ദോഹ: അൽജനൂബ് സ്റ്റേഡിയത്തിൽ ഡെന്മാർക്കിന്റെയും എഡ്യുകേഷൻ സിറ്റി സ്റ്റേഡിയത്തിൽ തുനീഷ്യയുടെയും കണ്ണീർ വീഴ്ത്തി ആസ്ട്രേലിയൻ പടയോട്ടം. നിർണായക മത്സരത്തിൽ ഡാനിഷ് പടയെ നേരിട്ട സോക്കറൂസ് എതിരില്ലാത്ത ഒരു ഗോളിന്റെ വിജയ കാഹളം മുഴക്കി പ്രീക്വാർട്ടറിലേക്ക് ഓടിക്കയറി . 2006 ലാണ് ആദ്യമായും അവസാനമായും ആസ്ട്രേലിയ ലോകകപ്പ് ഗ്രൂപ്പ് ഘട്ടം കടന്നത്. ടൂർണമെന്റിന്റെ കറുത്ത കുതിരകളാകുമെന്ന് വിലയിരുത്തപ്പെട്ട ഡെന്മാർക്ക് ടൂർണമെന്റിൽ നിന്നും മടങ്ങുന്നത് ഒരു വിജയം പോലും കീശയിലില്ലാതെയാണ്.
ഭൗമശാസ്ത്രപരമായി ഏഷ്യയുടെ ഭാഗമല്ലെങ്കിലും ഏഷ്യ ഫുട്ബാൾ കോൺഫെഡറേഷന്റെ ഭാഗമായാണ് ആസ്ട്രേലിയ ലോകകപ്പ് കളിക്കുന്നത്. ആദ്യ മത്സരത്തിൽ ഫ്രാൻസിനോട് ഒന്നിനെതിരെ നാലുഗോളുകൾക്ക് കീഴടങ്ങിയ സോക്കറൂസുകാർ രണ്ടാം മത്സരത്തിൽ തുനീഷ്യയെ ഏകപക്ഷീയമായ ഒരുഗോളിന് തോൽപ്പിച്ചിരുന്നു. ഡെന്മാർക്കിനെതിരായ വിജയത്തോടെ ഫ്രാൻസിനും ആസ്ട്രേലിയക്കും 6 പോയന്റ് വീതമായി. ഗോൾ ശരാശരിയിൽ ഫ്രാൻസ് തന്നെയാണ് ഗ്രൂപ്പ് ചാമ്പ്യൻമാർ. തുനീഷ്യക്ക് നാലും ഡെന്മാർക്കിന് ഒരു പോയന്റുമാണ് സമ്പാദ്യം.
64ാം മിനിറ്റിലാണ് സോക്കറൂസ് കാത്തിരിരുന്ന നിമിഷമെത്തിയത്. മക്രി നൽകിയ പന്തുമായി ഓടിക്കയറിയ മാത്യൂ ലെക്കീ ഡാനിഷ് ഡിഫർഡർമാരെ കബളിപ്പിച്ച് പോസ്റ്റിന്റെ വലതുമൂലയിലേക്ക് പന്ത് തിരിച്ചുവിട്ടു. ഗോളി ഷി മൈക്കലിന് ഗോൾ നോക്കി നിൽക്കാനേ ആയുള്ളൂ.
ഗോൾ വീണതോടെ ഓസീസ് പ്രതിരോധം പൊളിച്ച് ഓടിക്കയറാൻ ഡെന്മാർക്ക് കഠിന ശ്രമം തുടങ്ങിയെങ്കിലും ഗോൾ വീണാലുള്ള പ്രത്യാഘാതം അറിയുന്ന കംഗാരുക്കൾ പോസ്റ്റിനുള്ളിൽ വട്ടമിട്ട് നിന്നു. കളിയുടെ സിംഹഭാഗവും പന്ത് കൈവശം വെച്ചിട്ടും ലക്ഷ്യത്തിലേക്ക് കൂടുതൽ ഷോട്ടുതിർത്തിട്ടും ഗോളൊന്നും നേടാതെയാണ് ഡാനിഷുകാർ മത്സരം പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.