സാവോപോളോ: കഫു, റോബർട്ടോ കാർലോസ്, മാഴ്സലോ, പത്തു വർഷം മുമ്പുള്ള ഡാനി ആൽവേസ്... ബ്രസീലിന്റെ പ്രതിരോധനിരയിലെ മഹാന്മാർ നിരവധിയാണ്. കാരിരുമ്പിന്റെ കരുത്തും മൂർച്ചയുമായി എതിർ ഫോർവേഡുകളുടെ ആക്രമണങ്ങളെ തടുത്തുനിർത്തിയ മഞ്ഞപ്പടയാളികളേറെയാണ്. പഴയകാല പ്രതാപവുമായി ടിറ്റെയുടെ കുട്ടികൾ ഖത്തറിലെത്തുമ്പോൾ ഏറ്റവും ആശങ്ക പ്രതിരോധത്തെ ഓർത്താണ്. ടീം പ്രഖ്യാപിച്ചതിന് പിന്നാലെ വിമർശകർ ആക്രമണം തുടങ്ങിയിരുന്നു.
39കാരനായ റൈറ്റ് ബാക്ക് ഡാനി ആൽവേസിനെ ടീമിലുൾപ്പെടുത്തിയാണ് ബ്രസീലിലെ ആരാധകരെ ഞെട്ടിച്ചത്. ബാഴ്സലോണ വിട്ട് മെക്സിക്കൻ ക്ലബിൽ ചേർന്ന ആൽവേസ് ഒട്ടും ഫോമിലല്ല. എന്നാലും കോച്ച് ടിറ്റെ അപാര ആത്മവിശ്വാസത്തിലാണ്. ടീമംഗങ്ങളെ തെരഞ്ഞെടുക്കുന്നതിലുള്ള മാനദണ്ഡം എല്ലാവർക്കും ഒന്ന് തന്നെയാണെന്നാണ് മുഖ്യ പരിശീലകൻ ടിറ്റെയുടെ വാദം.
വ്യക്തിപരമായ കഴിവുകളും ശാരീരികക്ഷമതയും മാനസിക കരുത്തുമാണ് നോക്കിയതെന്നും എല്ലാവരെയും തൃപ്തിപ്പെടുത്താനല്ല പരിശീലക പദവിയിലിരിക്കുന്നതെന്നും ടിറ്റെ പറയുന്നു. യുവന്റസിൽ സെൻട്രൽ ഡിഫൻഡറായി കളിക്കുന്ന ഡാനിലോയാകും ലോകകപ്പിൽ ബ്രസീലിനായി വലതു പ്രതിരോധത്തിൽ കളിക്കുക.
അലക് സാൻഡ്രോയും ടീമിലുണ്ടാകും. ഡാനിലോയും സാൻഡ്രോയുമുൾപ്പെെടയുള്ള ബ്രസീൽ പ്രതിരോധം യോഗ്യതാ റൗണ്ടിൽ അഞ്ച് ഗോൾ മാത്രമാണ് വഴങ്ങിയതെന്നത് ആശ്വാസകരമാണ്. ഏദർ മിലിറ്റാവോയും റൈറ്റ് ബാക്ക് സ്ഥാനത്ത് കളിപ്പിക്കാൻ പറ്റിയ താരമാണ്. പരിചയസമ്പന്നനായ തിയാഗോ സിൽവയിലാണ് മറ്റൊരു പ്രതീക്ഷ.
ഡാനി ആൽവേസിനെ പിന്നെ എന്തിന് ടീമിലെടുത്തു എന്നാണ് ചോദ്യം. നെയ്മറുടെ ബേബി സിറ്റർ (ശിശുപാലൻ) എന്ന പദവിയാകും ആൽവേസിനെന്ന് ടീമിന്റെ ഉള്ളുകള്ളികളറിയുന്ന ബ്രസീലിയൻ പത്രമായ ഡയറിയോ സ്പോർട്ട് പറയുന്നു. നെയ്മറെ ഉപദേശിക്കലും നിയന്ത്രിക്കലും മറ്റുമാണ് ആൽവേസിന്റെ ജോലിയേത്ര. ആൽവേസുമായി അടുത്ത ബന്ധമാണ് നെയ്മറിനുള്ളത്. സാന്റോസിൽനിന്ന് 2013ൽ നെയ്മറെ ബാഴ്സലോണയിലെത്തിച്ചതും പിന്നീട് പി.എസ്.ജിയിലേക്ക് കൂടുമാറാൻ പ്രേരിപ്പിച്ചതും ആൽവേസാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.