കൈകൊടുത്തും തലതടവിയും ആദ്യം അനുമോദനം; പിന്നെ ചുവപ്പുകാർഡ് -കാമറൂണിനെ ജയിപ്പിച്ച് മടങ്ങുന്ന വിൻസന്‍റ് അബൂബക്കറിനോട് റഫറി ചെയ്തത്..

ഒട്ടും അപകടം മണക്കാതൊരു കളിയിൽ, ലോകകപ്പിന് താൻ തെരഞ്ഞെടുത്ത 26 പേരും ഒരുപോലെ യോഗ്യരെന്ന ബോധ്യത്തിൽ കളിക്കാൻ വിട്ട ഇലവനായിരുന്നു ടിറ്റെയുടെ ബ്രസീൽ. കഴിഞ്ഞ രണ്ടു കളികളിലും ഒരു ഗോളവസരം പോലും ബ്രസീൽ ഗോളിയെ പരീക്ഷിച്ചിരുന്നില്ല. വെറുതെ വല കാത്തു'മടുത്ത' അലിസണു പകരം ഗ്രൂപിലെ അവസാന മത്സരത്തിൽ കാമറൂണിനെതിരെ ഇറങ്ങിയത് എഡേഴ്സൺ.

ഏകദേശം എല്ലാവരും പുതുമുഖങ്ങൾ. എല്ലാം കണക്കുകൂട്ടിയ പോലെയാകുമായിരുന്ന കളി അവസാനിക്കാനിരിക്കെയായിരുന്നു അതിവേഗമുള്ള കാമറൂൺ നീക്കം ഗോളിയെയും കടന്ന് ബ്രസീൽ വല ചലിപ്പിച്ചത്. സ്വന്തം ഹാഫിൽനിന്ന് തുടങ്ങി വലതു വിങ്ങിലൂടെ തുടർന്ന് ബോക്സിലേക്കു നീട്ടിക്കിട്ടിയ പന്തിലായിരുന്നു എല്ലാം തകിടം മറിച്ച ഗോൾ. ബ്രസീൽ പ്രതിരോധത്തിനിടയിൽ നിന്ന വിൻസെന്റ് അബൂബക്കർ തലവെക്കുമ്പോൾ ഒന്നു കൈനീട്ടാൻ പോലുമാകുമായില്ല എഡേഴ്സണ്.

ഈ ലോകകപ്പിൽ ബ്രസീലിനെതിരെ ആദ്യ ഗോളായിരുന്നു ഇഞ്ച്വറി സമയത്ത് കാമറൂണും വിൻസന്റ് അബൂബക്കറും നേടിയത്. ലോകകപ്പ് ചരിത്രത്തിൽ സെലിക്കാവോകൾക്കെതിരെ ആഫ്രിക്കക്കാരുടെ ആദ്യ ജയം, ആദ്യ ഗോളും. മുമ്പ് ഗോൾ നേടിയതിനു പിന്നാലെ ചുവപ്പുകാർഡ് കിട്ടി കളംവിടേണ്ടിവന്ന സിനദിൻ സിദാനു ശേഷം അതേ അനുഭവത്തിന്റെ ആദ്യ ആവർത്തനം.

കളിയിൽ ബ്രസീലിനു തന്നെയായിരുന്നു മേൽക്കൈ. പന്തിന്റെ നിയന്ത്രണം 65 ശതമാനവും കൈവശം വെച്ചത് സാംബ സംഘം. ഗോളിലേക്ക് പായിച്ചത് ഏഴു ഷോട്ടുകൾ. പാസുകൾ 541. എന്നാൽ, മൂന്നു തവണ മാത്രം ഗോളിലേക്ക് ലക്ഷ്യം വെച്ച ആഫ്രിക്കക്കാർ അതിലൊന്ന് വലക്കകത്താക്കി.

ഗോൾ അടിച്ചത് ബ്രസീലിനെതിരെയായതിനാൽ വിൻസെന്റ് അബൂബക്കറിന് ആഘോഷിക്കാതിരിക്കാനായില്ല. ജഴ്സി വലിച്ചുകീറി മൈതാനത്തെറിഞ്ഞ താരത്തിന്റെ ആഹ്ലാദപ്രകടനം തീരുവോളം കാത്തിരുന്നായിരുന്നു റഫറി എത്തിയത്. ഗോളടിച്ചതിന് ആദ്യം കൈ കൊടുത്തും തലയിൽ കൈവെച്ചും അനുമോദിച്ച റഫറി പിന്നീട് കാർഡും കാണിച്ചു. നേരത്തെ ഒരു മഞ്ഞക്കാർഡ് കണ്ടതിനാൽ രണ്ടാം മഞ്ഞ കിട്ടിയ താരത്തിന് പുറത്തേക്ക് വഴി കാണിച്ച് ചുവപ്പു കാർഡും റഫറി പൊക്കി. ചിരിച്ചുകൊണ്ട് താരം മൈതാനം വിടുകയും ചെയ്തു. 

Tags:    
News Summary - Aboubakar’s late winner for Cameroon and Referee's Red Card

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.