കൗലിബലി ഡാ; എക്വ'ഡോർ' പൊളിച്ച് സെനഗാൾ പ്രീക്വാർട്ടറിൽ

ദോഹ: 2002 ലോകകപ്പ് ഹീറോ പാപ്പ ദിയോഫിന്റെ ചരമദിനത്തിൽ ഓർമകളിഞ്ഞ് ഖലീഫ സ്റ്റേഡിയത്തിൽ പന്തുതട്ടിയ സെനഗാളിന് വീണ്ടും സ്വപ്നമുഹൂർത്തം. പ്രീക്വാർട്ടറിലെത്താൻ സമനില മാത്രം മതിയായിരുന്ന എക്വഡോറിനെ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് തകർത്തെറിഞ്ഞ് സെനഗാൾ ടൂർണമെന്റിൽ പ്രീ ക്വാർട്ടർ ഉറപ്പിക്കുന്ന ആദ്യ ആഫ്രിക്കൻ ടീമെന്ന ബഹുമതി എടുത്തണിഞ്ഞു. സൂപ്പർ താരം ഇസ്മയില സാറും നായകൻ കലീദൂ കൗലിബലയുമാണ് സെനഗാളിനായി വലകുലുക്കിയത്. മത്സരത്തിന്റെ മഹാഭൂരിപക്ഷം സമയവും പന്ത് കൈവശം വെച്ചിട്ടും എക്വഡോറിന് സെനഗാൾ ഗോൾമുഖത്തെ പിടിച്ചുകുലുക്കാനായത് അപൂർവ സമയങ്ങളിൽ മാ​ത്രം. 2002ന് ശേഷം സെനഗാളിന്റെ ആദ്യ പ്രീക്വാർട്ടർ പ്രവേശനമാണിത്. 

മത്സരത്തിന്റെ ആദ്യ മിനിറ്റുകൾ മുതൽ എക്വഡോർ ഗോൾമുഖത്തേക്ക് കുതിച്ചുകയറിയ ആഫ്രിക്കൻ പടയെയാണ് കാണാനായത്. പക്ഷേ അവസരങ്ങൾ മുതലെടുക്കുന്നതിൽ പാളി.   44ാം മിനിറ്റിൽ സെനഗാളിന്റെ മുന്നേറ്റങ്ങൾക്ക് പെനൽറ്റിയുടെ രൂപത്തിൽ ഫലമെത്തി. കുതിച്ചോടിയ ഇസ്മായില സാറിനെ പെനൽറ്റി ബോക്സിൽ വീഴ്ത്തിയതിന് ഇക്വഡോറിന്റെ കൗമാരതാരം ഹിൻകാപ്പിക്ക് കൊടുക്കേണ്ടിവന്നത് വലിയ വില. പെനൽറ്റി!. കിക്കെടുത്ത ഇസ്മയില സാറിന് ഒട്ടും പിഴച്ചില്ല. പോസ്റ്റിന്റെ വലതുമൂലയിൽ പന്ത് വലകുലുക്കി. (സ്കോർ 1-0).

ഇസ്മായില സാറിനെ പെനൽറ്റി ബോക്സിൽ ഫൗൾ ചെയ്ത് വീഴ്ത്തുന്നു

ഗാലറിയിൽ മൂകരായിരുന്ന ഇക്വഡോർ ആരാധകരെ തുള്ളിച്ചാടിച്ച് കായ്സെഡോയുടെ ഗോളെത്തി. ​കോർണറിൽ നിന്നായിരുന്നു ഗോൾ മുളപൊട്ടിയത്. ടോറസ് നീക്കി നൽകിയ പന്ത് കായ്സെഡോ സെനഗാൾ പോസ്റ്റിലേക്ക് അടിച്ചുകയറ്റി. ഗാലറിയിലെ സെനഗാൾ ആരാധകരുടെ ചങ്കുതകർന്ന നിമിഷങ്ങൾ. (സ്കോർ 1-1).

ഗോൾ ആഘോഷിക്കുന്ന എക്വഡോർ താരങ്ങൾ

ഇക്വഡോറിന്റെ സന്തോഷങ്ങൾ അധികം നീണ്ടില്ല. സെനഗാളിനായി നായകൻ കൗലിബലി അവതരിച്ചു. ഫ്രീകിക്കിൽ നിന്നും വന്നുവീണ പന്ത് ഇക്വഡോർ പ്രതിരോധ നിരക്ക് ക്ലിയർ ചെയ്യാനായില്ല. അവസരം കാത്തുനിന്ന കൗലിബലി പോസ്റ്റിലേക്ക് നിറയൊഴിച്ചു. (സ്കോർ 2-1) ധ്രുതഗതിയിൽ വന്നെത്തിയ ഗോൾ വിശ്വസിക്കാനാകാതെ ഇക്വഡോർ താരങ്ങൾ ഉലഞ്ഞുനിന്ന നിമിഷങ്ങൾ. ഗോളിന് ശേഷവും സെനഗാൾ പൂർണമായും പ്രതിരോധത്തിലേക്ക് വലിഞ്ഞില്ല. ഇക്വഡോർ പോസ്റ്റ് ലക്ഷ്യമാക്കി പലവട്ടം കുതിച്ചുപാഞ്ഞു. മറുവശത്ത് എക്വഡോർ ആഞ്ഞുപണിപ്പെട്ടിട്ടും ആഫ്രിക്കൻ വീര്യത്തെ തടുത്തുനിർത്താനായില്ല. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ സെനഗാൾ ഉന്മാദ നൃത്തം ചവിട്ടുമ്പോൾ തെക്കേ അമേരിക്കയുടെ യുവനിര സങ്കടക്കടൽ നീന്തുകയായിരുന്നു. 

Tags:    
News Summary - Senegal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.