മാറ്റങ്ങളില്ലാതെ ബ്രസീൽ; ടീം ലൈനപ്പ് അറിയാം...

ദോഹ: ഖത്തർ ലോകകപ്പിലെ ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ബ്രസീലും നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയും നേർക്കുനേർ. കൊറിയക്കെതിരെ കളിച്ച ബ്രസീൽ ടീമിനെ തന്നെയാണ് പരിശീലകൻ ടിറ്റെ ആദ്യ ഇലവനിൽ കളത്തിലിറക്കുന്നത്.

പ്രീ ക്വാർട്ടറിൽ ജപ്പാനെ ഷൂട്ടൗട്ടിൽ തോൽപിച്ച ക്രൊയേഷ്യ ടീമിൽ രണ്ടു മാറ്റം വരുത്തി. പരിക്കിൽനിന്ന് മുക്തനായ പ്രതിരോധ താരം ബോന സോസ ടീമിൽ തിരിച്ചെത്തി. മധ്യനിര താരം ബ്രൂണോ പെറ്റ്കോവിച്ചിനു പകരം മാരിയോ പസാലിച്ചും ആദ്യ ഇലവനിൽ ഇടം നേടി. എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ക്രൊയേഷ്യക്കെതിരെ കളത്തിലിറങ്ങുമ്പോൾ നെയ്മർ പടയുടെ ലക്ഷ്യം സെമിയാണ്. കിരീട ഫേവറിറ്റുകളുടെ ഹോട് സീറ്റിന്റെ മുൻനിരയിലൊന്നും ക്രോട്ടുകൾക്ക് സാന്നിധ്യമില്ലെങ്കിലും പ്രവചനാതീതരാണ് അവർ. കഴിഞ്ഞതവണ സെമിയിൽ ഇംഗ്ലണ്ടിന്റെ സ്വപ്ന സംഘത്തിന്റെ വഴിമുടക്കി ഫൈനലിലെത്തിയവർ.

ദക്ഷിണ കൊറിയക്കെതിരെ പ്രീക്വാർട്ടറിൽ ആധികാരിക വിജയം നേടിയതിന്‍റെ ആത്മവിശ്വാസത്തിലാണ് കാനറികൾ. മുന്നേറ്റത്തിൽ റിച്ചാർലിസൺ, നെയ്മർ, വിനീഷ്യസ്, റഫീന്യ എന്നിവർ അണിനിരക്കും. പ്രതിരോധത്തിൽ മാർക്വിനോസ്, തിയാഗോ, എഡർ മിലിറ്റോ, ഡാനിലോ സഖ്യം. മധ്യനിര കാസെമിറോ, ലൂകാസ് പക്വേറ്റ കൂട്ടിലും ഭദ്രം.

നാലു വർഷം മുമ്പ് റഷ്യയിൽ ഫൈനലോളമെത്തിയ കരുത്തൊന്നും ക്രൊയേഷ്യക്കില്ല. എങ്കിലും ലൂകാ മോഡ്രിചും ഇവാൻ പെരിസിചും ഉൾപ്പെടെ സീനിയർ താരങ്ങളുടെ സാന്നിധ്യമാണ് ടീമിന്‍റെ കരുത്ത്. ഗ്രൂപ്പ് റൗണ്ടിൽ രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിലെത്തിയവർ, നോക്കൗട്ടിൽ ജപ്പാനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തളച്ചാണ് ക്വാർട്ടറിലേക്ക് മുന്നേറിയത്. ബ്രസീൽ 4-2-3-1 ശൈലിയിലും ക്രൊയേഷ്യ 4-3-3 ഫോർമേഷനിലുമാണ് കളിക്കുന്നത്.

ബ്രസീൽ ടീം: അലിസൺ, ഡാനിലോ, തിയാഗോ സിൽവ, മാർക്വിനോസ്, എഡർ മിലിറ്റോ, കാസെമിറോ, ലൂകാസ് പക്വേറ്റ, വിനീഷ്യസ് ജൂനിയർ, നെയ്മർ, റാഫിന്യാ, റിച്ചാർലിസൺ

ക്രൊയേഷ്യ ടീം: ഡൊമിനിക് ലിവാകോവിച്ച്, ബോന സോസ, ദേജൻ ലോവ്റെൻ, ജോസ്കോ ഗാർഡിയോൾ, ജോസിപ് ജുറനോവിച്ച്, ലൂക്ക മോഡ്രിച്ച്, മാർസെലോ ബ്രോസോവിച്ച്, മാറ്റിയോ കൊവാസിച്ച്, മാരിയോ പസാലിച്ച്, ആൻഡ്രെജ് ക്രമറിച്ച്, ഇവാൻ പെരിസിച്ച്

Tags:    
News Summary - Brazil unchanged; team line-up...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.