ദോഹ: ലോകകപ്പിൽ ബ്രസീലിന് തിരിച്ചടിയായി ഗ്രബിയേൽ ജെസ്യൂസിന്റെയും അലക്സ് ടെല്ലസിന്റെയും പരിക്ക്. കാമറൂണിനെതിരായ മത്സരം കളിച്ച സ്ട്രൈക്കർ ജെസ്യൂസിന് വലത് കാൽമുട്ടിലെ പരിക്കാണ് വിനയായത്.
ഒരു മാസത്തോളം ചികിത്സ വേണ്ടിവരുന്നതിനാൽ ലോകകപ്പിൽ ഈ താരം ഇനി കളിക്കില്ല. വലത് കാൽമുട്ടിന് തന്നെയാണ് ഫുൾബാക്ക് ടെല്ലസിന്റെയും പരിക്ക്. ഈ താരത്തിന് ശസ്ത്രക്രിയ വേണ്ടിവരും. അതേസമയം, പരിക്കേറ്റ നെയ്മർ കഴിഞ്ഞ ദിവസം കാമറൂണിനെതിരായ മത്സരം കാണാനെത്തിയിരുന്നു. ടീം ബസിലാണ് നെയ്മറെത്തിയത്.
പരിക്കേറ്റ ദിവസം മുടന്തി കളംവിട്ട നെയ്മർ നിലവിൽ മുടന്തില്ലാതെയാണ് നടക്കുന്നത്. വാംഅപ് സമയത്ത് താരം ടച്ച് ലൈനിനരികിൽ സഹതാരങ്ങൾക്കൊപ്പം പന്ത് തട്ടുകയും ചെയ്തു. ലെഫ്റ്റ്ബാക്ക് അലക്സ് സാൻദ്രോക്കും പരിക്കുണ്ട്. ഈ താരം ശനിയാഴ്ച പരിശീലനത്തിനിറങ്ങി.
കണങ്കാലിലെ പരിക്ക് കാരണം റൈറ്റ്ബാക്ക് ഡാനിലോ കാമറൂണിനെതിരെ ഇറങ്ങിയിരുന്നില്ല. ഡാനിലോ ശനിയാഴ്ച പരിശീലനം നടത്തി. തിങ്കളാഴ്ച ദക്ഷിണ കൊറിയക്കെതിരെ കളിക്കുമെന്നാണ് ടീം ഡോക്ടർ റോഡ്രിഗോ ലാസ്മറിന്റെ പ്രതീക്ഷ. കഴിഞ്ഞ തിങ്കളാഴ്ച സ്വിറ്റ്സർലൻഡിനെതിരായ മത്സരം നടക്കുമ്പോൾ നെയ്മർ ടീം ഹോട്ടലിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച ഫിസിയോതെറപ്പി ചികിത്സയും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.