ഇനി അവസാനിപ്പിക്കാം, മെസ്സി തന്നെ ഏറ്റവും മികച്ചവനെന്ന് ഫിഫ; വിവാദമായ​​പ്പോൾ ട്വീറ്റ് നീക്കി

ക്രിസ്റ്റ്യാനോ റൊണാൾഡോയോ അതല്ല, ലയണൽ മെസ്സിയോ ലോകത്തെ ഏറ്റവും മികച്ച സോക്കർ താരമെന്ന തർക്കം ഏറെയായി ആരാധകർക്കിടയിൽ സജീവമാണ്. കരിയറിൽ ഇരുവരും എത്തിപ്പിടിച്ച എണ്ണമറ്റ റെക്കോഡുകളാണ് കണക്കുകളായി മുന്നിലെത്തുന്നത്. ക്രിസ്റ്റ്യാനോ റയൽ മഡ്രിഡിലും മെസ്സി ബാഴ്സയിലുമായ വർഷങ്ങളിൽ തുടക്കമായ തർക്കം കാലമേറെ ചെന്നിട്ടും അവസാനിച്ചിട്ടില്ലായിരുന്നു. എന്നാൽ, ക്രിസ്റ്റ്യാനോയുടെ പോർച്ചുഗൽ നേരത്തെ മടങ്ങുകയും മെസ്സിയുടെ അർജന്റീന കപ്പുയർത്തുകയും ചെയ്ത ഖത്തർ ലോകകപ്പ് അവസാനിച്ചതോടെ ഇനി ആ തർക്കത്തിൽ പ്രസക്തിയില്ലെന്നാണ് ആഗോള സോക്കർ സമിതിയായ ഫിഫ പറയുന്നത്. കലാശപ്പോരിൽ ഫ്രാൻസിനെ കീഴടക്കി മെസ്സി കപ്പുയർത്തിയതിനു പിറകെയായിരുന്നു എക്കാലത്തെയും മികച്ച സോക്കർ താരം മറ്റാരുമില്ലെന്ന് ഫിഫ ട്വീറ്റ് ചെയ്തത്.

‘‘ഏറ്റവും മികച്ച താരത്തെ കുറിച്ച ചർച്ച തീരുമാനമായിരിക്കുന്നു. ഏറ്റവും മഹത്തായ പുരസ്കാരം അയാളുടെ കരിയറിന്റെ ഭാഗമായിരിക്കുന്നു. ഈ പൈതൃകം സമ്പൂർണം’’- മെസ്സി കപ്പിൽ മുത്തമിടുന്ന ചിത്രത്തോടൊപ്പമുള്ള ട്വീറ്റ് പറയുന്നു.

ലോകകപ്പ് ഫൈനലിനു ശേഷം റൊണാൾഡോ കാര്യമായ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. മെസ്സിക്ക് അഭിനന്ദനമറിയിച്ച് എത്താത്തതും ശ്രദ്ധേയമായി. എന്നാൽ, ലോകകപ്പിൽ അഞ്ചു മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങളും ടൂർണമെന്റിന്റെ താരവുമുൾപ്പെടെ ആദരങ്ങൾ പലത് വാങ്ങിയതിനൊടുവിലായിരുന്നു മെസ്സി കിരീടം ചൂടിയത്. കരിയറിന്റെ അവസാനത്തിൽ നിൽക്കുന്ന ​​റൊണാൾഡോ ഇനി മുൻനിര ക്ലബുകൾക്കായി ബൂട്ടുകെട്ടുമോയെന്നും നിശ്ചയമില്ല. സൗദിയിലെ അന്നസ്ർ ക്ലബ് റെക്കോഡ് തുകക്ക് താരത്തെ ടീമിലെത്തിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതുസംബന്ധിച്ച് താരത്തിന്റെ പ്രതികരണം വന്നിട്ടില്ല.

മറുവശത്ത്, യൂറോപിലെ ഏറ്റവും മികച്ച ടീമുകളി​ലൊന്നായ പി.എസ്.ജി അടുത്ത സീസണിലേക്കു കൂടി താരത്തെ നിലനിർത്താൻ കഴിഞ്ഞ ദിവസം തീരുമാനമെടുത്തു. ഇത്തവണ ചരിത്രത്തിലാദ്യമായി മെസ്സിക്കൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം ചൂടാമെന്ന് ടീം കണക്കുകൂട്ടുന്നു.

വസ്തുതകൾ ഇതൊക്കെയാകാമെങ്കിലും, ഫിഫയുടെ ട്വീറ്റ് ക്രിസ്റ്റ്യാനോ ആരാധകർക്കിടയിൽ ഉണ്ടാക്കിയ വിമർശനം കടുത്തതായിരുന്നു. കണക്കുകൾ നിരത്തി പലരും രംഗത്തുവന്നതോടെ ഔദ്യോഗിക പേജിൽനിന്ന് ട്വീറ്റ് നീക്കി ഫിഫ തത്കാലം തടിയൂരി.  

Tags:    
News Summary - FIFA delete tweet that appears to make dig at Cristiano Ronaldo after Lionel Messi’s World Cup heroics with Argentina amid GOAT debate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.