ആശുപത്രിയിൽ നിന്നുള്ള ദൃശ്യം
ദോഹ: ഘാന ക്യാപ്റ്റൻ ആന്ദ്രേ ആയൂ ജീവിതത്തിൽ മറക്കാനാഗ്രഹിക്കുന്ന ദിവസമാവും ഡിസംബർ രണ്ട്. ഉറുഗ്വെക്കെതിരെ ഒരു സമനില നേടിയാൽപോലും 'ബ്ലാക് സ്റ്റാർസി'ന് ലോകകപ്പിൻെറ പ്രീ ക്വാർട്ടറിലേക്ക് പ്രവേശനം സാധ്യമാകുമായിരുന്ന ദിവസം ആയൂ നായകനിൽനിന്ന് വില്ലനായി മാറി. അതിനിർണായകമായ പെനാൽറ്റി കിക്ക് ആയൂവിന് ലക്ഷ്യത്തിലെത്തിക്കാനാവാതെ പോയ മത്സരത്തിൽ ടീമിന് മുന്നിലെത്താനുള്ള അവസരം പാഴാകുകയായിരുന്നു. മത്സരത്തിൽ ഉറുഗ്വെ 2-0ന് ജയിച്ചു. ഇതോടെ ഘാന അവസാന പതിനാറിലെത്താതെ പുറത്തായി.
ആയൂവിൻെറ പെനാൽറ്റി കിക്ക് പാഴായപ്പോൾ കളത്തിനു പുറത്തും അതിൻെർ നിരാശ പ്രതിഫലിച്ചു. സ്റ്റേഡിയത്തിൽ കളി കണ്ടുകൊണ്ടിരുന്ന ആയൂവിൻെർ ഏഴു വയസ്സുകാരിയായ മകൾ, പെനാൽറ്റി കിക്ക് ഉറുഗ്വെ ഗോൾ കീപ്പർ സെർജിയോ റോഷെ തടഞ്ഞിടുന്നത് കണ്ട് കുഴഞ്ഞുവീണു. കുട്ടിയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മകൾ അപകടനില തരണം ചെയ്ത വിവരം അറിയുന്നതിനുമുമ്പ് സ്റ്റേഡിയത്തിൽനിന്ന് മത്സരം കഴിഞ്ഞയുടൻ ആയൂ ആശുപത്രിയിലേക്ക് കുതിച്ചെത്തി.
കുട്ടി അപകടനില തരണം ചെയ്തതായി പിന്നീട് ആശുപത്രിയിൽനിന്നുള്ള ചിത്രം സഹിതം ഒരാൾ ട്വീറ്റ് ചെയ്തു. മുഹമ്മദ് കുദ്സിനെ റോഷെ വീഴ്ത്തിയതിനാണ് ഘാനക്ക് പെനാൽറ്റി കിക്ക് നൽകിയത്. എന്നാൽ, ആയൂവിൻെർ ദുർബല ഷോട്ട് റോഷെ അനായാസം തടഞ്ഞിടുകയായിരുന്നു. ആന്ദ്രേ ആയൂവിനെയും ടീമിലുള്ള സഹോദരൻ ജോർഡാൻ ആയൂവിനെയും ഇടവേളക്കുശേഷം കോച്ച് തിരികെ വിളിച്ചിരുന്നു. മകളെ ആശുപത്രിയിലാക്കിയതിനെ തുടർന്നാണോ ഇരുവരെയും സബ്സ്റ്റിറ്റ്യൂട്ട് ചെയ്തതെന്നത് വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.