ലോകകപ്പിലെ ഡച്ച് ​ഗോൾമെഷീൻ ഗാക്പോയെ സ്വന്തമാക്കി ലിവർപൂൾ

ഖത്തർ ലോകകപ്പിൽ നെതർലൻഡ്സിനെ ക്വാർട്ടർ ഫൈനൽ വരെയെത്തിച്ച നിർണായക ഗോളുകളുടെ ഉടമ കോഡി ഗാക്പോ ഇനി ലിവർപൂൾ വിങ്ങിൽ കളിക്കും. നാല്- അഞ്ചു കോടി യൂറോക്കാകും പി.എസ്.വി വിങ്ങറുടെ കൈമാറ്റമെന്ന് ഡച്ച് ക്ലബ് സ്ഥിരീകരിച്ചു. ഖത്തർ മൈതാനങ്ങളിൽ ആദ്യ മൂന്നു കളിയിലും ഗോളടിച്ചാണ് 23കാരൻ അതിവേഗം ശ്രദ്ധിക്കപ്പെട്ടത്. അതിമിടുക്കരായ ലൂയിസ് ഡയസും ഡീഗോ ജോട്ടയും പലപ്പോഴും സൈഡ് ബെഞ്ചിലിരിക്കെയാണ് അതേ പൊസിഷനിൽ ഒരാളെ കൂടി ക്ലോപ് ടീമിലെത്തിക്കുന്നത്.

ഗാക്പോയെ വാങ്ങാൻ മാഞ്ചസ്റ്റർ യുനൈറ്റഡും മുൻനിരയിലുണ്ടായിരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ക്രിസ്​മസ് പിറ്റേന്നാണ് ഇരു ക്ലബുകളും തമ്മിൽ ഇടപാട് പൂർത്തിയാക്കിയതെന്നും ഇംഗ്ലണ്ടിലേക്ക് പോകാൻ ഗാക്പോക്ക് അനുമതി നൽകിയതായും പി.എസ്.വി ഐന്തോവൻ വാർത്ത കുറിപ്പിൽ അറിയിച്ചു.

പി.എസ്.വിക്കായി ഈ സീസണിൽ 14 കളികളിൽനിന്നായി ഒമ്പത്​ ഗോളും 12 അസിസ്റ്റും നേടി മുൻനിരയിലാണ് ഗാക്പോ. യൂറോപ ലീഗ് മത്സരങ്ങളിൽ മൂന്നു ഗോളുകളും നേടിയിട്ടുണ്ട്. ലോകകപ്പിൽ സെനഗാൾ, എക്വഡോർ, ഖത്തർ ടീമുകൾക്കെതിരെയായിരുന്നു ഗാക്പോ ഗോളുകൾ.

അവസാന മത്സരത്തിൽ ആസ്റ്റൺ വില്ലയെ 3-1ന് തകർത്ത ലിവർപൂൾ നിലവിൽ ​പ്രിമിയർ ലീഗ് പട്ടികയിൽ ആറാമതാണ്. തുടക്കത്തിലെ വൻവീഴ്ചകളാണ് ടീമിനെ അപ്രതീക്ഷിതമായി ഏറെ പിറകിലാക്കിയത്. പകുതി പിന്നിട്ട ലീഗിൽ തുടർന്നുള്ള കളികൾ ജയിച്ച് ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഗാക്പോയെ എത്തിക്കുന്നത്.

ഇംഗ്ലീഷ് താരം ജൂഡ് ബെല്ലിങ്ങാമിനെയും ടീമിലെത്തിക്കാൻ ക്ലോപ് ശ്രമം നടത്തിയിരുന്നു.

Tags:    
News Summary - Cody Gakpo: Liverpool agree to sign forward, say PSV Eindhoven

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.