ദോഹ: ലോകം ഫുട്ബാളിന്റെ ഉദ്വേഗജനകമായ പെരുംപോരാട്ടങ്ങൾക്ക് നടുവിലാണ്. നവംബർ 20ന് കിക്കോഫ് വിസിൽ മുഴങ്ങിയ വിശ്വവേദിയുടെ ആദ്യറൗണ്ടും പ്രീ ക്വാർട്ടർ ഫൈനലുകളും പിന്നിട്ടിരിക്കുന്നു. 64 കളികളിൽ 56ഉം പെയ്തു തോർന്നു. ഇനി നാലു ക്വാർട്ടർ ഫൈനൽ, രണ്ടു സെമി ഫൈനൽ, ലൂസേഴ്സ് ഫൈനൽ, ഫൈനൽ എന്നിങ്ങനെ എട്ടു മത്സരങ്ങൾ മാത്രം.
എന്നാൽ, ചരിത്രത്തിലിതേവരെ കാഴ്ചക്കാരായി മാത്രം ലോകകപ്പിന്റെ ഗാലറിയിരിക്കുന്ന ഇന്ത്യ, കളിയുടെ അഭിമാന വേദിയിൽ മഹദ്നേട്ടം സ്വന്തമാക്കാനൊരുങ്ങുകയാണ്. ഡിസംബർ 18ന് നടക്കുന്ന ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഫൈനലിൽ ലോകകപ്പ് ട്രോഫി അനാവരണം ചെയ്യുന്നത് ബോളിവുഡ് നടി ദീപിക പദുകോൺ ആണെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്.
ഇതിനായി നടി ഉടൻ ഖത്തറിലേക്ക് പറക്കുമെന്നും ഗൾഫ് രാജ്യങ്ങളിലെ മാധ്യമങ്ങൾ ഉൾപെടെ റിപ്പോർട്ട് ചെയ്യുന്നു. കലാശപ്പോരാട്ടം നടക്കുന്ന ലുസൈൽ സ്റ്റേഡിയത്തിന്റെ നടുത്തളത്തിലാണ് ലോകം കൊതിക്കുന്ന ആ ട്രോഫി അനാവരണം ചെയ്യുക. ദീപിക അതിന് തെരഞ്ഞെടുക്കപ്പെട്ടാൽ, ഇതാദ്യമായാവും ഒരു ഇന്ത്യൻ താരം ഫിഫ ലോകകപ്പ് ട്രോഫി അനാവരണം ചെയ്യുന്നത്.
കാൻ ഫിലിം ഫെസ്റ്റിവൽ അടക്കം ഒട്ടേറെ രാജ്യാന്തര വേദികളിൽ ദീപിക സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഷാറൂഖ് ഖാനും ജോൺ അബ്രഹാമിനുമൊപ്പം ദീപിക നായികയായ 'പത്താൻ' ജനുവരി 25ന് റിലീസാകാനാരിക്കുകയാണ്. കഴിഞ്ഞയാഴ്ച ഖത്തറിൽ നടന്ന ഫിഫ ഫാൻ ഫെസ്റ്റിവലിൽ ഇന്ത്യയിൽനിന്നുള്ള നടി നോറ ഫത്തേഹിയുടെ ഡാൻസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'ലൈറ്റ് ദി സ്കൈ' എന്ന ലോകകപ്പ് ഗാനത്തിനാണ് നടി ചുവടുവെച്ചത്. നോറയെ പ്രശംസിച്ച് നിരവധി പേർ രംഗത്ത് എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.