ക​ഴി​ഞ്ഞ ദി​വ​സം സൗ​ദി അ​റേ​ബ്യ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​നെ​ത്തി​യ അ​ർ​ജ​ന്റീ​ന ആ​രാ​ധ​ക​ർ മ​റ​ഡോ​ണ​യും

മെ​സ്സി​യു​മു​ള്ള ബാ​ന​റു​മാ​യി സ്റ്റേ​ഡി​യ​ത്തി​നു പു​റ​ത്ത്

ഡീഗോ... ഖത്തർ നിങ്ങളെ മിസ് ചെയ്യുന്നു

ദോഹ: പ്രിയ ഡീഗോ... ബ്വേനസ് എയ്റിസിലെയും നാപോളിയിലെയും തെരുവുകൾപോലെ ദോഹ കോർണിഷും സൂഖ് വാഖിഫും കതാറയുടെ തീരങ്ങളുമെല്ലാം നിങ്ങളെ തേടുകയാണിപ്പോൾ. തുകൽപന്തിനെയും നിങ്ങളുടെ മാന്ത്രിക കാലുകളെയും പ്രണയിച്ച് ഫുട്ബാളിനൊപ്പം കൂടിയവരുടെ മണ്ണിൽ ആദ്യമായൊരു വിശ്വമേള ഉയരുമ്പോൾ നിങ്ങളെവിടെയാണ്?

വൻകരകൾ കടന്ന് ലോകത്തിന്റെ സമസ്ത ദിക്കുകളിൽനിന്നും നീലയും വെള്ളയും വരയിട്ട കുപ്പായക്കാർ ദോഹ മെട്രോയിലും അറേബ്യൻ പൈതൃക തെരുവുകളിലും രാവിനെ പകലാക്കി നൃത്തമാടുമ്പോൾ അവരുടെ കുപ്പായത്തിനു മുകളിലെ ചിത്രങ്ങളും പേരുകളുമായി മാത്രം നിങ്ങളെ ഞങ്ങൾ അനുഭവിക്കുന്നു.

ലയണൽ മെസ്സിയുടെ കട്ടൗട്ടുകൾക്കും മുകളിലാണ് നിങ്ങളുടെ രൂപങ്ങൾക്ക് ഞങ്ങൾ സ്ഥാനം നൽകിയത്. പന്തുരുണ്ടു തുടങ്ങുംമുമ്പേ ആരംഭിച്ച ആരാധക ആവേശങ്ങളിൽ അദൃശ്യ നായകനായി നിങ്ങളുണ്ടായിരുന്നു.

36 വർഷം മുമ്പ് നിങ്ങൾ നേടിക്കൊടുത്ത സ്വപ്നങ്ങൾക്ക് പുതിയൊരു തുടർച്ച തേടി, ലയണൽ മെസ്സിയും കൂട്ടരും ഖത്തറിന്റെ മണ്ണിൽ പന്തുതട്ടുമ്പോൾ, ഗാലറി ബാൽക്കണിയുടെ കൈവരികൾ മുറുകെ പിടിച്ച്, കൈവീശി ആവേശവും ഊർജവും പകരാൻ ഡീഗോ, നിങ്ങളുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്ത ഒരു ഫുട്ബാൾ ആരാധകനുമില്ല.

ലുസൈൽ സ്റ്റേഡിയത്തിൽ, ദോഹ കോർണിഷിൽ, ലുസൈൽ ബൊളെവാഡിലെ ആഘോഷത്തെരുവിൽ, അൽബിദ പാർക്കിലെ ഫാൻ ഫെസ്റ്റിവൽ വേദിയിൽ... അങ്ങനെ ഖത്തറിന്റെ ഓരോ മണൽത്തരിയും നിങ്ങളുടെ സാന്നിധ്യം ഇത്രമേൽ കൊതിച്ചൊരു കാലമുണ്ടാവില്ല.

കിരീടസ്വപ്നവുമായി ലയണൽ മെസ്സി കളത്തിലിറങ്ങുമ്പോഴെല്ലാം അവർക്ക് ഉപദേശം നൽകിയും, പന്ത് നഷ്ടപ്പെടുത്തുമ്പോൾ ക്ഷോഭിച്ചും, നന്നായി കളിക്കുമ്പോൾ കൈയടിച്ചും ഗാലറിയിലിരുന്ന് സൂപ്പർ കോച്ചാവുന്ന ഡീഗോ, നിങ്ങളുടെ ഓർമകൾ മാത്രമാണ് ഇന്ന് അർജൻറീനക്കും ആരാധകർക്കും കൂട്ടിനുള്ളത്.

മൂന്നു ദിനം മുമ്പ് ലുസൈലിന്റെ പച്ചപ്പുൽമൈതാനത്ത് സൗദി അറേബ്യയുടെ പച്ചക്കുപ്പായക്കാരൻ തൊടുത്തുവിട്ട ലോങ് റേഞ്ചർ എമിലിയാനോ മാർട്ടിനസിനെ കടന്ന് വലക്കണ്ണികൾ ഭേദിച്ച കാഴ്ച ഏഴാകാശങ്ങൾക്കും അപ്പുറത്തിരുന്ന് നിങ്ങൾ കണ്ടിരുന്നുവോ... ആ പകലും രാത്രിയും ഇവിടെ കണ്ണീർ തോർന്നിട്ടില്ല.

തോൽവികളിൽ തളരുന്ന മെസ്സിയെയും കൂട്ടുകാരെയും മൈതാനമധ്യത്തിലെത്തി കെട്ടിപ്പിടിച്ച് നിങ്ങൾ നൽകുന്ന സാന്ത്വനത്തിന്റെ ചൂടിനാണ് ഇപ്പോൾ അർജൻറീന കൊതിക്കുന്നത്.

ജീവിതത്തിലെ എല്ലാ കളികളും അവസാനിപ്പിച്ച് 2020 നവംബർ 25ന് നിങ്ങൾ പറന്നകന്നിട്ട് ഇന്നേക്ക് രണ്ടു വർഷം കഴിഞ്ഞിരിക്കുന്നു. പക്ഷേ, ഇപ്പോഴും കാൽപന്തുപ്രേമികളുടെ മനസ്സിൽ ഡീഗോയുണ്ട്. ഖത്തറിന്റെ ലോകകപ്പ് ആവേശക്കാഴ്ചകളിൽ, ചുമർചിത്രങ്ങളിൽ, പതാകകളിൽ, ആരാധകരേന്തുന്ന കട്ടൗട്ടുകളിൽ... അങ്ങനെ എല്ലായിടത്തും. നിശ്ചയമായും മൈതാനത്ത് പന്തുരുളുന്ന കാലമത്രയും ഡീഗോ നിങ്ങൾ ആരാധകഹൃദയങ്ങളിൽ ഒരായിരം താജ്മഹലിന്റെ പ്രണയമായി ബാക്കിയുണ്ടാവും.

Tags:    
News Summary - Diego-Qatar misses you

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.