ദോഹ: ലോക കാൽപന്തു പോരാട്ടം കിക്കോഫ് വിസിൽ കാത്തുനിൽക്കെ ടീമുകളേറെയും ഖത്തറിലെത്തുകയോ പുറപ്പെടാനൊരുങ്ങിനിൽക്കുകയോ ആണ്. കപ്പുയർത്തിയാലും നേരത്തെ മടങ്ങിയാലും ഇതിഹാസങ്ങൾക്കൊപ്പം ലോകപോരാട്ടത്തിനിറങ്ങാൻ കാത്തുനിൽക്കുകയാണ് ടീമുകളും കളിക്കാരും. എന്നാൽ, ചില ടീമുകളിൽ ഒരേ വീട്ടിൽനിന്ന് ഒന്നിലേറെ പേർ കളിക്കാനെത്തുന്നുവെന്ന അപൂർവ സവിശേഷതയും മുമ്പുള്ളവയെപോലെ ഖത്തർ ലോകകപ്പിനുമുണ്ട്.
നാലു രാജ്യങ്ങളിൽനിന്ന് അതിലേറെ രാജ്യങ്ങൾസഹോദരപ്പെരുമയിൽ ഖത്തർ ലോകകപ്പ്; കളിക്കിറങ്ങുന്നത് അഞ്ചു ജഴ്സിയിൽ എട്ടു സഹോദരങ്ങൾക്കായി ബൂട്ടുകെട്ടുന്ന എട്ടു പേരാണ് ഇത്തവണ സഹോദരന്മാരായി ഖത്തറിലെത്തുന്നത്. നാലു പേർ ആഫ്രിക്കയിൽനിന്നും നാലു പേർ യൂറോപിൽനിന്നും.
എഡൻ ഹസാർഡ്, തൊർഗൻ ഹസാർഡ്
ഒരു കുടുംബത്തിലെ അച്ഛനും അമ്മയും ഒപ്പം നാലു മക്കളും ഒരേ മികവിൽ പന്തു തട്ടുന്നവരാകുക. അതിൽ പകുതി പേരെങ്കിലും ദേശീയ ടീമിൽ അവിഭാജ്യ ഘടകങ്ങളാകുക. ചരിത്രത്തിൽ സമാനതകളില്ലാത്ത മാതൃകയുമായി ബെൽജിയം ടീമിൽ രണ്ടു പേരുണ്ട്. ഹഡൻ ഹസാർഡും അനുജൻ തൊർഗൻ ഹസാർഡും. രണ്ടു വയസ്സിന്റെ ഇളപ്പമുള്ള അനുജൻ ക്ലബ് തലത്തിൽ ബുണ്ടസ് ലിഗയിൽ ബൊറൂസിയ ഡോർട്മണ്ടിനൊപ്പം പന്തുതട്ടുമ്പോൾ റയൽ മഡ്രിഡിലാണ് എഡൻ. ഇരുവരെയും വെട്ടാൻ അവസരം പാർത്ത് രണ്ട് അനുജന്മാർ വരിയിൽ കാത്തിരിപ്പിലാണ്- കിലിയനും എഥാനും. മുമ്പ് മാതാവും ദേശീയ ടീമിൽ പന്തു തട്ടിയവർ. പിതാവാകട്ടെ, ദേശീയ ടീം വരെയെത്തിയില്ലെങ്കിലും കളിയിൽ കേമനെന്നു തെളിയിച്ചവൻ. കെവിൻ ഡി ബ്രുയിനും ബറ്റഷൂയിയും ഗോൾവലക്കു മുന്നിൽ തിബോ കൊർട്ടുവയുമുള്ള ബെൽജിയം ടീം ഇത്തവണ കുതിപ്പു പ്രതീക്ഷിക്കുന്നത് എഡൻ- തോർഗൻ ഹസാർഡുമാരെ കൂടി കണ്ടാണ്.
അറ്റ്ലറ്റിക്കിന്റെ സ്വന്തം വില്യംസ് സഹോദരന്മാർ
ലാ ലിഗയിലെ അറ്റ്ലറ്റിക് ക്ലബ് അപൂർവമായാണ് വിദേശ താരങ്ങളെ, പ്രത്യേകിച്ചും ആഫ്രിക്കക്കാരെ ടീമിലേക്ക് വിളിക്കാറ്. എന്നാൽ, ബാസ്കിലെ അക്കാദമിയിൽ പന്തു തട്ടി തുടങ്ങി പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ലാത്ത വില്യംസ് സഹോദരന്മാർ ടീമിന്റെ മുന്നേറ്റത്തിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യങ്ങളാണ്. ഇരുവരും ഇത്തവണ ലോകകപ്പിനെത്തുന്നുണ്ട്. പക്ഷേ, ഒരാൾ പിറന്ന നാടിനും രണ്ടാമൻ വളർന്ന നാടിനും വേണ്ടിയാണെന്ന വ്യത്യാസമുണ്ട്. ഇഫിയാക്കി വില്യംസ് ഘാന ടീമംഗമാണ്. ഇളയ സഹോദരൻ നിക്കോ വില്യംസ് സ്‍പെയിനിനു വേണ്ടിയും കളിക്കും. 2010ൽ രണ്ടു രാജ്യങ്ങൾക്കായി കളിച്ച ബോട്ടെങ് സഹോദരന്മാരുടെ ചരിത്രമാണ് ഇവർ ആവർത്തിക്കുന്നത്.
ഫ്രാൻസിന്റെ സ്വന്തം ലുക്കാസും തിയോയും
ജർമനിയിലെയും ഇറ്റലിയിലെയും ഏറ്റവും കരുത്തരായ രണ്ടു ടീമുകൾക്കായി പന്തുതട്ടുന്ന രണ്ടു പേരാണ് ലുക്കാസ് ഹെർണാണ്ടസും (ബയേൺ), തിയോ ഹെർണാണ്ടസും (എ.സി മിലാൻ). ഇരുവരും പിൻനിരയിൽ നൽകുന്ന ഉറപ്പും കരുതലുമാണ് ഇരു ടീമുകളുടെയും മുന്നേറ്റങ്ങളിലെ പ്രധാന ഘടകങ്ങളിലൊന്ന്. സ്വാഭാവികമായും ദേശീയ ടീം സിലക്ഷനാകുമ്പോൾ രണ്ടു പേരും ഒന്നിച്ച് എത്തുക സ്വാഭാവികം.
ഘാനക്ക് കൂട്ടാകാൻ ആയൂ ബ്രദേഴ്സ്
ആന്ദ്രേ ദെദെ ആയൂ, ജോർഡൻ ആയൂ എന്നിവർ ഏറെയായി ഘാന ടീമിലെ സ്ഥിരാംഗങ്ങളാണ്. ഒരാൾ നായകനാകുമ്പോൾ അപരൻ അതിലേറെ കരുത്തോടെ ടീമിൽ ഇടം ഉറപ്പാക്കിയവൻ. യൂറോപ്യൻ ലീഗുകളിൽ ഏറെനാൾ കളിച്ചതിനൊടുവിൽ ഖത്തർ ക്ലബിലാണ് ക്യാപ്റ്റൻ ദെദെ നിലവിൽ കളിക്കുന്നത് സഹോദരൻ ക്രിസ്റ്റൽ പാലസിലും. ഇരുവരെയും ഉൾപ്പെടുത്തിയതിനെതിരെ ഇത്തവണ വിവാദങ്ങളുണ്ടായെങ്കിലും മാറ്റിനിർത്തുന്നത് ആലോചിക്കാൻ പോലുമായിട്ടില്ലെന്ന് കോച്ച് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.