ഉത്തർപ്രദേശിൽനിന്നെത്തി മുംബൈയിൽ കളിച്ചുവളർന്ന യശസ്വി ജയ്സ്വാളിനെ 2020ലെ അണ്ടർ 19 ലോകകപ്പിലൂടെയാണ് ക്രിക്കറ്റ് ലോകം പരിചയപ്പെടുന്നത്.
ഇടങ്കൈയൻ ബാറ്ററുടെ കഴിവുകണ്ട് ഭാവി ഇന്ത്യൻ താരമെന്ന് അന്നുതന്നെ വിശേഷിപ്പിക്കപ്പെട്ടു. കഴിഞ്ഞ ഐ.പി.എല്ലിൽ താളം കണ്ടെത്താനായില്ലെന്ന നിരാശ, 21കാരനായ യശസ്വി ഇത്തവണ തിരുത്തി. ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അർധ സെഞ്ച്വറിയാണ് താരം ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നേടിയത്. 13 പന്തിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.
ആഭ്യന്തര ക്രിക്കറ്റിൽ ഒരു ഇരട്ട സെഞ്ച്വറിയടക്കം ആറു സെഞ്ച്വറികൾ നേടിയശേഷമാണ് ഇത്തവണ താരം ഐ.പി.എൽ കളിക്കാനെത്തിയത്. തന്‍റെ ഫോം ഐ.പി.എല്ലിലും തുടരാനായി. അതിവേഗ അർധ സെഞ്ച്വറിയിൽ കെ.എൽ. രാഹുലിനെയും പാറ്റ് കമ്മിൻസിനെയുമാണ് താരം മറികടന്നത്. ഇരുവരും 14 പന്തുകളിലാണ് അർധ സെഞ്ച്വറി നേടിയത്. ട്വന്റി20 ക്രിക്കറ്റിലെ വേഗമേറിയ രണ്ടാമത്തെ ഫിഫ്റ്റിയുമാണിത്.
കൊൽക്കത്ത നായകൻ നിതീഷ് റാണ എറിഞ്ഞ ആദ്യ ഓവറിൽ മൂന്നു ഫോറും രണ്ടു സിക്സും ഉൾപ്പെടെ യശസ്വി 26 റൺസാണ് അടിച്ചെടുത്തത്. ഐ.പി.എല്ലിൽ ആദ്യ ഓവറിൽ നേടുന്ന രണ്ടാമത്തെ ഏറ്റവും ഉയർന്ന സ്കോറാണിത്. രണ്ടാമത്തെ ഓവറിൽ ഓപ്പണറായ ജോസ് ബട്ലറെ നഷ്ടമായെങ്കിലും യശസ്വി ഒരു ഫോറും സിക്സും നേടി. ശാർദൂൽ ഠാകൂർ എറിഞ്ഞ മൂന്നാമത്തെ ഓവറിൽ മൂന്നു ഫോറും ഒരു സിംഗ്ളും നേടിയാണ് അർധ സെഞ്ച്വറിയിലെത്തിയത്.
ഫോം തുടരാനായാൽ അധികം വൈകാതെ തന്നെ യശസ്വിയെ ഇന്ത്യൻ ടീമിൽ കാണാനാകും. 2018ലെ ഐ.പി.എല്ലിലാണ് പഞ്ചാബ് കിങ്സ് താരമായിരുന്ന കെ.എൽ. രാഹുൽ ഡൽഹി കാപിറ്റൽസിനെതിരെ 14 പന്തിൽ അർധ സെഞ്ച്വറി കുറിച്ചത്. പാറ്റ് കമ്മിൻസ് 2022ൽ മുംബൈ ഇന്ത്യൻസിനെതിരെയും. മത്സരത്തിൽ യശസ്വി 47 പന്തിൽ 98 റൺസെടുത്ത് പുറത്താകാതെ നിന്നു. 13 ബൗണ്ടറിയും അഞ്ച് സിക്സുമടങ്ങുന്നതായിരുന്നു ജയ്സ്വാളിന്റെ പ്രകടനം.
നായകൻ സഞ്ജു സാംസൺ 29 പന്തിൽ 48 റൺസെടുത്തു. ഇരുവരുടെയും ബാറ്റിങ് മികവിൽ ആതിഥേയർ നിശ്ചയിച്ച 150 റൺസ് ലക്ഷ്യത്തിലേക്ക് ഒരു വിക്കറ്റ് നഷ്ടത്തിൽ 13.1 ഓവറിൽത്തന്നെ എത്തി രാജസ്ഥാൻ. ജയത്തോടെ 12 പോയന്റുമായി ടീം മൂന്നാം സ്ഥാനത്തേക്ക് കയറി പ്ലേ ഓഫ് സാധ്യത സജീവമാക്കി.
യശസ്വി ജയ്സ്വാൾ -13 പന്തിൽ (2023)
കെ.എൽ. രാഹുൽ -14 പന്തിൽ (2018)
പാറ്റ് കമ്മിൻസ് -14 പന്തിൽ (2022)
യൂസുഫ് പത്താൻ -15 പന്തിൽ (2014)
സുനിൽ നരെയ്ൻ -15 പന്തിൽ (2017)
നിക്കോളാസ് പൂരൻ -15 പന്തിൽ (2023)
സുരേഷ് റെയ്ന -16 പന്തിൽ (2014)
ഇഷാൻ കിഷൻ -16 പന്തിൽ (2021)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.