ചരിത്ര നേട്ടത്തിനരികെ ക്രിസ്റ്റ്യാനോ; കാത്തിരിക്കുന്നത് ഇതിഹാസ താരങ്ങൾക്കൊന്നും സ്വന്തമാക്കാനാവാത്ത റെക്കോഡ്

ഖത്തർ ലോകകപ്പിൽ ചരിത്രനേട്ടം സ്വന്തമാക്കാനൊരുങ്ങി പോർച്ചുഗീസ് സൂപർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. കാൽപന്തുകളിയിൽ ഇതിഹാസ താരങ്ങളേറെ വന്നുപോയിട്ടും സ്വന്തമാക്കാനാവാതിരുന്ന റെക്കോഡാണ് താരത്തെ കാത്തിരിക്കുന്നത്. തുടർച്ചയായ അഞ്ച് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ കളിക്കാരനെന്ന നേട്ടമാണ് കൈയെത്തും ദൂരത്തുള്ളത്. 2006, 2010, 2014 ലോകകപ്പുകളിൽ ഓരോ ഗോൾ നേടിയ ക്രിസ്റ്റ്യാനോ 2018ൽ നാല് ഗോളുകൾ അടിച്ചുകൂട്ടി. ഈ ലോകകപ്പിലും ഗോളടി തുടർന്നാൽ ചരിത്രം പോർച്ചുഗീസുകാരന് മുമ്പിൽ വഴിമാറും.

2006ൽ ജർമനിയിൽ അരങ്ങേറിയ ലോകകപ്പിൽ ഇറാനെതിരെ പെനാൽറ്റിയിലൂടെയായിരുന്നു ആദ്യ ഗോൾ. ഇതോടെ ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പോർച്ചുഗീസ് താരമായി ക്രിസ്റ്റ്യാനോ മാറി. 21 വയസ്സും 132 ദിവസവുമായിരുന്നു അന്നത്തെ പ്രായം. ലൂയിസ് ഫിഗോയുടെ നായകത്വത്തിൽ 17ാം നമ്പർ ജഴ്സിയണിഞ്ഞായിരുന്നു അന്ന് കളത്തിലിറങ്ങിയത്.

2010ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിൽ ക്യാപ്റ്റൻ ക്യാപണിഞ്ഞ് ഏഴാം നമ്പറിൽ ഇറങ്ങിയ റോണോ വടക്കൻ കൊറിയക്കെതിരെ മടക്കമില്ലാത്ത ഏഴ് ഗോളിന് ജയിച്ച കളിയിലാണ് വലകുലുക്കിയത്. 2014ൽ ബ്രസീലിൽ അരങ്ങേറിയ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഘാനക്കെതിരെയായിരുന്നു ഗോൾ.

2018ലെ റഷ്യൻ ലോകകപ്പിൽ സ്‍പെയിനിനെതിരെ ഹാട്രിക് നേടിയാണ് ഗോൾവേട്ടക്ക് തുടക്കം കുറിച്ചത്. ലോകകപ്പിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡും ഇതോടെ താരത്തിന് സ്വന്തമായി. പിന്നീട് മൊറോക്കൊക്കെതിരായ മത്സരത്തിലും ക്രിസ്റ്റ്യാനോ വല കുലുക്കി. ഖത്തറിലും പോർച്ചുഗൽ നായകൻ ഗോളടി തുടരുമെന്നും കപ്പടിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് ആരാധകർ.

Tags:    
News Summary - Cristiano near historic achievement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.