാത്ത് ഉദ്യോഗസ്ഥർ അൽ റുമൈഹിനോടും പ്രതിനിധിസംഘത്തോടും വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.