വലകുലുക്കി ഹെൻഡേഴ്സണും ഹാരി കെയ്നും; സെനഗാളിനെതിരെ ഇംഗ്ലണ്ട് മുന്നിൽ

ദോഹ: സെനഗാളിന്‍റെ പ്രസ്സിങ് ഗെയിമിന് ഇരട്ടപ്രഹരത്തിലൂടെ മറുപടി നൽകി ഇംഗ്ലണ്ട്. ഖത്തർ ലോകകപ്പിലെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ആദ്യ പകുതി പിന്നിടുമ്പോൾ സെനഗാളിനെതിരെ ഇംഗ്ലണ്ട് രണ്ടു ഗോളിനു മുന്നിലാണ്.

ജോർദാൻ ഹെൻഡേഴ്സൺ (39), ഹാരി കെയ്ൻ (45+3) എന്നിവരാണ് ഇംഗ്ലണ്ടിനായി ഗോൾ നേടിയത്. ഹെൻഡേഴ്സണാണ് ഇംഗ്ലണ്ടിനായി ആദ്യം വലകുലുക്കിയത്. കെയ്ൻ നൽകിയ പന്തുമായി ഇടതുവിങ്ങിലേക്ക് ബെല്ലിങ്ഹാമിന്‍റെ മുന്നേറ്റം. പ്രതിരോധ താരങ്ങൾക്കിടയിലൂടെ പോസ്റ്റിനു സമാന്തരമായി താരം നൽകിയ ക്രോസ് ഹെൻഡേഴ്സണ് വലയിലേക്ക് തട്ടിയിടേണ്ട ജോലി മാത്രം. സെനഗാൾ ഗോളി എഡ്വാർഡ് മെൻഡി കാഴ്ചക്കാരനായി നിന്നു.

ലോകകപ്പിൽ ഇംഗ്ലണ്ടിനായി ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമാണ് ഹെൻഡേഴ്സൺ. 1958ലെ ലോകകപ്പിൽ യു.എസ്.എസ്.ആറിനെതിരെ ടോം ഫിന്നി ഗോൾ നേടുമ്പോൾ വയസ്സ് 36. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ കെയ്നിലൂടെ ഇംഗ്ലണ്ട് ലീഡ് രണ്ടാക്കി. പ്രതിരോധം മറന്ന് മുന്നേറി കളിച്ചതാണ് സെനഗാളിന് തിരിച്ചടിയായത്. ഫിൽ ഫോഡനാണ് ഗോളിന് വഴിയൊരുക്കിയത്. കെയ്നിന്‍റെ ഖത്തർ ലോകകപ്പിലെ ആദ്യ ഗോളാണിത്.

ആദ്യ മിനിറ്റുകളിൽ സെനഗാളിന്‍റെ മുന്നേറ്റമായിരുന്നു. നാലാം മിനിറ്റിൽ സെനഗാളിന് സുവർണാവസരം. ത്രൂബോൾ കാലിൽ കുരുക്കി ജോണ്‍ സ്റ്റോണ്‍സിനും ഹാരി മഗ്വെയര്‍ക്കും ഇടയിലൂടെ ഇംഗ്ലണ്ട് ഗോൾമുഖത്തേക്ക് ബൊലെയ് ദിയയുടെ മുന്നേറ്റം. എന്നാല്‍ ഷൂട്ട് ചെയ്യാന്‍ അവസരം ലഭിക്കും മുമ്പ് മഗ്വെയർ അപകടം ഒഴിവാക്കി. പിന്നാലെ തുടരെ തുടരെ സെനഗാൾ ഗോൾമുഖം വിറപ്പിച്ച് ഇംഗ്ലണ്ട് താരങ്ങളുടെ മുന്നേറ്റം.

