സൗദി താരം സാലിഹ് അൽ ഷെഹ്രിയുടെ വിജയാഹ്ലാദം

സൂപ്പർ സൗദി; നാണംകെട്ട് അർജന്‍റീന (2-1)

ദോഹ: ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിൽ അർജന്‍റീനയെ വിറപ്പിച്ച് സൗദി അറേബ്യക്ക് ആദ്യ ജയം. അഞ്ച് മിനിറ്റിനുള്ളിൽ തുടരെ രണ്ട് ഗോളുകൾ പായിച്ചാണ് സൗദി താരങ്ങൾ അർജന്‍റീനയുടെ വല കുലുക്കിയത്. 48-ാം മിനിറ്റിൽ സാലിഹ് അൽ ശെഹ്രിയാണ് ആദ്യ ഗോളടിച്ചത്. 53-ാം മിനിറ്റിൽ സലിം അൽ ദൗസറി രണ്ടാമത് ഗോൾ നേടി വ്യക്തമായ ലീഡിൽ ടീമിനെ സുരക്ഷിതമാക്കി.

സൂപ്പർ താരം ലയണൽ മെസിയുടെ പെനാൽറ്റിയിലാണ് അർജന്‍റീനയുടെ ഏക ആശ്വാസ ഗോൾ പിറന്നത്. പരെഡെസിനെ ബോക്‌സിനകത്ത് വെച്ച് അല്‍ ബുലയാഹി ഫൗള്‍ ചെയ്തതിനാണ് റഫറി അര്‍ജന്‍റീനക്ക് പെനാല്‍ട്ടി വിധിച്ചത്. ഈ പെനാൽറ്റി പാഴാക്കാതെ 10-ാം മിനിറ്റിൽ മെസി സൗദി ഗോൾവല ചലിപ്പിച്ചു.


മത്സരം തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ മെസി സൗദി ഗോൾ പോസ്റ്റിലേക്ക് ഷോട്ട് ഉതിർത്ത് തുടങ്ങി. 21-ാം മിനിറ്റിൽ അർജന്‍റീനയുടെ ഗോമസ് നടത്തിയ ഗോൾ ശ്രമം വിജയിച്ചില്ല. 27-ാം മിനിറ്റിൽ ലൗട്ടാറോ മാർട്ടിനെസിലൂടെ അർജന്‍റീന എതിരാളിയുടെ വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.

42-ാം മിനിറ്റിൽ ഡി പോളും മാർട്ടിനെസും നടത്തിയ ശ്രമങ്ങളിലും ഗോൾ പിറന്നില്ല. എന്നാൽ, 45-ാം മിനിറ്റിൽ പരിക്കേറ്റ സൽമാൻ അൽ ഫറജിന് പകരം നവാഫ് അൽ ആബിദിനെ സൗദി കളത്തിലിറക്കി.


59-ാം മിനിറ്റിൽ അർജന്‍റീന മൂന്നു പേരെ മാറ്റിയിറക്കി. ക്രിസ്ത്യൻ റെമോറോക്ക് പകരം ലിസാൻഡ്രോ മാർട്ടിനെസും അലജാൻഡ്രിയ ഗോമസിന് പകരം ജുലിയൻ അൽവാരസിനെയും ലിയാൻഡ്രോ പർദേസിന് പകരം എൻസോ ഫർണാണ്ടസുമാണ് പകരമിറങ്ങിയത്.

67-ാം മിനിറ്റിൽ മത്സരത്തിലെ ആദ്യ മഞ്ഞ കാർഡ് സൗദി താരം അബ്ദുല്ല അൽ മാലികിക്ക് കിട്ടി. 69-ാം മിനിറ്റിൽ മാർട്ടിനെസ് വീണ്ടും നടത്തിയ നീക്കം ഫലം കണ്ടില്ല. 71-ാം മിനിറ്റിൽ നികോളസ് തഗിയഫികോയെ മാറ്റി മാർകോസ് അകുനയെ അർജന്‍റീന കളത്തിലിറക്കി പരീക്ഷിച്ചു.


75-ാം മിനിറ്റിലും 79-ാം മിനിറ്റിലും 82 മിനിറ്റിലും സൗദിയുടെ അലി അൽ ബുലയിക്കും സലിം അൽ ദവാസരിക്കും സൗദ് അബ്ദുൽ ഹമീദും മഞ്ഞ കാർഡ് കിട്ടി. 78-ാം മിനിറ്റിൽ സാലിഹ് അൽ ഷെഹ്രിയെ തിരിച്ചു വിളിച്ച് സുൽത്താൻ അൽഘാനത്തെ ഇറക്കി സൗദി പ്രതിരോധം ശക്തമാക്കി.

84-ാം മിനിറ്റിൽ മെസി ഹെഡ്ഡറിലൂടെ നടത്തിയ ഗോൾ ശ്രമം സൗദി ഗോളിയുടെ കൈയിൽ അവസാനിച്ചു. 88-ാം മിനിറ്റിൽ സൗദി താരം നവാഫ് അൽ ആബിദിന് മഞ്ഞ കാർഡ് കിട്ടി. കളി അവസാനത്തിലേക്ക് കടന്നതോടെ 89-ാം മിനിറ്റിൽ സൗദി രണ്ട് താരങ്ങളെ മാറ്റി പരീക്ഷിച്ചു. നവാഫ് അൽ ആബിദിന് പകരം അബ്ദുല്ല അൽ അംറിയും ഫെരസ് അൽ ബ്രികന് പകരം ഹൈത്തം അസിരിയുമാണ് ഇറങ്ങിയത്.


മത്സരം 90 മിനിറ്റ് പൂർത്തിയാക്കി ഇഞ്ചുറി ടൈമിലേക്ക് കടന്നതോടെ സൗദിയുടെ മുഹമ്മദ് അൽ ഉവൈസിന് മഞ്ഞ കാർഡ് കിട്ടി. സ്വന്തം ഗോളിയുമായി കൂട്ടിയിടിച്ച സൗദി താരം യാസർ അൽ ഷെഹ് രാനിക്ക് മുഖത്തിന് പരിക്കേറ്റു. യാസറിനെ തിരികെ വിളിച്ച് മുഹമ്മദ് അൽ ബുറയ്ക്കിനെ പകരമിറക്കി. സൗദി വിജയിച്ചതോടെ ലോകം കാത്തിരുന്ന മത്സരത്തിൽ ലുസൈൽ സ്റ്റേഡിയം ഇളകി മറിഞ്ഞു.

Tags:    
News Summary - Argentina one goal lead against saudi arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.