ബിൻ അലിയിൽ മിന്നലാക്രമണത്തിന് ജപ്പാൻ; ലക്ഷ്യം പ്രീ ക്വാർട്ടർ മാത്രം

ഖത്തറിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ഇന്ന് കോസ്റ്റാറിക്കയെ നേരിടാനിറങ്ങുന്ന ജപ്പാന് ​ഒരേയൊരു ലക്ഷ്യം മാത്രം. എതിരാളികളായ കോസ്റ്റാറിക്കയെ തകർത്ത് ലോകകപ്പിലെ പ്രീ ക്വാർട്ടറിലേക്ക് മുന്നേറുക. കരുത്തരായ ജര്‍മനിക്കെതിരെ ആദ്യമല്‍സരത്തില്‍ നേടിയ ത്രസിപ്പിക്കുന്ന ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഏഷ്യൻ കരുത്തരായ ജപ്പാൻ. ഇന്ത്യന്‍ സമയം 3.30നാണ് മത്സരം.

വേഗതയാണ് കളിമൈതാനത്ത് ജപ്പാനെ വേറിട്ട് നിർത്തുന്നത്. ആദ്യ കളിയിൽ മൂര്‍ച്ചയും കൃത്യതയും ഉള്ള ആക്രമണശൈലിയും അവർ പുറത്തെടുത്തു. രണ്ടുംകൂടിച്ചേരുമ്പോൾ കോസ്റ്റാറിക്കയ്ക്ക് ബിൻ അലിയിൽ പിടിപ്പത് പണിയുണ്ടാകുമെന്നത് തീർച്ചയാണ്. ജര്‍മനിയ്ക്കെതിരെ ഗോള്‍ നേടാനാകാത്തതിന്റെ ക്ഷീണം സുപ്പര്‍ താരം ടകുമി മിനാമിനോ കോസ്റ്റാറിക്കക്കെതിരെ തീര്‍ക്കുമെന്ന പ്രതീക്ഷയിലുമാണ് ജപ്പാന്‍.

സ്പെയിനെതിരെ ഗോള്‍ വാങ്ങിക്കൂട്ടിയതിന്റെ നിരാശയിലാണ് കോസ്റ്റാറിക്ക. ലോകകപ്പ് പ്രതീക്ഷ നിലനിര്‍ത്തണമെങ്കില്‍ അവര്‍ക്കിന്നു ജയിക്കണം. മറിച്ചാണെങ്കില്‍ കോസ്റ്റാറിക്കന്‍ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകളും അതോടെ അവസാനിക്കും. ആദ്യ കളിയിൽ ഏഴുഗോളിനാണ് കോസ്റ്റാറിക്ക സ്പെയിനോട് തകര്‍ന്നത്. ആത്മവിശ്വാസം ചോര്‍ന്നുനില്‍ക്കുന്ന കോസ്റ്റാറിക്കയെ നേരിടുമ്പോള്‍ അതുകൊണ്ട് ഏഷ്യന്‍ ശക്തികളുടെ മനോവീര്യം ഇരട്ടിയാകും. ജര്‍മനിക്കെതിരെ പ്രകടിപ്പിച്ച മികവ് കോസ്റ്റാറിക്കക്കെതിരെയും പുറത്തെടുത്താല്‍ ഗ്രൂപ്പ് ഇ യില്‍ നിന്ന് അന്തിമ 16ലെത്തുന്ന ഒരു ടീം ജപ്പാന്‍ ആയേക്കാം.

Tags:    
News Summary - ‘A historic moment’: Japanese World Cup hopes surge ahead of crucial Costa Rica match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.