ന്യൂഡൽഹി: ലോകകപ്പിൽ ഇന്ത്യൻ സാന്നിധ്യമാണ് എറണാകുളം ചെറായി സ്വദേശി വിനയ് മേനോൻ. വർഷങ്ങളായി പ്രമുഖ ക്ലബുകൾക്കൊപ്പം ഫിസിയോ ആയി പ്രവർത്തിക്കുന്ന വിനയ് ബെൽജിയത്തിന്റെ വെൽനസ് റിക്കവറി വിദഗ്ധനായാണ് ഖത്തറിലെത്തുന്നത്. നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ ചെൽസിയുടെ വെൽനസ് മാനേജരാണ് ഇദ്ദേഹം.
ബെൽജിയം കോച്ച് റോബർട്ടോ മാർട്ടിനസ് ലണ്ടനിലെത്തിയാണ് വിനയ് യെ 'ടീമിലെടുത്തത്'. പോണ്ടിച്ചേരി സർവകലാശാലയിൽ നിന്ന് ഫിസിക്കൽ എജുക്കേഷനിൽ എംഫിൽ നേടിയ ശേഷം പുണെ കൈവല്യധാൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് യോഗയിൽ പരിശീലനം നേടിയിട്ടുണ്ട് ഇദ്ദേഹം. ദുബൈയിൽ റിസോർട്ടിൽ ഫിസിയോയായാണ് കരിയർ തുടങ്ങിയത്. ചെൽസിയെ മാനസികമായി ഒരുക്കുന്നതിൽ വിനയ് മികച്ച പങ്കുവഹിച്ചിരുന്നു.
ലോകകപ്പിൽ ബെൽജിയം ടീമിനൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചതിൽ ഏറെ അഭിമാനമുണ്ടെന്ന് വിനയ് പറഞ്ഞു. ലോകകപ്പിൽ ഇന്ത്യൻ സാന്നിധ്യമാകുന്നതിൽ അതിലേറെ സന്തോഷമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ മത്സരിക്കുന്നില്ലെങ്കിലും ഖത്തറിലെത്തുന്ന മലയാളികളടക്കമുള്ള രാജ്യത്തെ ഫുട്ബാൾ പ്രേമികൾ ബെൽജിയത്തിന് പിന്തുണ നൽകുമെന്ന പ്രതീക്ഷയിലാണ് ഈ കൊച്ചിക്കാരൻ. 1.10 കോടി മാത്രം ജനസംഖ്യയുള്ള ബെൽജിയത്തിന് ലോകകപ്പ് കളിക്കാമെങ്കിൽ 130 കോടിയുള്ള ഇന്ത്യക്കും സാധ്യമാണെന്ന് വിനയ് പറഞ്ഞു.
'2030ൽ ഇന്ത്യക്ക് ലോകകപ്പ് കളിക്കാനാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. അങ്ങനെയാണെങ്കിൽ എന്റെ പരിചയം ടീമിനുപയോഗപ്പെടുത്താൻ തയാറാണ്'- വിനയ് പറഞ്ഞു. ഇന്ത്യക്ക് അഭിമാന നിമിഷമാണിതെന്ന് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) ജനറൽ സെക്രട്ടറിയും മലയാളിയുമായ ഷാജി പ്രഭാകരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.