അടി, തിരിച്ചടി; ഓരോ ഗോൾ വീതം അടിച്ച് ഫ്രാൻസും ഡെന്മാർക്കും

ദോഹ: ഗ്രൂപ് ഡിയിലെ രണ്ടാം റൗണ്ട് മത്സരത്തിൽ ലീഡെടുത്ത ഫ്രാൻസിന് മിനിറ്റുകൾക്കകം മറുപടി നൽകി ഡെന്മാർക്ക്. സൂപ്പർതാരം കിലിയൻ എംബാപ്പെയിലൂടെ ഫ്രാൻസാണ് മത്സരത്തിൽ ആദ്യം മുന്നിലെത്തിയത്.

മത്സരത്തിന്‍റെ 61ാം മിനിറ്റിൽ തിയോ ഹെർണാണ്ടസും എംബാപ്പെയും നടത്തിയ മികച്ചൊരു മുന്നേറ്റമാണ് ഗോളിലെത്തിയത്. ഇടതുവിങ്ങിലൂടെ ഡെന്മാർക്കിന്‍റെ ഗോൾമുഖത്തേക്ക് കയറി വന്ന എംബാപ്പെ പന്ത് ഹെർണാഡസിന് കൈമാറി. പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് ഹെർണാഡസ് പന്ത് എംബാപ്പക്ക് തന്നെ കൈമാറി. പിന്നാലെ എംബാപ്പെ പന്ത് വലയിലെത്തിച്ചു.

ഫ്രാൻസിന്‍റെ ആഘോഷത്തിന്‍റെ ഏഴു മിനിറ്റിന്‍റെ ആയുസ്സ് മാത്രം. 68ാം മിനിറ്റിൽ ക്രിസ്റ്റെൻസന്‍റെ ഗോളിലൂടെ ഡെന്മാർക്കിന്‍റെ മറുപടി. കോർണറിൽനിന്ന് ലഭിച്ച പന്ത് കിടിലൻ ഹെഡറിലൂടെയാണ് താരം വലയിലാക്കിയത്. ജോക്കിം ആൻഡേഴ്സണാണ് ഗോളിന് വഴിയൊരുക്കിയത്. പിന്നാലെ ഇരു ടീമുകളും ലീഡിനായി ആക്രമിച്ചു കളിക്കുകയാണ്.

73ാം മിനിറ്റിൽ ലിൻഡ്സ്റ്റോമിന്‍റെ മികച്ചൊരു ഷോട്ട് ഫ്രഞ്ച് ഗോളി ഹ്യൂഗോ ലോറിസ് തട്ടിയകറ്റി. ആദ്യ പകുതിയിൽ ഫ്രാൻസിന്‍റെ മുന്നേറ്റങ്ങളെ ഡെന്മാർക്ക് വിജയകരമായി പ്രതിരോധിക്കുകയായിരുന്നു.

ഗോളിലേക്കെന്ന് തോന്നിച്ച ഫ്രാൻസിന്‍റെ പല മുന്നേറ്റങ്ങളും പ്രതിരോധം വിഫലമാക്കി. ആക്രമണ ഫുട്ബാളിൽ ഫ്രാൻസായിരുന്നു മുന്നിൽ.

എന്നാൽ, പന്തടക്കത്തിലും പാസ്സിങ്ങിലും ഡെന്മാർക്കിനായിരുന്നു മുൻതൂക്കം. 13ാം മിനിറ്റിൽ ബോസ്കിൽ അപകടം വിതച്ച ഫ്രാൻസിന്‍റെ കോർണർ ഡെന്മാർക്ക് വിഫലമാക്കി. 20ാം മിനിറ്റിൽ ഡെന്മാർക്ക് താരം ആൻഡ്രിയാസ് ക്രിസ്റ്റെൻസന് മഞ്ഞകാർഡ് കിട്ടി. 21ാം മിനിറ്റിൽ സൂപ്പർ താരം ഡെംപലയുടെ ക്രോസിൽനിന്നുള്ള അഡ്രിയൻ റാബിയോട്ടിന്‍റെ ഹെഡർ ഡെന്മാർക്ക് ഗോളി കാസ്പർ ഷ്മൈക്കൽ തട്ടിയകറ്റി.

23ാം മിനിറ്റിൽ ആൻഡ്രിയാസ് കൊർണേലിയസിന് മഞ്ഞകാർഡ്. 31ാം മിനിറ്റിൽ കിലിയൻ എംബാപ്പെ ഇടതുവിങ്ങിൽനിന്ന് ബോക്സിനുള്ളിലേക്ക് മികച്ചൊരു മുന്നേറ്റം നടത്തിയെങ്കിലും ഗോളിലെത്തിയില്ല. 33ാം മിനിറ്റിൽ അന്‍റോണിയോ ഗ്രീസ്മാന്‍റെ ഷോട്ട് ഡെന്മാർക്ക് ഗോളിയുടെ കൈകളിലേക്ക്. 35ാം മിനിറ്റിൽ ഡെന്മാർക്കിന്‍റെ മികച്ചൊരു കൗണ്ടർ അറ്റാക്കിങ്. പന്തുമായി മുന്നേറിയ ജെസ്പർ ലിൻഡ്സ്റ്റോം ഒടുവിൽ കൊർണേലിയസിന് കൈമാറി. താരത്തിന്‍റെ ഷോട്ട് ബോക്സിനു പുറത്തേക്ക്.

40ാം മിനിറ്റിൽ ബോക്സിനുള്ളിൽ എംബാപ്പെക്ക് ലഭിച്ച അവസരം മുതലെടുക്കാനായില്ല. ഗോളി കാസ്പർ ഷ്മൈക്കലിന്‍റെ മികച്ച സേവുകളാണ് ഡെന്മാർക്കിനെ രക്ഷിച്ചത്. ആദ്യ പകുതിയിൽ ഡെന്മാർക്ക് 273 പാസ്സുകളാണ് നടത്തിയത്. ഫ്രാൻസ് 252ഉം. ജയത്തോടെ നോക്കൗട്ട് ഉറപ്പിക്കുകയാണ് ഫ്രഞ്ച് ടീമിന്റെ ഉന്നം. ആദ്യ മത്സരത്തിൽ 4-1ന് ആസ്ട്രേലിയയെ തകർത്ത ആത്മവിശ്വാസത്തിലാണ് ഫ്രാൻസ് പന്തുതട്ടുന്നത്.

അതേസമയം, ഡെന്മാർക്കിന് ആദ്യ കളിയിൽ തുനീഷ്യയുമായി ഗോൾരഹിത സമനില വഴങ്ങിയതിനാൽ ജയം കൂടിയേ തീരൂ. സമനിലപോലും ടീമിന്‍റെ മുന്നോട്ടുള്ള പ്രയാണത്തിന് തിരിച്ചടിയാകും.

Tags:    
News Summary - Denmark-France: first half scoreless

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.