ടോബിയുടെ പ്രവചനം തെറ്റിച്ച്​ ബ്രസീൽ

അർജന്‍റീനയുടെയും ​ജർമനിയുടെയും തോൽവി പ്രവചിച്ചിരുന്നുദുബൈ: ലോകകപ്പ്​ തുടങ്ങിയത്​ മുതൽ ദുബൈയിലെ താരമാണ്​ ടോബി എന്ന പെൻഗ്വിൻ. അർജന്‍റീനയെ സൗദി അട്ടിമറിക്കുമെന്നോ ജർമനിയെ ജപ്പാൻ വീഴ്ത്തുമെന്നോ ഫുട്​ബാൾ ലോകം സ്വപ്നത്തിൽ പോലും ചിന്തിക്കുന്നതിന്​ മുൻപേ ടോബി ഇത്​ ലോകത്തോട്​ വിളിച്ചു പറഞ്ഞിരുന്നു. ഇതോടെ ഇത്തവണത്തെ 'പ്രവചന സിംഹം' ടോബിയാണെന്ന്​ ലോകം വിലയിരുത്തി. എന്നാൽ, ടോബിയുടെ പ്രവചനം ബ്രസീലിന്​ മുൻപിൽ വിലപ്പോയില്ല. സെർബിയക്ക്​ മുന്നിൽ ബ്രസീലിന്​ അടിതെറ്റുമെന്ന്​ പ്രവചിച്ച ടോബിയുടെ പ്രവചനം വെള്ളത്തിലാക്കി ​ബ്രസീൽ രണ്ട്​ ഗോളിന്​ ജയിച്ചുകയറി. ഇതോടെ ടോബിയിലുള്ള വിശ്വാസം പലർക്കും നഷ്ടമായിരിക്കുകയാണ്​.

സ്​കൈ ദുബൈയിലാണ് 13 വയസുള്ള​ ടോബിയുടെ താവളം. അഞ്ച്​ മത്സരങ്ങൾ കൃത്യമായി പ്രവചിച്ച ടോബിക്ക്​ പക്ഷെ നേരത്തെയും ചില​ മത്സരങ്ങളിൽ അടിപതറിയിരുന്നു. ഇംഗ്ലണ്ടിനെതിരെ ഇറാൻ വിജയിക്കുമെന്ന്​ പ്രവചിച്ചത്​ വമ്പൻ പാളിച്ചയായി. രണ്ടിനെതിരെ ആറ്​ ഗോളിനാണ്​ ഇംഗ്ലണ്ട്​ ജയിച്ചുകയറിയത്​. ഉദ്​ഘാടന മത്സരത്തിൽ ഇക്വഡോറിനെതിരെ ഖത്തറിന്‍റെ വിജയവും പ്രവചിച്ച്​ പാളി.

യു.എസ്​-വെയ്​ൽസ്​ മത്സരം യു.എസിന്​ അനുകൂലമായി വിധിച്ചെങ്കിലും കളി സമനിലയിലായി. ഇന്നലെ നടന്ന ഇറാൻ-വെയ്​ൽസ്​ മത്സരത്തിൽ ​വെയ്​ൽസിനായിരുന്നു ടോബി സാധ്യത കൽപിച്ചതെങ്കിലും അവസാന മിനിറ്റിൽ ഇറാൻ ജയിച്ചു. എന്നാൽ, സ്​പെയിൻ -കോസ്റ്റാറിക്ക മത്സരം കൃത്യമായി പ്രവചിച്ചു. ഈ മത്സരത്തിൽ 7-0നാണ്​ സ്​പെയിൻ ജയിച്ചത്​. സ്വിറ്റ്​സർലാൻഡ്​-കമാറൂൺ, ബെൽജിയം-കാനഡ മത്സരത്തിലും പ്രവചനം ഫലിച്ചു. എന്നാൽ, ​നെതർലാൻഡിനെ സെനഗൽ തോൽപിക്കുമെന്ന്​ പറഞ്ഞെങ്കിലും നടന്നില്ല.

Tags:    
News Summary - Brazil failed Dubai penguin Toby's prediction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.