ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി
ദോഹ: ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റിനെതിരെ ഉയരുന്ന ബഹിഷ്കരണ ആഹ്വാനങ്ങളെയും ആരോപണങ്ങളെയും തള്ളി ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി എല്ലാ വിഭാഗം ആളുകളെയും ഒരുമിപ്പിക്കുകയും അവർക്കിടയിൽ ഐക്യമുണ്ടാക്കുകയുമെന്ന ലക്ഷ്യത്തിലെ പ്രധാന ചവിട്ടുപടി ആയാണ് കായികമേളകളെ കാണുന്നത്.
വലിയ കായിക ചാമ്പ്യൻഷിപ്പുകൾ സംഘടിപ്പിക്കാൻ രാജ്യം സജ്ജമാണ്. ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റ് ഇതിനൊരു ഉദാഹരണവുമാണ് - ഫ്രഞ്ച് പത്രമായ 'ലെ മോണ്ടെ'ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ലോകകപ്പ് ബഹിഷ്കരിക്കാനുള്ള ആഹ്വാനങ്ങളെയും അതിനായി ഉന്നയിച്ച ആരോപണങ്ങളെയും കാര്യമാക്കുന്നില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
'നേട്ടങ്ങളെയെല്ലാം തിരസ്കരിക്കുന്ന, ഈ ആക്രമണങ്ങളിൽ കാപട്യം മാത്രമാണുള്ളത്. ലോകത്തിന്റെ മറ്റു ഭാഗങ്ങളെ ഒട്ടുംതന്നെ പ്രതിനിധീകരിക്കാത്ത, പരമാവധി പത്തു രാജ്യങ്ങൾക്കപ്പുറം പോകാത്ത ചെറിയൊരു സംഘം മാത്രമാണ് വിമർശകർ'-വിദേശകാര്യമന്ത്രി വ്യക്തമാക്കി.
'തൊഴിലാളിക്ഷേമം സംബന്ധിച്ച പ്രശ്നങ്ങൾ തിരിച്ചറിയുകയും പരിഹരിക്കുകയും ചെയ്തു. തൊഴിൽ സംവിധാനം നിരീക്ഷിക്കുന്നതിന് എൻ.ജി.ഒകളെ ക്ഷണിച്ചിരുന്നു.
നമ്മുടെ നിയമപരിഷ്കാരം ഒരുപാട് മുന്നേറി. അത്തരം പരിഷ്കാരങ്ങൾക്ക് സമയമെടുക്കും. ഏതുരാജ്യത്തെ സംബന്ധിച്ചും ഇത് യാഥാർഥ്യമാണ്. ഖത്തറിന്റെ മാത്രം പ്രത്യേകതയല്ല.
തീർച്ചയായും കുറവുകളുണ്ടാകാം. അവ പരിഹരിക്കാൻ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്. യൂറോപ്പിൽ ചെറിയ പ്രശ്നങ്ങൾക്ക് കമ്പനികളെ കുറ്റപ്പെടുത്തുമ്പോൾ അതേ പ്രശ്നങ്ങൾ ഖത്തറിലെത്തുമ്പോൾ ഒരു രാജ്യത്തിനെ ആസൂത്രിതമായി കുറ്റപ്പെടുത്തുന്നത് എന്തിനാണ്.
ഈ ഇരട്ടത്താപ്പ് എന്തുകൊണ്ടാണ്. മിഡിലീസ്റ്റിലെ ഒരു ചെറിയ രാജ്യം ഇത്തരമൊരു ആഗോള പരിപാടി സംഘടിപ്പിക്കുന്നത് അംഗീകരിക്കാൻ കഴിയാത്ത ചിലർ ഇപ്പോഴുമുണ്ടെന്ന് കരുതുന്നു'-മന്ത്രി പറഞ്ഞു.തൊഴിലാളി ക്ഷേമനിധി ഫണ്ട് സംബന്ധിച്ച ചോദ്യത്തിന്, അത്തരമൊരു ഫണ്ട് ഇതിനകം തന്നെ നിലവിൽ വന്നിട്ടുണ്ടെന്നും അതിന്റെ മൂല്യം തെളിയിച്ചതാണെന്നും അദ്ദേഹം മറുപടി പറഞ്ഞു.
'ലോകം അങ്ങേയറ്റം വിഭജിച്ചിരിക്കുന്ന സാഹചര്യമാണിത്. കോവിഡ് മഹാമാരിയിൽനിന്നും മുക്തമായിക്കൊണ്ടിരിക്കുകയാണ്. എല്ലാവർക്കും നമ്മുടെ നാടും സംസ്കാരവും കണ്ടെത്താൻ കഴിയുന്ന ഒരു ആഘോഷമായി ഈ ടൂർണമെന്റ് മാറുമെന്നാണ് പ്രതീക്ഷ. സഹിഷ്ണുതയുള്ളവരും ആതിഥ്യമരുളുന്നവരുമാണ് നമ്മൾ. കളിക്കാർ അവരുടെ അഭിപ്രായം പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവർക്കത് ചെയ്യാൻ സ്വാതന്ത്ര്യമുണ്ട്. സ്വയം അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിൽ ആരെയും തടയില്ല'-മന്ത്രി പറഞ്ഞു.
ദോഹ: വിമർശനങ്ങൾ ഉയരുന്നുവെന്നു പറയുമ്പോഴും ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റിനായി ലോകം ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് വിദേശകാര്യമന്ത്രി വ്യക്തമാക്കി. മത്സരങ്ങളുടെ 97 ശതമാനം ടിക്കറ്റുകളും ഇതിനകം വിറ്റഴിഞ്ഞു. ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വാങ്ങിയ 10 രാജ്യങ്ങളിൽ ഫ്രാൻസ് പോലെയുള്ള യൂറോപ്യൻ രാജ്യങ്ങളും ഉൾപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഫുട്ബാൾ എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു. 'ഉന്നതരുടെ ക്ലബിനായി സംവരണം ചെയ്തതല്ല ഫുട്ബാൾ. അവസാനം ലോകകപ്പ് ഞങ്ങളുടെ മേഖലയിൽ നടക്കാനിരിക്കുമ്പോൾ മേഖലയിലെ 450ലധികം ദശലക്ഷം ജനങ്ങളാണ് അതിൽ സന്തോഷിക്കുന്നത്. ലോകത്തെ ഒന്നടങ്കം ഖത്തറിലേക്ക് സ്വാഗതം ചെയ്യുന്നു. ഞങ്ങൾ നിങ്ങളുടെ നിയമങ്ങളെ ബഹുമാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതുപോലെ, ആരാധകർ ഇവിടത്തെയും നിയമങ്ങളെ ബഹുമാനിക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് ചോദ്യത്തിനുത്തരമായി വിദേശകാര്യമന്ത്രി മറുപടി നൽകി.
നമ്മുടെ സുരക്ഷാസേന സുരക്ഷിതമായ ലോകകപ്പ് ഉറപ്പുവരുത്തുമെന്നും ചില പെരുമാറ്റങ്ങൾ ആളുകളെ അപകടത്തിലാക്കുന്നില്ലെങ്കിൽ ഏറ്റുമുട്ടലുകളുണ്ടാകില്ലെന്നും അവരിടപെടുന്ന ഒരേയൊരു സാചര്യമിതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.