13ാം മിനിറ്റിൽ പോസ്റ്റിന്‍റെ ഇടതുവിങ്ങിൽനിന്ന് നായകൻ ഹാരി കെയ്ൻ പോസ്റ്റിനു സമാന്തരമായി ബോക്സിനുള്ളിലേക്ക് പന്ത് ഉയർത്തി നൽകിയെങ്കിലും ബുകായോ സാകക്ക് എത്തിപ്പെടാനായില്ല. ആദ്യ 20 മിനിറ്റ് പിന്നിടുമ്പോഴും ഇരു ടീമുകൾക്കും കാര്യമായ ചലനങ്ങളുണ്ടാക്കാനായില്ല. 22ാം മിനിറ്റിൽ സെനഗാളിന് മറ്റൊരു അവസരം. മഗ്വയറുടെ പാസ് പിടിച്ചെടുത്ത ക്രെപിൻ ഡയറ്റ വലതു വിങ്ങിലൂടെ മുന്നേറി ഇംഗ്ലണ്ട് ബോക്സിലേക്ക് ഉയർത്തി നൽകിയ പന്ത് ദിയക്ക് കൃത്യമായി കണക്ടറ്റ് ചെയ്യാനായില്ല.

പന്ത് വന്ന് വീണത് ഗോളി പിക്ക്ഫോർഡിനു മുന്നിൽ. പന്ത് ഗോളി കൈയിലൊതുക്കുന്നതിനു മുമ്പേ പാഞ്ഞെത്തിയ ഇസ്മയില സാറ ഷോട്ട് തൊടുത്തെങ്കിലും ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്ക്. 32ാം മിനിറ്റിൽ സെനഗാൾ മുന്നേറ്റത്തിനൊടുവിൽ പന്ത് ബോക്സിനുള്ളിലുണ്ടായിരുന്നു ദിയയുടെ കാലിൽ. ഇടതുവിങ്ങിൽനിന്നുള്ള വല ലക്ഷ്യമാക്കിയുള്ള താരത്തിന്‍റെ ഷോട്ട് ഇംഗ്ലണ്ട് ഗോളി തട്ടിയകറ്റി.

ഇറാനെതിരെ 6-2ന്റെ വമ്പൻ ജയം നേടി തുടങ്ങിയ ഇംഗ്ലണ്ട് തോൽവിയറിയാതെ ബി ഗ്രൂപ്പിൽ ജേതാക്കളായാണ് അവസാന 16ലെത്തിയത്. ഒരു തോൽവിയോടെ സെനഗാളും. അന്താരാഷ്ട്ര മത്സരങ്ങളിൽ ഇരു ടീമുകളും ഇതുവരെ ഏറ്റുമുട്ടിയിട്ടില്ല. 2002ൽ ക്വാർട്ടർ ഫൈനലിലെത്തിയതാണ് ലോകകപ്പിൽ സെനഗാളിന്‍റെ മികച്ച നേട്ടം. ഇംഗ്ലണ്ട് 4-3-3 ശൈലിയിലും സെനഗാൾ 4-2-3-1 ഫോർമാറ്റിലുമാണ് കളിക്കുന്നത്. മത്സരത്തിൽ ജയിക്കുന്ന ടീം ഡിസംബർ 11ന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ഫ്രാൻസുമായി ഏറ്റുമുട്ടും.

ഇംഗ്ലണ്ട് ടീം: ജോർദാൻ പിക്ക്ഫോർഡ്, കൈൽ വാക്കർ, ജോൺ സ്റ്റോൺസ്, ഹാരി മഗ്വയർ, ലൂക്ക് ഷാ, ജോർദാൻ ഹെൻഡേഴ്സൺ, ഡെക്ലാൻ റൈസ്, ജൂഡ് ബെല്ലിങ്ഹാം, ബുകായോ സാക, ഹാരി കെയ്ൻ, ഫിൽ ഫോഡൻ.

സെനഗാൾ ടീം: എഡ്വാർഡ് മെൻഡി, യൂസഫ് സബാലി, കാലിദൗ കൗലിബാളി, അബ്ദു ഡയല്ലോ, ഇസ്മായിൽ ജേക്കബ്സ്, പാത്തേ സിസ്, നമ്പാലിസ് മെൻഡി, ക്രെപിൻ ഡയറ്റ, ഇലിമാൻ ഡിഡിയയെ, ഇസ്മയില സാർ, ബൊലെയ് ദിയ.

Tags:    
News Summary - England lead against Senegal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.