ദുബൈ ഹാർബറിൽ നടക്കുന്ന ഫിഫ ഫാൻ ഫെസ്റ്റിലെ കാഴ്ചകൾ

ആടിത്തകർത്ത് ഫിഫ ഫാൻ ഫെസ്റ്റ്

ദുബൈ: ലോകമേളയുടെ ആരവങ്ങളിൽ ഇഴുകിചേർന്ന് ദുബൈയിലെ ഫിഫ ഫാൻ ഫെസ്റ്റ്. ദുബൈ ഹാർബറിൽ നടക്കുന്ന ഫാൻ ഫെസ്റ്റിൽ ആദ്യ ആഴ്ചയിൽ തന്നെ കാണികളുടെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഉച്ച മത്സരങ്ങളിൽ ആളനക്കം കുറവാണെങ്കിലും രാത്രി മത്സരങ്ങൾ കാണാൻ നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്. ആട്ടവും പാട്ടും ഡി.ജെയുമെല്ലാമായി ആസ്വദിക്കുകയാണ് ദുബൈയിലെ ഫാൻ ഫെസ്റ്റ്.

അർജന്‍റീന-സൗദി, ബ്രസീൽ-സെർബിയ, അർജന്‍റീന-മെക്സിക്കോ മത്സരങ്ങൾക്കാണ് ഏറ്റവും കൂടുതൽ കാണികളെത്തിയത്. അർജന്‍റീനയെ അട്ടിമറിച്ച മത്സരം കാണാൻ നിരവധി സൗദി ഫാൻസ് എത്തിയിരുന്നു. അപ്രതീക്ഷിതമായി കിട്ടിയ വിജയം സൗദി പതാകയേന്തി ആഘോഷിച്ചാണ് ഇവർ മടങ്ങിയത്. ദോഹക്ക് പുറത്ത് നടക്കുന്ന ഫിഫയുടെ ഏക ഔദ്യോഗിക ഫാൻ ഫെസ്റ്റാണിത്. വിവിധ ദേശങ്ങളുടെ സംഗമ ഭൂമിയായതിനാൽ എല്ലാ ടീമുകൾക്കും യു.എ.ഇയിൽ ഫാൻസുണ്ട്. ഖത്തർ കഴിഞ്ഞാൽ ലോകകപ്പിന്‍റെ ആവേശം ഏറ്റവും കൂടുതൽ ഏറ്റെടുത്തിരിക്കുന്നതും ദുബൈയാണ്. ദുബൈയിൽ താമസിച്ച് ദിവസേന ഷട്ടിൽ സർവീസിൽ ഖത്തറിൽ പോയി വരുന്നവരുണ്ട്. ഖത്തറിലേക്ക് പറക്കാത്ത ദിവസങ്ങളിൽ ഇവരും മത്സരം കാണാനെത്തുന്നത് ഫിഫ ഫാൻ ഫെസ്റ്റിലാണ്.

ദുബൈ ഹാർബറിന് പുറമെ ലണ്ടനിലെ ഔട്ടർനെറ്റ്, മെക്സികോ സിറ്റിയിലെ പ്ലാസ ഡി ലാ റിപ്പബ്ലിക, റിയോ ഡെ ജനീറോയിലെ കോപ കബാന ബീച്ച്, സാവോപോളോയിലെ വാലി ഡൊ അനംഗബോ, ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോൾ എന്നിവയാണ് ഫിഫ തിരഞ്ഞെടുത്ത ഫാൻ ഫെസ്റ്റ് വേദികൾ. 10000 പേർക്ക് ഒരേ സമയം കളി കാണാൻ സൗകര്യമുണ്ട്. തത്സമയ മത്സരത്തിന് പുറമെ അന്താരാഷ്ട്ര ഡി.ജെ, പ്രദേശിക സംഗീതജ്ഞരുടെ പ്രകടനങ്ങൾ, വ്യത്യസ്തമായ ഭക്ഷണങ്ങൾ, ഇതിഹാസ താരങ്ങളുടെ സാമിപ്യം എന്നിവയും അരങ്ങേറുന്നുണ്ട്.

330 ചതുരശ്ര മീറ്റർ സ്ക്രീനിലാണ് മത്സരം. 4D ഓഡിയോയുടെ ശബ്ദഗാംഭീര്യത്തോടെയാണ് പ്രദർശനം. വൈവിധ്യങ്ങളായ ഭക്ഷണവിഭവങ്ങളും ആസ്വദിക്കാം. നവംബർ 28 വരെ ഉച്ചക്ക് 12 മുതൽ പുലർച്ച മൂന്ന് വരെയായിരിക്കും ഫാൻ ഫെസ്റ്റിവൽ തുറക്കുക. നവംബർ 29 മുതൽ ഡിസംബർ 18 വരെ ഉച്ചക്ക് മൂന്ന് മുതൽ പുലർച്ച മൂന്ന് വരെയും പ്രവർത്തിക്കും. പ്ലാറ്റിനം ലിസ്റ്റിന്‍റെ വെബ്സൈറ്റിൽ (dubai.platinumlist.net) കയറി ഫാൻ ഫെസ്റ്റ് എന്ന ഭാഗത്താണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. 76 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക്. ഈ ടിക്കറ്റിൽ ഒരു ദിവസത്തെ എല്ലാ മത്സരവും കാണാൻ കഴിയും.

വി.ഐ.പി, വി.വി.ഐ.പി ടിക്കറ്റുകളും സ്വകാര്യ സ്യൂട്ടുകളും ലോഞ്ചുകളും ഇവിടെയുണ്ട്. ഫാൻ ഫെസ്റ്റിൽ മാത്രമല്ല, എക്സ്പോ നഗരിയിൽ ഒരുക്കിയ ഫാൻ സോണിൽ ഉൾപെടെ കാണികൾ എത്തുന്നുണ്ട്. യു.എ.ഇയിലാകമാനം 25ഓളം കേന്ദ്രങ്ങളിൽ ബിഗ് സ്ക്രീൻ പ്രദർശനങ്ങളുണ്ട്. സൗജന്യമായും പണം നൽകിയും കളി ആസ്വദിക്കനുള്ള വേദിയാണ് ഇവിടങ്ങളിലുള്ളത്.


Tags:    
News Summary - Big celebrations at FIFA Fan Fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.