ദുബൈ: ലാഹോറിലെ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ആസ്ട്രേലിയ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിന്‍റെ സെമിയിലെത്തി. ഗ്രൂപ്പ് ബിയിൽ ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ എന്നിവരിൽ ഒരു ടീമിനാണ് ഇനി സെമിയിൽ എത്താനാകുക. ശനിയാഴ്ച നടക്കുന്ന ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക മത്സരത്തോടെ ചിത്രം തെളിയും. നിലവിൽ രണ്ടു മത്സരങ്ങളും തോറ്റ ഇംഗ്ലണ്ട് സെമി കാണാതെ പുറത്തായി.
ഇന്നത്തെ മത്സരത്തിൽ ദക്ഷിണാഫ്രിക്ക ജയിക്കുകയാണെങ്കിൽ അഞ്ചു പോയന്‍റുമായി അവർ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിലെത്തും. ഇംഗ്ലണ്ട് ജയിച്ചാൽ കാര്യങ്ങൾ സങ്കീർണമാകും. നിലവിൽ മൂന്നു മത്സരങ്ങളിൽനിന്ന് നാലു പോയന്‍റുമായി ഓസീസാണ് ഗ്രൂപ്പിൽ ഒന്നാമത്. പ്രോട്ടീസിനും അഫ്ഗാനും മൂന്നു പോയന്‍റ് വീതം. റൺ റേറ്റിൽ ദക്ഷിണാഫ്രിക്കയാണ് മുന്നിൽ. അങ്ങനെയെങ്കിൽ നെറ്റ് റൺ റേറ്റാണ് രണ്ടാം സ്ഥാനക്കാരെ തീരുമാനിക്കുക. നിലവിൽ അഫ്ഗാനേക്കാൾ റൺ റേറ്റിൽ ദക്ഷിണാഫ്രിക്ക ബഹുദൂരം മുന്നിലാണ്.
ഞായറാഴ്ച നടക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് മത്സരത്തിൽ ജയിക്കുന്നവർ ഗ്രൂപ്പ് എ ജേതാക്കളാകും. നിലവിൽ ഗ്രൂപ്പിൽ രണ്ടുപേർക്കും നാലു പോയന്‍റ് വീതമാണ്. നെറ്റ് റൺ റേറ്റിൽ കീവീസാണ് മുന്നിൽ. ഗ്രൂപ്പിൽ രോഹിത് ശർമയും സംഘവും ഒന്നാം സ്ഥാനക്കാരായാൽ സെമിയിൽ ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരുമായാണ് ഏറ്റുമുട്ടുക. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടൽ, സെമിയിൽ അവരാകും ഇന്ത്യയുടെ എതിരാളികൾ. വലിയ മാർജിനിൽ പ്രോട്ടീസ് തോറ്റാൽ അഫ്ഗാൻ രണ്ടാം സ്ഥാനക്കാരായി സെമിയിലെത്തും. അങ്ങനെയെങ്കിൽ അഫ്ഗാനുമായി ഇന്ത്യ ഏറ്റുമുട്ടും. ദക്ഷിണാഫ്രിക്ക ജയിച്ചാൽ, സെമിയിൽ ഇന്ത്യ ഓസീസുമായി ഏറ്റുമുട്ടും
കീവീസിനെതിരായ മത്സരം ഇന്ത്യ തോറ്റാൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരാകും. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടാൽ ഓസീസായിരിക്കും ഇന്ത്യയുടെ എതിരാളികൾ. ദക്ഷിണാഫ്രിക്ക ജയിച്ചാൽ അവർ ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനക്കാരാകും. സെമിയിൽ ഇന്ത്യയുടെ എതിരാളികളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.