ലോകകപ്പ് കഴിഞ്ഞിട്ടും വിടാതെ ഫുട്ബാൾ ജ്വരം; ജഴ്സികളുടെ വിൽപന വർധിച്ചത് ഏഴിരട്ടി; ഹോട് ഫാവറിറ്റുകളായി മെസ്സിയും എംബാപ്പെയും

ഒരു മാസം നീണ്ട സോക്കർ കാർണിവലിനൊടുവിൽ വിശ്വകിരീടം ലാറ്റിൻ അമേരിക്കയിലേക്ക് വിമാനം കയറിയെങ്കിലും ലോകം മുഴുക്കെ ഇപ്പോഴും സോക്കർ ലഹരിയിലാണ്. നിലവിലെ ജേതാക്കളായ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ വീഴ്ത്തിയായിരുന്നു അ​ർജന്റീന ലോക ജേതാക്കളായത്. ഓരോ കളിയിലും മാസ്മരിക പ്രകടനവുമായി കളം നിറഞ്ഞ മെസ്സിയുടെ ചിറകേറിയായിരുന്നു ലാറ്റിൻ അമേരിക്കൻ പടയോട്ടം. മറുവശത്ത്, ഫ്രാൻസ് തോറ്റിട്ടും ഹാട്രിക് കുറിച്ച് എംബാപ്പെ ടൂർണമെന്റിലെ ടോപ്സ്കോററായി.

പോരാട്ടങ്ങൾക്ക് തിരശ്ശീല വീണെങ്കിലും ലോകമൊട്ടുക്കും സോക്കർ ലഹരി ഇപ്പോഴും പഴയ ശക്തിയിൽ തുടരുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഖത്തർ ലോകകപ്പിലും തുടർന്നും ജഴ്സി വിൽപന 700 ശതമാനമാണ് ആഗോള വ്യാപകമായി ഉയർന്നത്. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയുള്ള കണക്കുകളാണിത്.

മെസ്സി, എംബാപ്പെ എന്നിവരുടെ പേരുള്ള ജഴ്സികളാണ് കൂടുതൽ പേർക്കും വേണ്ടത്. ഇരുവരും ഒന്നിച്ച് പന്തുതട്ടുന്ന പി.എസ്.ജി ക്ലബിന്റെ ഔദ്യോഗിക ഓൺലൈൻ സ്റ്റോർ വഴിയുള്ള ​ജഴ്സി വിൽപനയിലും കാര്യമായ വർധനയുള്ളതായി റിപ്പോർട്ടുകൾ പറയുന്നു. മെസ്സി, എംബാപ്പെ എന്നിവരുടെ പേരുള്ള നൈകി കമ്പനിയുടെ ജഴ്സിക്ക് മാത്രം 200 ശതമാനമാണ് വർധന. ഇത്തവണ മികച്ച പ്രകടനവുമായി കൂടുതൽ കരുത്തുകാട്ടിയ അമേരിക്കൻ ടീമിന്റെ നാട്ടിലും സോക്കർ കൂടുതൽ ജ​നപ്രിയമായി മാറുകയാണെന്നും റിപ്പോർട്ട് പറയുന്നു.

നാടൊട്ടും ഫ്ലക്സ് ഉയർത്തിയും ഫാൻഫെസ്റ്റുകൾ സംഘടിപ്പിച്ചും ലോകകപ്പ് കാലത്ത് ഫുട്ബാൾ ലഹരി പടർന്നുകയറിയിരുന്നു. 

Tags:    
News Summary - Demand for Messi, Mbappe soccer gear spikes after World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.