ഖത്തറിൽ ബ്രസീലടിക്കും- പ്രവചനവുമായി റോയിട്ടേഴ്സ് സർവേ

ജൊഹാനസ്ബർഗ്: രണ്ടു പതിറ്റാണ്ടായി അകന്നുനിൽക്കുന്ന ആറാം ലോകകിരീടവും ഫിഫ റെക്കോഡും ഇത്തവണ ബ്രസീൽ പിടിക്കുമെന്ന് പ്രവചിച്ച് റോയിട്ടേഴ്സ് അഭിപ്രായ സർവേ. പ്രമുഖ വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് 2010ലെ ലോകകപ്പിനുമുമ്പ് നടത്തിയ സമാന പ്രവചനം ശരിയായിരുന്നു.

ലോകമൊട്ടുക്കുമുള്ള 135 വിദഗ്ധരെ അണിനിരത്തിയുള്ള സർവേയാണ് ബ്രസീലിന് നറുക്കു നൽകുന്നത്. പ​ങ്കെടുത്തവരിൽ പകുതിയോളം പേരും ബ്രസീലിന് കിരീടം ഉറപ്പുനൽകുമ്പോൾ അർജന്റീനക്കും ഫ്രാൻസിനും സാധ്യത കാണുന്നവരാണ് 30 ശതമാനത്തോളം പേർ. കൃത്യമായി പറഞ്ഞാൽ 15 ശതമാനം അർജന്റീനക്കൊപ്പം നിൽക്കുമ്പോൾ ഫ്രാൻസ് കിരീട നേട്ടം ആവർത്തിക്കുമെന്ന് പറയുന്നവർ 14 ശതമാനമാണ്. ജർമനി, ഇംഗ്ലണ്ട്, ബെൽജിയം ടീമുകളെ പിന്തുണക്കുന്നവരുമുണ്ട്. എന്നാൽ, ഇവ​രെ പിന്തുണക്കുന്നവർ രണ്ടക്കം കടക്കുന്നില്ല.

ഏറ്റവും മികച്ച ആക്രമണമാണ് ബ്രസീലിന്റെ കരുത്തെന്നും കാസമിറോ, തിയാഗോ സിൽവ എന്നിവർ നയിക്കുന്ന പ്രതിരോധവും അലിസൺ, എഡേഴ്സൺ എന്നിവർ വലകാക്കുന്ന ഗോൾവരയും സുരക്ഷിതമാണെന്ന് ബ്രസീലിനെ അനുകൂലിക്കുന്നവർ പറയുന്നു. നെയ്മറിൽ തുടങ്ങി വിനീഷ്യസ് ജൂനിയർ, ഗബ്രിയേൽ ജീസസ്, റിച്ചാർളിസൺ, ആൻറണി, റഫീഞ്ഞ, റോഡ്രിഗോ, ഗബ്രിയേൽ മാർടിനെല്ലി തുടങ്ങി മുന്നേറ്റനിരയിലെ ഓരോരുത്തരും അത്യപൂർവ പ്രകടനമികവുമായി നിറഞ്ഞാടുന്നവരാണ്.

സർവേയിൽ പ​ങ്കെടുത്തവരിൽ 50 ശതമാനവും യൂറോപിൽനിന്നുള്ളവരാണ്. വടക്കേ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിൽനിന്ന് 15 ശതമാനവും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽനിന്ന് 10 ശതമാനം പേരുമാണ് പ​ങ്കെടുത്തത്. ആഫ്രിക്ക, ആസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവക്കും പങ്കാളിത്തമുണ്ട്. 2010ലെ റോയിട്ടേഴ്സ് സർവേയാണ് അവസാനമായി ലോകചാമ്പ്യന്മാരെ ശരിയായി പ്രവചിച്ചത്. ജർമനിയും ഫ്രാൻസും ചാമ്പ്യന്മാരായ അവസാന രണ്ട് ലോക​കപ്പുകളും ഇറ്റലി കപ്പടിച്ച 199ലെതിലും റോയിട്ടേഴ്സ് പ്രവചനം തെറ്റിയിരുന്നു. ഇത്തവണ ഫ്രാൻസ് കപ്പുമായി മടങ്ങിയാൽ 1962ൽ ബ്രസീൽ നിലനിർത്തിയ ശേഷം തുടർച്ചയായ രണ്ടാം കിരീടം ​ചൂടുന്ന ആദ്യ ടീമാകും.

എന്നാൽ, കഴിഞ്ഞ മൂന്ന് ലോകകപ്പുകളും ശരിയായി പ്രവചിച്ച ഇ.എ സ്‍പോർട്സ് അർജന്റീനക്കാണ് കിരീടമെന്ന് പ്രവചിച്ചിരുന്നു. 2019ൽ ബ്രസീലിനു മുന്നിൽ വീണ ശേഷം ഇതുവരെയും തോൽവിയറിയാതെ കുതിക്കുന്ന നീലക്കുപ്പായക്കാർ ഇറ്റലിയുടെ പേരിലുള്ള ഏറ്റവും ദീർഘകാലം തോൽക്കാത്തവരെന്ന റെക്കോഡിനടുത്താണ്.

പ്രവചനങ്ങൾ പലതുണ്ടെങ്കിലും കളത്തിൽ കാണാമെന്ന ഉറപ്പുമായാണ് ടീമുകൾ ഖത്തറിൽ എത്തുന്നത്. 

Tags:    
News Summary - Brazil to clinch sixth World Cup in Qatar - market analysts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.