ആറാം കിരീടത്തിലേക്ക് മഞ്ഞപ്പടക്ക് ആദ്യ പരീക്ഷണം

ദോഹ: രണ്ടു പതിറ്റാണ്ട് മുമ്പ് ഏഷ്യൻ മണ്ണിൽ മാറോടുചേർത്ത കിരീടത്തിലേക്ക് വീണ്ടും പന്തുതട്ടിക്കയറാൻ സാംബ സംഘം ഇന്ന് ഖത്തറിൽ കാണികളൊഴുകുന്ന ലുസൈൽ കളിമുറ്റത്തിറങ്ങുന്നു. കൗമാരവും കളിമികവും മൈതാനം വാഴുന്ന സമീപകാല ബ്രസീൽ ചരിത്രത്തിലെ മികച്ച ടീമുകളിലൊന്നുമായാണ് ടിറ്റെ സംഘം ബൂട്ടുകെട്ടുന്നത്. അലക്സാണ്ടർ മിത്രോവിച് ഉൾപ്പെടുന്ന കരുത്തരായ സെർബിയയാണ് എതിരാളികൾ.

26 അംഗ ടീമിൽ 16 പേർക്കും ഇത് കന്നി ലോകകപ്പാണെന്നത് കാനറിപ്പടയെ വേറിട്ടുനിർത്തുന്നു. വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, റഫീഞ്ഞ, ആന്റണി, എഡർ മിലിറ്റാവോ, ബ്രൂണോ ഗിമറെയ്സ് തുടങ്ങി ഓരോ പൊസിഷനിലും ലോകം ജയിക്കാൻ കെൽപുള്ള ഇളമുറക്കാർ.

മുന്നിൽ നെയ്മർ കൂടിയെത്തുമ്പോൾ ഗ്രൂപ് ജിയിൽ ടീമിന്റെ കുതിപ്പ് അനായാസമാകുമെന്നാണ് കണക്കുകൂട്ടൽ. 2018 മുതൽ ബ്രസീൽ കളിച്ച 50 കളികളിൽ 37ഉം ജയിച്ചെന്നത് ആനുകൂല്യമാകും. ഇരു ടീമുകളും തമ്മിൽ 2018ലെ ലോകകപ്പിൽ മുഖാമുഖം നിന്നപ്പോൾ ഏകപക്ഷീയമായ രണ്ടു ഗോളിനായിരുന്നു സാംബ വിജയം. റയൽ മഡ്രിഡ് മുന്നേറ്റത്തിലെ കുന്തമുനയായ വിനീഷ്യസ് ജൂനിയറിന് കോച്ച് അവസരം നൽകുമോയെന്നതാണ് വലിയ ചോദ്യം. നെയ്മർ, റിച്ചാർലിസൺ, റഫീഞ്ഞ കൂട്ടുകെട്ടിന് കരുത്തുപകർന്ന് മധ്യനിരയിൽ ഫ്രെഡിനെ പരീക്ഷിക്കാനുള്ള സാധ്യത തള്ളാനാകില്ല.

അങ്ങനെയെങ്കിൽ വിനീഷ്യസ് പകരക്കാരുടെ ബെഞ്ചിലിരിക്കും. ഇതുൾപ്പെടെ മുന്നേറ്റത്തിലും പ്രതിരോധത്തിലും കോച്ചിനെ പ്രതിസന്ധിയിലാക്കുന്ന പ്രതിഭാധാരാളിത്തം ടീമിന്റെ വിജയം ഉറപ്പാക്കണം. മറുവശത്ത്, യൂറോപ്പിലെ യോഗ്യത പോരാട്ടങ്ങളിൽ പോർചുഗലിനെ േപ്ലഓഫിലേക്ക് തള്ളിയാണ് സെർബിയ എത്തുന്നത്.

എട്ടു കളികളിൽ ആറും ജയിച്ച ടീം രണ്ടെണ്ണം സമനില വഴങ്ങുകയും ചെയ്തു. ഇങ്ങനെയൊക്കെയാകുമ്പോഴും യൂഗോസ്‍ലാവ്യയിൽനിന്ന് വേറിട്ട് രാജ്യം പിറവിയെടുത്തശേഷം ഇന്നുവരെയും സെർബിയ നോക്കൗട്ട് കണ്ടിട്ടില്ല. സ്വിറ്റ്സർലൻഡ്, കാമറൂൺ എന്നിവയാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.

Tags:    
News Summary - Brazil's first attempt to the sixth title

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.