ഫിഫ അണ്ടർ-17 ലോകകപ്പ്; ടീമുകൾ എത്തിത്തുടങ്ങി

ദോഹ: കൗമാര കാല്പന്തുത്സവമായ ഫിഫ അണ്ടർ -17 ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകൾ എത്തിത്തുടങ്ങി. നവംബർ 19 മുതൽ ഡിസംബർ 13 വരെ നടക്കുന്ന ടൂർണമെന്റിൽ 48 ടീമുകളാണ് മാറ്റുരക്കുന്നത്. 25 ദിവസങ്ങളിലായി ആകെ 104 മത്സരങ്ങൾക്കാണ് വേദിയൊരുങ്ങുന്നത്. സൗദി അറേബ്യ, കാമറൂൺ, ചൈന, ന്യൂ കാലിഡോണിയ, ഹോണ്ടുറാസ്, ന്യൂസിലൻഡ്, വിയറ്റ്നാം, ദക്ഷിണ കൊറിയ, കോസ്റ്ററിക്ക എന്നീ ടീമുകൾ ഇതിനോടകം ഖത്തറിൽ എത്തിയിട്ടുണ്ട്. ബാക്കിയുള്ള ടീമുകൾ അടുത്ത ദിവസങ്ങളിലായി എത്തും. ദോഹയിലെത്തിയ ടീമുകൾ പരിശീലനങ്ങളിൽ സജീവമാണ്.

2029 വരെ തുടർച്ചയായ ഖത്തർ ആതിഥേയത്വം വഹിക്കുന്ന അണ്ടർ-17 ലോകകപ്പിന്റെ രണ്ടാമത്തെ എഡിഷനാണിത്. കഴിഞ്ഞ വർഷം അവതരിപ്പിച്ച 48 ടീമുകളുടെ വിപുലീകരിച്ച ഫോർമാറ്റിലാണ് ഇത്തവണയും മത്സരങ്ങൾ നടക്കുന്നത്. ഗ്രീസ്, മോണ്ടിനെഗ്രോ, മൊസാംബിക്, റൊമാനിയ, സെർബിയ, ടാൻസാനിയ, വിയറ്റ്നാം എന്നീ ഏഴ് രാജ്യങ്ങൾ ഇത്തവണ അണ്ടർ -17 ലോകകപ്പിൽ അരങ്ങേറ്റം കുറിക്കുന്നവരാണ്. കൂടാതെ, നീണ്ട 21 വർഷത്തെ ഇടവേളക്ക് ശേഷം ചൈന ടൂർണമെന്റിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

ആസ്പയർ സോണിലെ കോമ്പറ്റീഷൻ കോംപ്ലക്സിലാണ് ടൂർണമെന്റിലെ ഗ്രൂപ്പുഘട്ടം മുതലുള്ള മാച്ചുകൾ നടക്കുക. ഗ്രൂപ്പ് ഘട്ടത്തിലും റൗണ്ട് ഓഫ് 32-ലും പ്രതിദിനം എട്ട് മത്സരങ്ങൾ വരെ നടക്കും. കലാശപ്പോരാട്ടത്തിന് അഹമ്മദ് ബിൻ അലി സ്റ്റേഡിയം വേദിയാകും. നവംബർ 19 വ്യാഴാഴ്ച വൈകീട്ട് 6.30-ന് ആസ്പയർ സോണിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തർ പനാമയെ നേരിടും. അണ്ടർ 17 ലോകകപ്പിനുള്ള കൗണ്ട്ഡൗൺ ആരംഭിച്ചതോടെ, ഒരുക്കങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ അസ്പയർ സോണിലെ കോംപറ്റീഷൻ കോംപ്ലക്സ് സന്ദർശിച്ചു. ടൂർണമെന്റ് മൈതാനങ്ങൾ സന്ദർശിച്ച ഫിഫ പ്രസിഡന്റ്, ഖത്തറിന്റെ ലോകോത്തര കായിക അടിസ്ഥാന സൗകര്യങ്ങളെ പ്രശംസിക്കുകയും പ്രധാന അന്താരാഷ്ട്ര കായിക മാമാങ്കങ്ങൾ സംഘടിപ്പിക്കുന്നതിൽ രാജ്യത്തിനുള്ള മികച്ച ട്രാക്ക് റെക്കോർഡ് എടുത്തുപറയുകയും ചെയ്തു.

Tags:    
News Summary - FIFA U17 World Cup Preparations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.