വി​ജ​യ​റ​ൺ സി​ക്സ​റി​ലൂ​ടെ നേ​ടി​യ ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യെ വ​ണ​ങ്ങു​ന്ന ദി​നേ​ശ് കാ​ർ​ത്തി​ക്

നമിച്ചു! എമ്മാതിരി കോൺഫിഡൻസ് ലെവൽ

ദുബൈ: 'അവസാന ഓവറിൽ 15 റൺസ് വേണ്ടിയിരുന്നെങ്കിലും അടിച്ചെടുക്കാമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. കാരണം, എനിക്കെതിരെ പന്തെറിയുമ്പോൾ ബൗളർ സമ്മർദത്തിലാണെന്ന് നന്നായറിയാം.

പാകിസ്താന്‍റെ 10 ഫീൽഡർമാരും സർക്കിളിനു പുറത്ത് നിന്നാലും ഞാൻ സിക്സറിന് ശ്രമിക്കുമായിരുന്നു' -അവസാന ഓവറിലെ നാലാം പന്തിൽ പാകിസ്താനെ ഒന്നടങ്കം അതിർത്തി കടത്തിയശേഷം ഹാർദിക് പാണ്ഡ്യ പറഞ്ഞ വാക്കുകളാണിത്. ഇത് ഹാർദിക്കിന്‍റെ അഹങ്കാരമല്ല, കോൺഫിഡൻസാണെന്ന് താരത്തെ അറിയുന്ന ആരും പറയും.

ഒരുപക്ഷേ, അവസാന ഓവർ എറിയാനെത്തിയ മുഹമ്മദ് നവാസും ഇങ്ങനെയൊരു സിക്സർ പ്രതീക്ഷിച്ചിരുന്നിരിക്കാം. സ്പിന്നർമാരെ അനായാസം അതിർത്തികടത്തുന്ന ഹാർദിക്കിന്‍റെ സ്കിൽ നവാസും കണ്ടിട്ടുണ്ടാകുമല്ലോ.

ച്യൂയിംഗവും ചവച്ച് അവസാന ഓവറിലെ ഹാർദിക്കിന്‍റെ നിൽപും ഭാവവും കണ്ടാൽതന്നെ ഈ ആത്മവിശ്വാസം പ്രകടമായിരുന്നു. 'വാടാ മോനേ' എന്ന് ബൗളറോട് പറയുംപോലെ. മൂന്നു പന്തിൽ ആറു റൺസ് വേണ്ടപ്പോൾ ഒരു ബാറ്റ്സ്മാനിൽ കാണേണ്ട മുഖഭാവങ്ങളൊന്നും ഹാർദിക്കിൽ ദൃശ്യമായിരുന്നില്ല.

ദുബൈയിലെ നീലക്കടലിനെ ത്രസിപ്പിച്ച് രണ്ടു പന്ത് ബാക്കിനിൽക്കെ ലോങ് ഓണിന് മുകളിലൂടെ പറന്നുയർന്ന പന്ത് ഇന്ത്യൻ ആരാധകരുടെ ഹൃദയത്തിലേക്കാണ് പറന്നിറങ്ങിയത്. കഴിഞ്ഞ ലോകകപ്പിൽ ഇതേ മൈതാനത്ത് പാകിസ്താനിൽനിന്നേറ്റ തോൽവിക്കുള്ള തിരിച്ചടികൂടിയായിരുന്നു ഇന്ത്യൻ ജയം. പാകിസ്താൻ ബാറ്റിങ് നിരയെ വരിഞ്ഞുമുറുക്കിയതും ഹാർദിക്കിന്‍റെ പന്തുകളായിരുന്നു.

നാലു വർഷം മുമ്പത്തെ ഏഷ്യ കപ്പ് ഓർമയുണ്ടോ? അന്ന് ബൗളിങ്ങിനിടെ പരിക്കേറ്റ ഹാർദിക്കിനെ സ്ട്രച്ചറിലാണ് പുറത്തെത്തിച്ചത്. അതേ ഗാലറിക്കു മുന്നിലാണ് നാലു വർഷങ്ങൾക്കിപ്പുറം തലയുയർത്തി ഹാർദിക് മടങ്ങിയത്. ഈ ചിത്രം പങ്കുവെച്ച് ഹാർദിക് ഇന്നലെ ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു: 'തിരിച്ചടിയേക്കാൾ വലുതാണ് തിരിച്ചുവരവ്.'

ജയിച്ചെങ്കിലും ഇന്ത്യൻ ടീമിന്‍റെ ആദ്യ ഇലവനിൽ ആരാധകർ തൃപ്തരല്ല. ഈ വർഷം ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് വാരിക്കൂട്ടിയ ഋഷഭ് പന്തിനെ പുറത്തിരുത്തി ലോകേഷ് രാഹുലിനെ ഓപണറായി ഇറക്കുകയും ആദ്യ പന്തിൽ പുറത്താകുകയും ചെയ്തു. ഇടക്കിടെ മിന്നിത്തെളിയുന്ന ദിനേഷ് കാർത്തിക്കിനെയും ടീമിലെടുത്തു. പുകൾപെറ്റ ഇന്ത്യൻ ബാറ്റിങ്നിരയിൽ രോഹിത് ശർമ അടക്കമുള്ളവർ ഇഴഞ്ഞുനീങ്ങിയതും വിമർശനത്തിനിടയാക്കുന്നുണ്ട്. 

Tags:    
News Summary - what a confidence level

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.