സൗദി ക്ലബ് വാഗ്ദാനം ചെയ്തത് 3000 കോടി; എന്നിട്ടും യുനൈറ്റഡിൽ തുടരുകയായിരുന്നെന്ന് ക്രിസ്റ്റ്യാനോ

ലിസ്ബൺ: കഴിഞ്ഞ ട്രാൻസ്ഫർ കാലത്ത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുക നൽകാമെന്ന വാഗ്ദാനവുമായി സൗദി അറേബ്യൻ ക്ലബ് സമീപിച്ചിരുന്നെന്ന ​വെളിപ്പെടുത്തലുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. പ്രഫഷനൽ ഫുട്ബാളിൽ ഒരു ക്ലബിന് നൽകാവുന്ന റെക്കോർഡ് തുകയായിട്ടും മാഞ്ചസ്റ്റർ യു​നൈറ്റഡി​നെ ഇഷ്ടപ്പെട്ട് അവിടെത്തന്നെ തുടരുകയായിരുന്നു​വെന്നും താരം പറഞ്ഞു.

സൗദിയിലെ മുൻനിര ക്ലബായ അൽഹിലാലാണ് ക്ലബുമാറ്റ വാഗ്ദാനവുമായി താരത്തെ സമീപിച്ചതെന്ന് സ്പാനിഷ് മാധ്യമം മാർക റിപ്പോർട്ട് ചെയ്തു. ഇതേ കുറിച്ച ചോദ്യങ്ങൾക്ക് അത് ശരിയാണെന്ന് 'ടാക് ടി.വി' അഭിമുഖത്തിൽ ക്രിസ്റ്റ്യാനോ സമ്മതിച്ചു.

''ഞാനിവിടെ സത്യത്തിൽ തൃപ്തനായിരുന്നു. മികച്ച ഒരു സീസൺ ആകുമെന്നാണ് കരുതിയത്. എന്നിട്ടും മാധ്യമങ്ങൾ ആവർത്തിക്കുന്നത് ആർക്കും റൊണാൾഡോയെ വേണ്ടെന്നാണ്. കഴിഞ്ഞ സീസണിൽ 2 ഗോളുകൾ സ്കോർ ചെയ്ത ഒരു താരത്തെ എങ്ങനെയാണ് അവർ വേണ്ടെന്നുവെക്കുക?''- താരം ചോദിച്ചു.

''ഇനിയും പലവട്ടം സ്കോർ ചെയ്യാൻ എനിക്കാകുമെന്നാണ് കരുതുന്നത്. ടീമിന് സഹായമാകാനും കഴിയും. മികച്ച താരമെന്നു തന്നെയാണ് ഇപ്പോഴും വിശ്വാസം. ദേശീയ ടീമിനെയും യുനൈറ്റഡിനെയും സഹായിക്കാൻ ശേഷിയുണ്ട്. എന്നാൽ പരിസരത്ത് അതിനു വേണ്ട ഊർജം ലഭിക്കാതെപോയാൽ ബുദ്ധിമുട്ടാകും. തീർച്ചയായും, വിമർശനം ഏതുകാലത്തുമുണ്ടാകും. പ്രായം 37ലെത്തി. ഇനി പഴയതുപോലെയാകില്ല- ​എന്നൊക്കെയാകും. എന്നാൽ, ഈ പ്രായത്തിലും ഇതേ ​മികവോടെ തുടരാൻ എത്രപേർക്ക് സാധിക്കുമെന്നാണ് എന്റെ ചോദ്യം. ഇത്തവണ ലോകകപ്പിൽ ഏറെ മുന്നേറാനാകുമെന്നാണ് വിശ്വാസം. മാനസികമായും ശാരീരികമായും ഞാൻ ഒരുങ്ങിക്കഴിഞ്ഞിട്ടുണ്ട്''- താരം തുടർന്നു.

