കാമറൂൺ മതിൽ ഭേദിക്കാനാകാതെ ബ്രസീൽ; ആദ്യ പകുതി ഗോൾരഹിതം

ദോഹ: ഗ്രൂപ് ജിയിലെ ബ്രസീൽ-കാമറൂൺ മത്സരം ആദ്യ പകുതി പിന്നിടുമ്പോൾ ഗോൾ രഹിതം. മുന്നേറ്റത്തിലും പന്തടക്കത്തിലും ഉൾപ്പെടെ ബ്രസീൽ ബഹുദൂരം മുന്നിലാണെങ്കിലും കാമറൂൺ പ്രതിരോധ മതിൽ ഭേദിക്കാൻ ബ്രസീലിന്‍റെ യുവ താരങ്ങൾക്കായില്ല.

കാമറൂൺ വല ലക്ഷ്യമാക്കി ടാർഗറ്റിലേക്ക് ബ്രസീൽ മൂന്നു ഷോട്ടുകൾ തൊടുത്തു. കാമറൂൺ ഒരു ഷോട്ടും. ആദ്യ മിനിറ്റുകളിൽ ബ്രസീലിന്‍റെ മുന്നേറ്റമായിരുന്നു. 14ാം മിനിറ്റിൽ ബ്രസീലിന് സുവർണാവസരം. വലതുവിങ്ങിൽനിന്നുള്ള ഫ്രെഡിന്‍റെ ക്രോസിന് മാർട്ടിനെല്ലിയുടെ ഒന്നാന്തരം ഹെഡർ. ഗോളെന്ന് തോന്നിപ്പിച്ച പന്ത് ഡേവിസ് എപ്പസി തട്ടിയകറ്റി.

19ാം മിനിറ്റിൽ ബ്രസീൽ ബോക്സിൽ അപകടം വിതച്ച് കാമറൂണിന്‍റെ തുടരെയുള്ള മുന്നേറ്റം. പിന്നാലെ ബ്രസീലിന്‍റെ കൗണ്ടർ അറ്റാക്കിങ്. ബോക്സിനകത്തുനിന്നുള്ള കൂട്ടപൊരിച്ചിലിനിടെ ഫ്രെഡിന്‍റെ ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്ക്. 25ാം മിനിറ്റിൽ ഇടതു വിങ്ങിലൂടെ കാമറൂൺ പ്രതിരോധ താരങ്ങളെ മറികടന്ന് ബോക്സിനകത്തേക്ക് കയറി മാർട്ടിനെല്ലി പോസ്റ്റിനു സമാന്തരമായി ക്രോസ് നൽകിയെങ്കിലും ഗബ്രിയേൽ ജീസസിന് മുതലെടുക്കാനായില്ല.

30ാം മിനിറ്റിൽ ബോക്സിനു തൊട്ടുമുന്നിൽനിന്നുള്ള ബ്രസീലിന്‍റെ ഫ്രീകിക്ക് കാമറൂൺ മതിലിൽ തട്ടി തെറിച്ചു. 33ാം മിനിറ്റിൽ ബോക്സിനു മുന്നിൽ ബ്രസീലിന് അനുകൂലമായി വീണ്ടുമൊരു ഫ്രീകിക്ക്. കിക്കെടുത്ത ഡാനി ആൽവ്സിന്‍റെ ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്ക്. 38ാം മിനിറ്റിൽ ആന്‍റണിയുടെ ദുർബലമായ ഷോട്ട് കാമറൂൺ ഗോളി കൈയിലൊതുക്കി.

ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ പ്രതിരോധ താരങ്ങളെ മറികടന്ന് മാർട്ടിനെല്ലി ഒരു കിടിലൻ ഷോട്ട് തൊടുത്തെങ്കിലും കാമറൂൺ ഗോളി തട്ടിയകറ്റി. പിന്നാലെ കോർണറിൽനിന്നുള്ള ഒരു സെറ്റ്പീസും ബ്രസീലിന് മുതലെടുക്കാനായില്ല. ഇൻജുറി ടൈമിന്‍റെ മൂന്നാം മിനിറ്റിൽ കാമറൂണിന് സുവർണാവസരം. ഇടതുവിങ്ങിൽനിന്നുള്ള എൻഗമാലുവിന്‍റെ ക്രോസ് എംബിയുമൊ ഒന്നാന്തരം ഹെഡ്ഡറിലൂടെ പോസ്റ്റിലേക്ക് പായിച്ചെങ്കിലും എഡേഴ്സൺ തട്ടിയകറ്റി.

ആദ്യ രണ്ടു കളിയും ജയിച്ച ബ്രസീലിന് ഗ്രൂപ് ജി ജേതാക്കൾപട്ടം ഉറപ്പിക്കുകയാണ് ലക്ഷ്യം. ടീമിൽ പരിശീലകൻ ടിറ്റെ ഒമ്പതു മാറ്റങ്ങളാണ് വരുത്തിയത്. പ്രീ ക്വാർട്ടർ ഉറപ്പിച്ചതിനാൽ ഗ്രൂപിലെ അവസാന മത്സരത്തിൽ പ്രമുഖർക്ക് വിശ്രമം നൽകുകയായിരുന്നു.

അലിസണ് പകരം എഡേഴ്‌സണാണ് ഗോൾവല കാക്കുന്നത്. മിലിറ്റാവോയും ബ്രമറും ടെലസുമാണ്‌ പ്രതിരോധത്തിൽ. ഗ്രൂപിൽ സ്വിറ്റ്സർലൻഡ് മൂന്നു പോയന്റുമായി രണ്ടാമതും ഓരോ പോയന്റിൽ കാമറൂണും സെർബിയയും മൂന്നും നാലും സ്ഥാനങ്ങളിലുമാണ്. കാമറൂണിന് ബ്രസീലിനെ അട്ടിമറിക്കുകയെന്ന സാഹസത്തിനൊപ്പം സ്വിസ്-സെർബ് കളി കൂടി നോക്കണം. ജയം സ്വിറ്റ്സർലൻഡിനെ അനായാസം കടത്തിവിടും.

സ്വിറ്റ്സർലൻഡിനെ തോൽപിക്കാനാവുകയും കാമറൂൺ ബ്രസീലിനോട് തോൽക്കുകയും ചെയ്താൽ സെർബിയക്ക് നാലു പോയന്റുമായി ടിക്കറ്റ് കിട്ടും. സെർബിയയുമായി സമനിലയിൽ പിരിഞ്ഞാൽപോലും നോക്കൗട്ട് സാധ്യതകളിൽ മുന്നിൽ സ്വിറ്റ്സർലൻഡാണ്. ആ സാഹചര്യത്തിൽ, ബ്രസീലിനെതിരെ വൻ മാർജിനിൽ കാമറൂൺ ജയിച്ചാൽ മാത്രമേ സ്വിസ് സംഘം പുറത്താവൂ.

ബ്രസീൽ ടീം: എഡേഴ്സൺ, അലക്സ് ടെലസ്, ബ്രമർ, എഡർ മിലിറ്റാവോ, ഡാനി ആൽവ്സ്, ഫ്രെഡ്, ഫാബീഞ്ഞോ, ഗെബ്രിയൽ മാർട്ടിനെല്ലി, റോഡ്രിഗോ, ആന്‍റണി, ഗബ്രിയേൽ ജീസസ്.

കാമറൂൺ ടീം: ഡേവിസ് എപ്പസി, സി. ഫൈ, സി. വൂഹ്, ഇ. ഇബോസ്സ്, എൻ. ടോളോ, എ. അൻഗ്യൂസ്സ, പി. കുൻഡെ, ബി. എംബിയുമോ, ഇ. ചൂപോ മോടിങ്, എം. എൻഗമാലു, വി. അബൂബകർ.

Tags:    
News Summary - brazil vs cameroon first half goaless

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.