ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന അർജന്റീന -മെക്സിക്കോ മത്സരത്തിനായി നിറഞ്ഞു കവിഞ്ഞ ഗാലറി
ദോഹ: മുൻകാല ലോകകപ്പുകളുടെ ഗാലറിക്കണക്കുകളെയും മറികടന്ന് ബോക്സോഫീസ് ഹിറ്റായി കുതിക്കുകയാണ് ഖത്തർ ലോകകപ്പ്. ഗ്രൂപ്പ് റൗണ്ട് മത്സരങ്ങൾ സമാപിച്ചതിനു പിന്നാലെ ഗാലറിയിലെത്തിയ കാണികളുടെ കണക്കുകൾ അധികൃതർ പുറത്തു വിട്ടപ്പോൾ 2018 റഷ്യയെയും മറികടന്ന് ഖത്തർ ലോകകപ്പ് ലോകം ഏറ്റെടുത്തു.
24.5 ലക്ഷം പേരാണ് എട്ട് സ്റ്റേഡിയങ്ങളിലായി 32 ടീമുകളുടെ ഗ്രൂപ്പ് മത്സരങ്ങൾക്ക് ഇതുവരെ എത്തിയത്. 48 മത്സരങ്ങളോടെ ഗ്രൂപ്പ് റൗണ്ട് പൂർത്തിയായപ്പോഴുള്ള കണക്കാണിത്. റഷ്യയിലെ ഗ്രൂപ്പ് റൗണ്ടിൽ ആകെ പ്രവേശിച്ചത് 21. 7 ലക്ഷം പേരായിരുന്നു. ഗ്രൂപ്പ് റൗണ്ടിൽ ഏറ്റവും കൂടുതൽ കാണികൾ സ്റ്റേഡിയത്തിൽ എത്തിയ ലോകകപ്പ് എന്ന റെക്കോഡാണ് ഇതോടെ ഖത്തർ സ്വന്തമാക്കിയത്.
1994 മുതലുള്ള ഗ്രൂപ്പ് റൗണ്ട് കണക്കുകളെയെല്ലാം അട്ടിമറിച്ചാണ് ലുസൈൽ സ്റ്റേഡിയത്തിലെ അർജൻറീന -മെക്സികോ മത്സരം റെക്കോഡ് കുറിച്ചത്. മൂന്നു പതിറ്റാണ്ടിനിടെ ഗ്രൂപ്പ് റൗണ്ടിൽ ഏറ്റവും കൂടുതൽ കാണികൾ ഗാലറിയിലെത്തിയ മത്സരമായി ഇത്. 80,000 ഇരിപ്പിട ശേഷിയായി പരിമിതപ്പെടുത്തിയ ഗാലറിയിൽ 88,966 കാണികളാണ് ഇടം പിടിച്ചത്. നവംബർ 26 ന് നടന്ന മത്സരത്തിൽ അർജൻറീനക്കും മെക്സികോക്കും ഗ്രൂപ്പിലെ മേധാവിത്വം സ്ഥാപിക്കാൻ ജയം അനിവാര്യമായതിനാൽ മത്സരത്തിന് വാശിയും കൂടി. ഇരു രാജ്യങ്ങളിൽ നിന്നും ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്നുമായി കാണികൾ ഒഴുകിയെത്തിയതോടെ കണക്കുകൾ ചരിത്രത്തിൽ ഇടം പിടിച്ചു. മത്സരത്തിൽ അർജൻറീന 2-0ത്തിന് മെക്സികോയെ തോൽപിച്ചിരുന്നു.
ഏഷ്യ, യൂറോപ്പ്, തെക്കൻ അമേരിക്ക, വടക്കൻ അമേരിക്ക, ആഫ്രിക്ക തുടങ്ങി എല്ലാ വൻകരകളിൽ നിന്നും പ്രീക്വാർട്ടറിൽ ടീമുകളുടെ പങ്കാളിത്തമുണ്ടായി. ദക്ഷിണ കൊറിയ, ജപ്പാൻ, ആസ്ട്രേലിയ ടീമുകളാണ് ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷനിൽ നിന്നും ലോകകപ്പ് പ്രീക്വാർട്ടറിലെത്തിയത്. ആഫ്രിക്കയിൽ നിന്നും മൊറോക്കോ, സെനഗാൾ. കോൺകകാഫിൽ നിന്നും അമേരിക്ക, തെക്കനമേരിക്കയിൽ നിന്നും അർജൻറീന, ബ്രസീൽ. യൂറോപ്പിൽ നിന്നും സ്വിറ്റ്സർലൻഡ്, പോർചുഗൽ, സ്പെയിൻ, പോളണ്ട്, ഫ്രാൻസ്, ഇംഗ്ലണ്ട്, ക്രൊയേഷ്യ, നെതർലൻഡ്സ് എന്നിവരാണ് പ്രീക്വാർട്ടറിലെ യൂറോപ്യൻ സാന്നിധ്യം.
മൂന്ന് ഏഷ്യൻ ടീമുകൾ പ്രീക്വാർട്ടർ കളിക്കുന്നത് ആദ്യം. 2002, 2010 ലോകകപ്പുകളിൽ രണ്ട് ഏഷ്യൻ രാജ്യങ്ങൾ മാത്രമാണ് നോക്കൗട്ട് കടന്നത്.
ഏറ്റവും കൂടുതൽ കാണികളെത്തിയത് സൗദിയിൽ നിന്നാണ്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം ലോകകപ്പിനായി 77,000 സൗദി കാണികൾ ഖത്തറിലെത്തി. രണ്ടാം സ്ഥാനത്തായി ഇന്ത്യക്കാരുമുണ്ട്. 56,893പേരാണ് ഇന്ത്യയിൽ നിന്നും ലോകകപ്പ് കാണാനായി ദോഹയിലെത്തിയത്. പ്രീക്വാർട്ടർ, നോക്കൗട്ട് സ്റ്റേജുകളിൽ കൂടുതൽ കാണികളെ വിവിധ രാജ്യങ്ങളിൽ നിന്നായി പ്രതീക്ഷിക്കുന്നു. അമേരിക്ക, മെക്സികോ, ബ്രിട്ടൻ, അർജൻറീന, ഈജിപ്ത്, ഇറാൻ, മൊറോക്കോ, സുഡാൻ എന്നിങ്ങനെയാണ് ആദ്യപത്തിലുള്ള മറ്റു രാജ്യങ്ങൾ.
ലോകകപ്പിനായി ഇതുവരെയെത്തിയ കാണികളിൽ 55ശതമാനവും ആദ്യ പത്തിലുള്ള രാജ്യങ്ങളിൽ നിന്നാണെന്ന് ഖത്തർടൂറിസം ചീഫ് ഓപറേറ്റിങ് ഓഫീസർ ബ്രെതോൾഡ് ട്രെങ്കൽ കഴിഞ്ഞ ദിവസം പറഞ്ഞു.
ലോകകപ്പിനായി ഖത്തറിൽ എത്തിയവരിൽ 11 ശതമാനം സൗദിയിൽ നിന്നുള്ളവരാണ്. ഒമ്പത് ശതമാനമാണ് ഇന്ത്യക്കാരുടെ പങ്കാളിത്തം. അമേരിക്ക ഏഴ്, മെക്സികോ, ബ്രിട്ടൻ ആറ് ശതമാനം, അർജൻറീന (നാല്), ഈജിപ്ത്, ഇറാൻ, മൊറോക്കോ, സുഡാൻ(മൂന്ന്) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിൽ നിന്നുള്ള കാണികളുടെ വരവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.