പുതിയ റൊമാരിയോ ലിവര്‍പൂളിലേക്ക്! യുര്‍ഗന്‍ ക്ലോപ് യുവതാരത്തെ എവിടെ കളിപ്പിക്കും

ബ്രസീല്‍ ഫുട്‌ബോള്‍ ലേഖകനും നിരീക്ഷകനുമായ വാഗ്നര്‍ വെലോസോ ഒരു വിവരം പുറത്തുവിട്ടു. പത്തൊമ്പത് വയസുള്ള സാന്റോസ് സ്‌ട്രൈക്കര്‍ മാര്‍കോസ് ലിയോനാര്‍ഡോയെ ഒരു ഇംഗ്ലീഷ് ക്ലബ്ബ് വാങ്ങിക്കഴിഞ്ഞു! ഇതേതാരത്തെ കുറിച്ച് ടി.വി അവതാരകനായ മില്‍ട്ടന്‍ നെവസ് ഒന്നുകൂടി കടന്ന് പറഞ്ഞു: ലിയോനാര്‍ഡോ പോകുന്നത് ലിവര്‍പൂളിലേക്കാണ്! ബ്രസീലിയന്റെ യുവപ്രതിഭയെ ചുറ്റിപ്പറ്റി ട്രാന്‍സ്ഫര്‍ കഥകള്‍ ഇപ്പോള്‍ ധാരാളം.

ഏതായാലും യൂറോപ്പിലെ ക്ലബ്ബുകള്‍ ലിയോനാര്‍ഡോക്ക് പിന്നാലെയാണ്. പെലെ കളിച്ച സാന്റോസില്‍ നിന്ന് മറ്റൊരു പ്രതിഭയുടെ ഉദയം. കഴിഞ്ഞ സീസണില്‍ 29 ലീഗ് മത്സരങ്ങളില്‍ നിന്ന് 12 ഗോളുകളാണ് ലിയോ സ്‌കോര്‍ ചെയ്തത്. 2020 ലാണ് സാന്റോസിന്റെ സീനിയര്‍ ടീമില്‍ ലിയോ അരങ്ങേറിയത്. ആദ്യ വര്‍ഷം അഞ്ച് ഗോളുകള്‍, രണ്ടാം വര്‍ഷം ഏഴ് ഗോളുകള്‍, മൂന്നാം സീസണില്‍ പന്ത്രണ്ട് ഗോളുകള്‍. സ്ഥിരതയാര്‍ന്ന പ്രകടനം ലിയോയുടെ മുഖമുദ്രയാണ്.

ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം റൊമാരിയോയുമായിട്ടാണ് ലിയോനാര്‍ഡോയെ താരതമ്യപ്പെടുത്തുന്നത്. എന്നാല്‍ ലിയോയുടെ ബാല്യകാല ഹീറോ റികാര്‍ഡോ ഒലിവേറയാണ്. റൊമാരിയോ, അഡ്രിയാനോ, ലൂയിസ് സുവാരസ്, റൊണാള്‍ഡോ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരെയും ലിയോ ആരാധിക്കുന്നു.

റികാര്‍ഡോ ഒലിവേറ

സദിയോ മാനെ, ഡിവോക് ഒറിഗി, തകുമി മിനാമിനോ എന്നിവര്‍ ലിവര്‍പൂള്‍ വിട്ടെങ്കിലും അഞ്ച് ഫോര്‍വേഡുകള്‍ ഇപ്പോഴും ആന്‍ഫീല്‍ഡ് ക്ലബ്ബിനൊപ്പമുണ്ട്. മുഹമ്മദ് സല കരാര്‍ പുതുക്കിയത് ലിവര്‍പൂളിന് വലിയ ആശ്വാസമാണ്. ലൂയിസ് ഡയസ്, ഡിയഗോ ജോറ്റ, റോബര്‍ട്ട് ഫിര്‍മിനോ എന്നിവരും ടീമിലുണ്ട്. ലിയോനാര്‍ഡോ ലിവര്‍പൂളില്‍ ചേര്‍ന്നാലും പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ കുറഞ്ഞ സമയം മാത്രമാകും ലഭിക്കുക. അടുത്ത വര്‍ഷം കരാര്‍ പൂര്‍ത്തിയാകുന്ന ഫിര്‍മിനോക്ക് പകരക്കാരനായി ഒരു താരത്തെ കോച്ച് യുര്‍ഗന്‍ ക്ലോപിന് വളര്‍ത്തിക്കൊണ്ടു വരേണ്ടതുണ്ട്. ആ സ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യനാണ് സാന്റോസ് താരം.

Tags:    
News Summary - Marcos Leonardo to Liverpool

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT