ജയ്പുർ: 14ാം വയസ്സിൽ ഐ.പി.എല്ലിൽ വമ്പൻ പ്രകടനം കാഴ്ചവെച്ച് ആരാധകരുടെ മനസ്സിൽ ഇടം നേടിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവംശി. ലഖ്നോ സൂപ്പർ ജയന്റ്സിനെതിരെ 20 പന്തിൽ രണ്ട് ഫോറും മൂന്ന് സിക്സറും സഹിതം 34 റൺസടിച്ച കൗമാരക്കാരൻ വരാനിരിക്കുന്നത് തന്റെ ദിനങ്ങളാണെന്ന സൂചന നൽകിയാണ് മൈതാനം വിട്ടത്. ആദ്യ പന്തിൽതന്നെ സിക്സറടിച്ചായിരുന്നു കുട്ടിതാരത്തിന്റെ അരങ്ങേറ്റം. വൈഭവ് പേടിയില്ലാത്ത കളിക്കാരനാണെന്ന് കോച്ച് മനീഷ് ഓജ പറയുന്നു. അവനൊരു ബ്രയാൻ ലാറ ആരാധകനാണ്. എന്നാൽ, ലാറ യുവരാജ് സിങ് മിക്സാണ് ബാറ്റിങ്ങെന്നും മനീഷ് ചൂണ്ടിക്കാട്ടി. ആക്രമണ രീതി യുവരാജിന്റേതിന് സമാനമാണ്. അക്കാദമികളിലെ മറ്റു കുട്ടികൾ ശരാശരി 50 പന്തുകളാണ് ഓരോ ദിവസം പരിശീലിക്കുമ്പോൾ നേരിടുക. എന്നാൽ, വൈഭവ് പ്രതിദിനം 600 പന്തുകൾ വരെ കളിച്ചിരുന്നുവെന്ന് മനീഷ് പറഞ്ഞു.
'വെള്ളിയാഴ്ച രാത്രിയാണ് വൈഭവിന് ടീം മാനേജ്മെന്റിന്റെ ഫോൺകാൾ വരുന്നത്. പരിശീലനത്തിനു ശേഷം ടീം ഹോട്ടലിലെത്തി രാത്രി ഒരു എട്ടു മണിയോടെ വൈഭവിന് രാജസ്ഥാൻ മാനേജ്മെന്റിൽനിന്നും ഫോൺ കാൾ വന്നു. ഐ.പി.എൽ കളിക്കാൻ ഒരുങ്ങിക്കോളൂവെന്ന്. അവൻ വളരെ സന്തോഷവാനായിരുന്നു. പരിശീലന സെഷന് ശേഷം എന്നെ വിളിച്ചിരുന്നു. ദ്രാവിഡ് സാറും മാനേജ്മെന്റും വിളിച്ചതായും ലഖ്നോവിനെതിരെ കളിക്കണം എന്നു പറഞ്ഞതായും അറിയിച്ചു. അവന് ടെൻഷനുണ്ടായിരുന്നു. സിക്സറടിക്കാൻ തോന്നിയാൽ മടിക്കേണ്ടതില്ലെന്ന് ഞാൻ പറഞ്ഞു. വൈഭവ് ഇന്നിങ്സ് ആരംഭിച്ച രീതി നമ്മൾ കണ്ടു. വരും മത്സരങ്ങളിൽ അവൻ വലിയ സ്കോറുകൾ നേടും. ക്രിക്കറ്റിനായി തന്റെ ഇഷ്ട ഭക്ഷണമായ പിസയും മട്ടനും വൈഭവ് ഒഴിവാക്കി. മട്ടൻ നൽകാറില്ല, ഡയറ്റ് പ്ലാൻ പ്രകാരം പിസയും ഡയറ്റ് ചാർട്ടിൽനിന്നൊഴിവാക്കി. അവനൊരു ചെറിയ കുട്ടിയാണ്. പിസ വലിയ ഇഷ്ടമാണ്. പക്ഷേ, അതു കഴിക്കാൻ പാടില്ല. മട്ടൻ എത്ര കൊടുത്താലും അതു മുഴുവൻ തീർക്കും. അതുകൊണ്ടാണ് അവൻ അൽപ്പം തടിച്ചിരിക്കുന്നത്' മനീഷ് ഓജ പറഞ്ഞു.
അതേസമയം, ലഖ്നോക്കെതിരെ രണ്ട് റൺസിന്റെ തോൽവി ഏറ്റുവാങ്ങിയ രാജസ്ഥാനെതിരെ വൻ വിമർശനമാണ് ആരാധകരിൽനിന്നടക്കം ഉയരുന്നത്. ഡൽഹി കാപിറ്റൽസിനെതിരായ കളിയിൽ ജയമുറപ്പിച്ചിരിക്കെ ടൈ വഴങ്ങി സൂപ്പർ ഓവറിൽ തോറ്റിരുന്നു രാജസ്ഥാൻ. കഴിഞ്ഞ ദിവസം ലഖ്നോക്കെതിരെയും ഗംഭീര തുടക്കത്തിനു ശേഷം ടീം പരാജയം ഇരന്നു വാങ്ങി. 181 റൺസ് പിന്തുടർന്ന റോയൽസിന് 178 റൺസ് നേടാനേ സാധിച്ചുള്ളൂ. അവസാന രണ്ട് ഓവറിൽ 20 റൺസ് മാത്രം മതിയെന്നിരിക്കെയായിരുന്നു തോൽവി. എട്ടിൽ ആറു കളികളിലും പരാജയം രുചിച്ചു രാജസ്ഥാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.