ദോഹ: വമ്പൻ അട്ടിമറിയുമായി അവസാന 16ലെത്തിയ ഏഷ്യൻ പടക്കുതിരകളായ ദക്ഷിണ കൊറിയക്കെതിരെ ഇറങ്ങാൻ ഒരുങ്ങുന്ന ബ്രസീലിന് പരിക്ക് വില്ലനാകുമോ? ഖത്തർ ലോകകപ്പിലെ ആദ്യ കളിയിൽ സെർബിയൻ ടാക്ലിങ്ങിൽ വീണുപോയ നെയ്മർ ഇനിയും തിരിച്ചെത്തിയിട്ടില്ല. മുന്നേറ്റത്തിലെ ശൂന്യത പ്രയാസമില്ലാതെ പരിഹരിക്കാമെന്നു കരുതിയ ടീമിന് ഭീഷണി ഇരട്ടിയാക്കി കഴിഞ്ഞ ദിവസങ്ങളിലും നിരവധി പേരാണ് തിരിച്ചുകയറിയത്.
കാമറൂണിനെതിരായ കളിയിൽ പരിക്കേറ്റ ലെഫ്റ്റ് ബാക്ക് അലക്സ് ടെല്ലസ് തിരിച്ചെത്തുമോയെന്ന് ഉറപ്പില്ല. കാൽമുട്ടിനാണ് താരത്തിന്റെ പരിക്ക്. ഫുൾ ബാക്കുകളായ ഡാനിലോ, അലക്സ് സാൻഡ്രോ എന്നിവരും പരിക്കിന്റെ പിടിയിലാണ്.
മുന്നേറ്റത്തിൽ നെയ്മറിന്റെ നഷ്ടം പരിഹരിക്കാനുണ്ടായിരുന്ന ഗബ്രിയേൽ ജീസസും പരിക്കിലാണ്. കാമറൂണിനെതിരായ കളിയിൽ കാൽമുട്ടിന് പരിക്കേറ്റ താരം ഈ ലോകകപ്പിൽ ഇനി കളിക്കില്ലെന്ന് ബ്രസീൽ ഫുട്ബാൾ അസോസിയേഷൻ അറിയിച്ചിട്ടുണ്ട്.
പരിക്ക് വലിയ വില്ലനാകുന്നതു കണ്ട് ഗ്രൂപിലെ അവസാന മത്സരത്തിൽ ഒമ്പതു മാറ്റങ്ങളുമായാണ് ടിറ്റെ ടീമിനെ ഇറക്കിയിരുന്നത്. സ്വിറ്റ്സർലൻഡിനെതിരെ ജയം പിടിച്ച ആദ്യ ഇലവനിലുണ്ടായിരുന്ന പ്രമുഖരൊക്കെയും കരക്കിരുന്ന മത്സരം ടീം തോൽക്കുകയും ചെയ്തു.
താരങ്ങൾക്ക് തിരിച്ചുവരവിന് വേണ്ടത്ര സമയമില്ലാത്തത് വെല്ലുവിളിയാണെന്ന് കഴിഞ്ഞ ദിവസം ടിറ്റെ പറഞ്ഞിരുന്നു.
അതേ സമയം, നെയ്മർ, അലക്സ് സാൻഡ്രോ എന്നിവരെ പരിശീലനത്തിനിറക്കി തുടങ്ങിയിട്ടുണ്ട്. ദക്ഷിണ കൊറിയക്കെതിരെ ഇവർക്ക് ഇറങ്ങാനാകുമോയെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.
നെയ്മറിന്റെ സ്ഥിതി ശുഭകരമാണെന്ന് ഡോക്ടർ നൽകിയ ഉറപ്പ് ടീമിന് ആശ്വാസമാകും.
അതേ സമയം, മുൻനിര പരിക്കിന്റെ പിടിയിലാകുന്നത് ടീമിന്റെ മുന്നോട്ടുള്ള യാത്രകൾക്ക് ഭീഷണിയാകുമെന്നറുപ്പാണ്. രണ്ടാംനിര കളിച്ച കഴിഞ്ഞ ദിവസം കാമറൂൺ ജയവുമായി ചരിത്രം കുറിച്ചിരുന്നു. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ആഫ്രിക്കൻ ടീമിനോട് ബ്രസീൽ തോൽക്കുന്നത്. തോൽവി ടീമിന് വലിയ പാഠമാണെന്ന് വെറ്ററൻ താരം ഡാനി ആൽവസ് പറയുന്നു.
Amid Neymar concerns, Brazil suffer two huge injury blows ahead of FIFA World Cup Round of 16 against South Korea
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.