ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​നി​ട​യി​ൽആ​വേ​ശം വി​ത​റു​ന്ന

ഓ​ട്ടോ ച​ന്ദ്ര​ൻ. ഫോട്ടോഗ്രാഫർ അലി കോവൂർ ​േഫസ്ബുക്കിൽ പങ്കുവെച്ച ചിത്രം

ഓട്ടോ ചന്ദ്രൻ: കളിക്കാരോളം പോന്ന കാണി

കോഴിക്കോട്: കാൽപന്തുകളി തലയിൽകയറിയ നാട്ടിൽ കളിക്കാരെപ്പോലെ തലയെടുപ്പുള്ള ഒരു കളിക്കമ്പക്കാരനുണ്ടായിരുന്നുവെന്ന് ഇനി കാലം സാക്ഷിപറയും. മുഖം നിറഞ്ഞ മീശയും ഗാലറി നിറഞ്ഞ ആവേശവുമായി കളിക്കാരെപ്പോലെതന്നെ കാൽപന്തു മൈതാനങ്ങളെ ഹരംകൊള്ളിച്ച ഓട്ടോ ചന്ദ്രൻ ഏതെങ്കിലും കളിക്കാരന്റെ മാത്രം ആരാധകനായി ഒതുങ്ങിയില്ല.

മലബാറിലെ മൈതാനങ്ങൾ കണ്ട ഏറ്റവും വലിയ ഫുട്ബാൾ ആരാധകനായിരുന്നു കളിക്കാരെപ്പോലെ പ്രശസ്തനായി മാറിയ ഓട്ടോ ചന്ദ്രൻ എന്ന എൻ.പി. ചന്ദ്രശേഖരൻ. ജീവിതത്തിൽ ഒരു ലോകകപ്പ് ഫുട്ബാളെങ്കിലും നേരിട്ട് കാണണമെന്ന അടങ്ങാത്ത മോഹവുമായി ജീവിച്ച ചന്ദ്രൻ മലയാളിക്ക് പ്രാപ്യമായ ഏറ്റവും സമീപത്ത്, ഖത്തറിൽ മറ്റൊരു ലോകകപ്പിന് ഹർഷാരവമുയരുമ്പോൾ 84ാമത്തെ വയസ്സിൽ മോഹം പൂർണമാകാതെയാണ് ഓർമയിൽ മറയുന്നത്.

നാഗ്ജിയും ഫെഡറേഷൻ കപ്പും നെഹ്റു കപ്പുമൊക്കെ കോഴിക്കോടിനെ ത്രസിപ്പിക്കാൻ വിരുന്നുവന്ന കാലത്ത് ചന്ദ്രനും ഓട്ടോയും മൈതാനങ്ങൾക്ക് ചുറ്റും ആവേശം വിതറി നടന്നിരുന്നു. 1950 മുതൽ തുടങ്ങിയതാണ് ചന്ദ്രന്റെ പന്തോട്ടങ്ങൾ.

കോഴിക്കോട് സ്റ്റേഡിയത്തിൽ മുള കൊണ്ടുണ്ടാക്കിയ പടിഞ്ഞാറെ ഗാലറിയിൽ ആവേശത്തോടെ ജ്വലിച്ചുനിന്ന ഓട്ടോ ചന്ദ്രനെ പഴയകാല പത്രപ്രവർത്തകരും ഫുട്ബാൾ പ്രേമികളും ഓർത്തെടുക്കുന്നുണ്ട്. മികച്ച കളിക്കാർക്ക് സ്വന്തമായി സമ്മാനങ്ങൾ കൊടുത്തും കാൽപന്തിനോടുള്ള തന്റെ പ്രണയം അയാൾ രേഖപ്പെടുത്തി.

കളിക്കാർക്കും കളിയെഴുത്തുകാർക്കും മാധ്യമപ്രവർത്തകർക്കുമെല്ലാം പ്രിയപ്പെട്ടയാളായിരുന്നു ചന്ദ്രൻ. മൈതാനത്ത് പന്തിനുപിന്നാലെ പായുമ്പോഴും ഗാലറിയിലെ ആ കൊമ്പൻ മീശക്കാരൻ പകരുന്ന ആവേശത്തിലേക്ക് അറിയാതെ കളിക്കാരും കണ്ണെറിഞ്ഞുപോയിട്ടുണ്ട്.

കൊൽക്കത്തയിൽനിന്നും ഗോവയിൽനിന്നുമൊക്കെ കോഴിക്കോടിന്റെ മണ്ണിൽ കാൽപന്തു കളിക്കാനെത്തിയ പല കളിക്കാരെയും കെ.എൽ.ഡി 5373 എന്ന സ്വന്തം ഓട്ടോയിൽ കയറ്റി ചന്ദ്രൻ നഗരം കാണിച്ചുകൊടുത്തിട്ടുണ്ട്. ഇന്ദർസിങ്, സുബ്രതോ ഭട്ടാചാര്യ, ഐ.എം. വിജയൻ തുടങ്ങി പല കളിക്കാരുമായി വ്യക്തിബന്ധവുമുണ്ടായിരുന്നു.

ലോകകപ്പ് ഫുട്ബാളിന്റെ ആരവമുണരുന്ന കാലങ്ങളിലെല്ലാം മാധ്യമങ്ങൾ മുറതെറ്റാതെ തോപ്പയിലെ ചന്ദ്രന്റെ വീട്ടിലെത്തി വിശേഷങ്ങളും വിലയിരുത്തലുകളും പങ്കുവെച്ചിരുന്നു. ഏറ്റവും അടുത്ത് ലോകകപ്പിന്റെ ഒച്ചയും ആവേശവും നുരയുമ്പോൾ ഇക്കുറി അത് പകർന്നെടുക്കാൻ 'ഓട്ടോ ചന്ദ്രൻ' എന്ന ഏറ്റവും വലിയ ഫുട്ബാൾ കാണി ഇല്ലാതായിരിക്കുന്നു. 

Tags:    
News Summary - auto Chandran-football lover-qatar world cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.