ടാക് ടി.വിക്ക് നൽകിയ അഭിമുഖത്തിലെ പരാമർശങ്ങൾ ദിവസങ്ങളായി താരത്തെ മുൾമുനയിൽ നിർത്തിയിരുന്നു. കടുത്ത വിമർശനങ്ങളാണ് ക്ലബിനെയും കോച്ച് ടെൻ ഹാഗിനെതിരെയും ക്രിസ്റ്റ്യാനോ ഉന്നയിച്ചത്. ക്ലബുമായുള്ള കരാർ ലംഘനമാണ് താരം നടത്തിയതെന്നാണ് ആക്ഷേപം. ഇതുപോലുള്ള പരാമർശം പൊതുവേദിയിൽ നടത്തുംമുമ്പ് ക്ലബിനെ അറിയിച്ചിരിക്കണമെന്നാണ് ചട്ടം. അതുണ്ടായിട്ടില്ല. എന്നു മാത്രമല്ല, അതിരൂക്ഷമായ ഭാഷയാണ് താരം ഉപയോഗിച്ചത്.

കോച്ചും താരവും തമ്മിൽ സന്ധി സാധ്യമാകാത്ത സംസാരമായതിനാൽ ഇനി ക്രിസ്റ്റ്യാനോ യുനൈറ്റഡിനായി കളിക്കാനും സാധ്യത കുറവാണ്. ക്ലബിലെ ആരാധകരും താരത്തിനെതിരാണെന്നാണ് മാധ്യമ റിപ്പോർട്ടുകൾ.

റൊണാൾഡോയുടെ കടുത്ത വാക്കുകളെ കുറിച്ച് ക്ലബ് ഇനിയും പ്രതികരിച്ചിട്ടില്ല. എന്നാലും, ടെൻ ഹാഗിനെയും ക്രിസ്റ്റ്യാനോ വിമർശിച്ച മറ്റു ഉദ്യോഗസ്ഥരെയും നിലനിർത്തി മുന്നോട്ടുപോകാൻ തന്നെയാണ് തീരുമാനം. മുമ്പ്, ടോട്ടൻഹാമിനെതിരായ കളിയിൽ സംഭവിച്ചപോലെ ക്രിസ്റ്റ്യാനോ ടീം വിടുന്നതാകും സംഭവിക്കുക. ഇനി ഓൾഡ് ട്രാഫോഡിലേക്ക് ഒരിക്കൽ പോലും താരം എത്തില്ലെന്നും സൂചനയുണ്ട്.

കഴിഞ്ഞ സീസണിൽ യുനൈറ്റഡിൽ ടോപ്സ്കോററും സീസണിലെ ഏറ്റവും മികച്ച താരവും സീസണിലെ മികച്ച ഗോളിനുടമയുമൊക്കെയായിരുന്നു. പ്രിമിയർ ലീഗ് സീസണിലെ ഇലവനെ തെരഞ്ഞെടുത്തതിലും ക്രിസ്റ്റ്യാനോയുണ്ടായിരുന്നു. അതാണ് തൊട്ടടുത്ത സീസണിൽ കോച്ചും ക്ലബും മാറ്റിനിർത്തുന്ന പിണക്കത്തിലേക്ക് വഴിമാറിയത്.

റൊണാൾഡോക്ക് നന്ദി പറഞ്ഞ്​ മോർഗൻ

അതിനിടെ, ഫുട്ബാൾ ലോകത്ത് ഇനിയും കെട്ടടങ്ങാത്ത പ്രശ്നങ്ങളുമായി നിറഞ്ഞുനിൽക്കുന്ന ക്രിസ്റ്റ്യാനോ അഭിമുഖത്തിന് നന്ദി പറഞ്ഞ് ടോക്ക് ടി.വി അവതാരകൻ പിയേഴ്സ് മോർഗൻ. എന്തു പ്രശ്നങ്ങൾ വരാനുണ്ടെങ്കിലും പറയാൻ സമയമായെന്ന തിരിച്ചറിവിലാണ് ക്രിസ്റ്റ്യാനോ ഇത് പറയാൻ ഇരുന്നതെന്നും എന്റെ കരിയറിലെ ഏറ്റവും ഫേവറിറ്റായ അഭിമുഖമായിരുന്നു ഇതെന്നും മോർഗൻ പറഞ്ഞു. 

Tags:    
News Summary - Cristiano Ronaldo: Man Utd forward says he turned down £305m Saudi Arabia move

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.