നിബ്രാസ് ലുസൈൽ സ്റ്റേഡിയത്തിൽ

നിബ്രാസ് മെസ്സിയെ കണ്ടു, കൺനിറയെ!! സീറ്റിൽനിന്ന് എഴുന്നേറ്റ് ആർപ്പുവിളിച്ചു!! -VIDEO

ഇഷ്ടതാരം ലയണൽ മെസ്സി ലോകകപ്പിലെ പത്താം ഗോൾ സ്വന്തമാക്കുന്നത് ദോഹ ലുസൈൽ സ്റ്റേഡിയത്തിൽ കാണുമ്പോൾ തൃക്കരിപ്പൂർ മണിയനോടിയിൽ നിന്നുള്ള ഫാൻബോയ് നിബ്രാസ് അർജൻ്റീനിയൻ പതാക പാറിച്ച് തുള്ളിച്ചാടി.

പ്രാഥമിക റൗണ്ടിൽ അർജൻ്റീന സൗദിയോട് തോറ്റതിൽ മനംനൊന്ത് തേങ്ങിക്കരയവേ ടീം തിരിച്ചുവരുമെന്ന പ്രതീക്ഷ പങ്കുവെച്ച് സാമൂഹിക മാധ്യമങ്ങളിൽ വൈറലായ ഈ 14 -കാരന് ഇഷ്ടടീമിൻ്റെ ക്വാർട്ടർ മത്സരം കാണാനാണ് അവസരം ലഭിച്ചത്.

ലുസൈൽ സ്റ്റേഡിയത്തിൽ സീറ്റിൽ നിന്ന് എഴുന്നേറ്റ് ആർപ്പുവിളിക്കുന്ന നിബ്രാസ് 

തൊണ്ണൂറാം മിനുട്ടിൽ ഡച്ചുകാർ സമനില നേടിയപ്പോൾ ഹൃദയം നുറുങ്ങുന്ന വേദനയിൽ അവൻ പതാക കൊണ്ട് മുഖം മറച്ചു. എക്സ്ട്രാ ടൈമിൽ ഗോളാകുമെന്ന് കരുതിയ പന്ത് ബാറിൽ തട്ടി പുറത്ത് പോയില്ലായിരുന്നെങ്കിൽ എന്ന് അവൻ ആശിച്ചു. അർജൻ്റീനയുടെ ഓരോ മുന്നേറ്റത്തിനും അവൻ സീറ്റിൽ നിന്ന് എഴുന്നേറ്റ് ആർപ്പുവിളിച്ചു.

നാടകീയ നിമിഷങ്ങളും പരുക്കൻ അടവുകളും കണ്ട ആവേശകരമായ പ്രീ ക്വാർട്ടർ മത്സരത്തിൽ നെതർലൻഡ്സിനെ ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് മെസ്സിയും സംഘവും ഖത്തർ ലോകകപ്പിന്‍റെ സെമിയിൽ കടന്നത്. ഷൂട്ടൗട്ടിൽ 4-3 എന്ന സ്കോറിനാണ് അർജന്‍റീനയുടെ ജയം.

നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ടു വീതം ഗോളുകൾ നേടി സമനിലയിൽ പിരിഞ്ഞെങ്കിലും എക്സ്ട്രാ ടൈമിൽ ആർക്കും ഗോൾ നേടാനായില്ല. തുടർന്നാണ് ഷൂട്ടൗട്ട് വിധി നിർണയിച്ചത്. മെസ്സി, ലിയാൻഡ്രോ പരേഡസ്, ഗോൺസാലോ മോണ്ടിയൽ, ലൗതാരോ മാർട്ടിനെസ് എന്നിവർ പന്ത് അനായാസം വലയിലെത്തിച്ചു. എൻസോ ഫെർണാണ്ടസിന്‍റെ ഷോട്ട് ബാറിൽ തട്ടി പുറത്തുപോയി. ഡച്ച് നിരയിൽ കൂപ്മേനേഴ്സ്, വെഗ്ഹോസ്റ്റ്, ലുക്ക് ഡി യോങ് എന്നിവർ ഗോളാക്കി. നഹുവൽ മോളിനയിലൂടെ (35ാം മിനിറ്റിൽ) അർജന്‍റീനയാണ് മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. നെതർലൻഡ്സ് പ്രതിരോധ താരങ്ങൾക്കിടയിലൂടെ മെസ്സി നൽകിയ ഒന്നാംതരം ക്രോസാണ് ഗോളിൽ കലാശിച്ചത്.

