ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സൗദി ക്ലബിൽനിന്ന് ക്ഷണം; വാഗ്ദാനം 225 മില്യൺ ഡോളർ!

പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സൗദി അറേബ്യയിലെ പ്രധാന ക്ലബായ അൽ നാസറിന്റെ വൻ ഓഫർ ലഭിച്ചതായി റിപ്പോർട്ട്. മാഞ്ചസ്റ്റർ യുനൈറ്റഡുമായുള്ള കരാർ അവസാനിപ്പിച്ച റൊണാൾഡോ ലോകകപ്പിന് ശേഷമാകും പുതിയ ക്ലബിൽ ചേക്കേറുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക. പ്രതിവർഷം 75 ദശലക്ഷം ഡോളർ നിരക്കിൽ മൂന്ന് വർഷത്തേക്ക് 225 ദശലക്ഷം ഡോളറാണ് ക്ലബിന്റെ വാഗ്ദാനമെന്ന് സി.ബി.എസ് സ്​പോർട്സ് റിപ്പോർട്ട് ചെയ്യുന്നു. ഇതുസംബന്ധിച്ച് ചർച്ചകൾ നടന്നെങ്കിലും റൊണാൾഡോയുടെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. അൽ നാസറിന് കാലങ്ങളായി 37കാരനിൽ താൽപര്യമുണ്ട്.

ഏഷ്യയിലെ വമ്പൻ ക്ലബുകളിലൊന്നാണ് അൽ നാസർ. ഒമ്പത് ലീഗ് കിരീടങ്ങൾ നേടുകയും 1995ൽ എ.എഫ്.സി ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിലെത്തുകയും ചെയ്തിരുന്നു. അവരുടെ പ്രധാന എതിരാളികളായ അൽ ഹിലാലും റൊണാൾഡോക്കായി രംഗത്തുവന്നിരുന്നു.

2021ൽ യുവന്റസിൽനിന്ന് മാഞ്ചസ്റ്റർ യുനൈറ്റഡിനൊപ്പം ചേർന്ന റൊണാൾഡോക്ക് അവിടെ വേണ്ടത്ര അവസരം ലഭിച്ചിരുന്നില്ല. ഇതോടെ മനംമടുത്ത താരം കോച്ചിനെതിരെ ആഞ്ഞടിച്ചാണ് ടീം വിട്ടത്. ലോകകപ്പിൽ ഘാനക്കെതിരായ പോർച്ചുഗലിന്റെ ആദ്യ മത്സരത്തിൽ ഗോളടിച്ച് അഞ്ച് ലോകകപ്പിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോഡ് റൊണാൾഡോ സ്വന്തമാക്കിയിരുന്നു.

Tags:    
News Summary - Cristiano Ronaldo Invited From Saudi Club; Offered 225 million dollars!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.