നിബ്രാസ് സ്പോൺസർ ആഫി അഹ്മദിനോടൊപ്പം

ഡച്ച് പ്രതിരോധ താരങ്ങൾക്കിടയിലൂടെ ഓടിക്കയറി മെസ്സി നൽകിയ ത്രൂപാസ് ബോക്സിനുള്ളിൽ മൊളീനയിലേക്ക്. പന്തുമായി ഡാലി ബ്ലിൻഡിനെ മറികടന്ന മൊളീന, ഗോൾകീപ്പർ നോപ്പർട്ടിനെ കാഴ്ചക്കാരനാക്കി പന്ത് വലയിലെത്തിച്ചു. 73ാം മിനിറ്റിൽ പെനാൽറ്റി വലയിലെത്തിച്ച് മെസ്സി ലീഡ് ഉയർത്തി. ബോക്സിനുള്ളിൽ ഡച്ച് പ്രതിരോധ താരം ഡെൻസൽ ഡുംഫ്രീസ് അക്യൂനയെ ഫൗൾ ചെയ്തതിനാണ് റഫറി അർജന്‍റീനക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചത്. കിക്കെടുത്ത മെസ്സി ഗോളി നോപ്പർട്ടിനെ കാഴ്ചക്കാരനാക്കി അനായാസം പന്ത് വലയിലെത്തിച്ചു.

83ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ വൗട്ട് വെഗ്ഹോസറ്റിലൂടെ നെതർലൻഡ്സ് ഒരു ഗോൾ മടക്കി. സ്റ്റീവൻ ബെർഗൂയിസ് വലതുപാർശ്വത്തിൽ നിന്ന് ബോക്സിന്‍റെ മധ്യത്തിലേക്ക് ഉയർത്തി നൽകിയ ക്രോസ് ഒന്നാംതരം ഹെഡ്ഡറിലൂടെയാണ് വെഗ്ഹോസ്റ്റ് ലക്ഷ്യത്തിലെത്തിച്ചത്. പിന്നാലെ രണ്ടാം ഗോളും മടക്കാനുള്ള ഡച്ച് പടയുടെ മുന്നേറ്റം. നിരന്തരം അർജന്‍റീനയുടെ ഗോൾ മുഖം വിറപ്പിച്ച് നെതർലൻഡ്സ് ആക്രമണം. പ്രതിരോധിച്ച് അർജന്‍റീനയും. അധിക സമയത്തിന്‍റെ അവസാന മിനിറ്റുകളിൽ അർജന്‍റീന തുടരെ തുടരെ ഡച്ച് ഗോൾമുഖം വിറപ്പിച്ചെങ്കിലും വിജയ ഗോൾ മാത്രം നേടാനായില്ല. തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നത്.

നിബ്രാസിനൊപ്പം സ്പോൺസറും സ്മാർട്ട് ട്രാവൽ ഉടമയുമായ യു.പി.സി ആഫി അഹമദും കളി കാണാൻ പോയിരുന്നു. നിബ്രാസ് സമൂഹത്തിന് നൽകിയ പ്രതീക്ഷയുടെ സന്ദേശമാണ് കുട്ടിയെ സ്പോൺസർ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് ഫ്രഞ്ച് ഫാനായ അദ്ദേഹം പറഞ്ഞു. നിബ്രാസ് ഞായറാഴ്ച നാട്ടിലേക്ക് മടങ്ങും.

Tags:    
News Summary - Fan boy Nibras saw Messi, at lusail stadium

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.